Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യം പെൺപുലി,പിന്നെ നഗ്നസിനിമ ഇപ്പോൾ ശബരിമല; വിവാദമൊഴിയാതെ രഹ്ന

Rehana Fathima

തൃശൂർ പൂരത്തിന് തന്റെ നേതൃത്വത്തിൽ പെൺപുലികളെയിറക്കിക്കൊണ്ട് വാർത്തകളിൽ നിറഞ്ഞ രഹ്ന ഫാത്തിമ ഇപ്പോൾ മാധ്യമശ്രദ്ധ നേടുന്നത് ശബരിമല വിഷയത്തിലാണ്. ശബരിമലയിൽ യുവതിപ്രവേശനം ആകാമെന്ന സുപ്രീംകോടതി വിധിയെ അനുകൂലിച്ചുകൊണ്ട്  മാലയിട്ട് വ്രതമാരംഭിച്ചുവെന്ന വാർത്ത പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ രഹ്ന പോസ്റ്റ് ചെയ്ത ചിത്രം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. സഭ്യതയ്ക്കു നിരക്കാത്ത രീതിയിലുള്ള ചിത്രത്തിനെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ്  പ്രതിഷേധം വകവയ്ക്കാതെ മലകയറാനെത്തിയ രഹ്ന ഫാത്തിമയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. നടിയും മോഡലുമായ രഹ്ന ഫാത്തിമ ചുംബന സമരത്തിലെ സജീവ പ്രവർത്തകരിൽ ഒരാളായിരുന്നു. ശരീരത്തിന്റെ രാഷ്ട്രീയം പറയുന്ന ഏക എന്ന സിനിമയിൽ നഗ്നയായി അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളിൽ പ്രതിഷേധിച്ച്  മാറു തുറന്നു നടത്തിയ പ്രതിഷേധവും ദേശീയമാധ്യമങ്ങളുൾപ്പടെ റിപ്പോർട്ട് ചെയ്തിരുന്നു.

രഹ്ന ശബരിമലയിലേക്കെത്തുന്നു എന്ന് ഭർത്താവ് മനോജ് ശ്രീധർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എറണാകുളം പനമ്പള്ളി നഗറിലെ ബിഎസ്എൻഎൽ ക്വാർട്ടേഴ്സിൽ രഹ്ന താമസിക്കുന്ന വീടാണ് ആക്രമിക്കപ്പെട്ടത്. വീടിന്റെ ചില്ലുകളും പുറത്തുണ്ടായിരുന്ന കസേരകളും വ്യായാമ ഉപകരണങ്ങളും മറ്റും നശിപ്പിച്ചിട്ടുണ്ട്. വീട് പൂട്ടിക്കിടന്നതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും രാവിലെ എട്ടുമണിയോടെ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ടുപേർ വീട് ആക്രമിച്ചതായി ബിഎസ്എൻഎൽ ക്വാർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി പറഞ്ഞു.

ബിഎസ്എൻ എൽ ഉദ്യോഗസ്ഥയായ രഹ്ന ഫാത്തിമയുടെ ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ ഇതിനകം അറിയിച്ചു കഴിഞ്ഞു. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്നയെങ്കിലും ഓഫിസിനു പുറത്തുള്ള അവരുടെ പ്രവർത്തനങ്ങൾ‌ക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദി. ഓഫിസിനു പുറത്ത് ഔദ്യോഗിക പ്രവർത്തന സമയത്തല്ലാതെ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കോ രേഖാമൂലം നൽകിയ ചുമതലകളിൽ ഉൾപ്പെടാത്ത പ്രവർത്തനങ്ങൾക്കോ ബിഎസ്എൻഎല്ലിന് ഉത്തരവാദിത്തമില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏക എന്ന ചിത്രത്തെക്കുറിച്ച് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ രഹ്ന പറഞ്ഞതിങ്ങനെ :- 

ഏകയെക്കുറിച്ച് നായിക എന്ന നിലയിൽ...

ഈ സിനിമയിൽ മിക്കവാറും എല്ലാവർക്കും ഇതൊരു ആദ്യത്തെ അനുഭവമായിരുന്നു. സിനിമയിൽ പ്രവർത്തിച്ചു മുൻപരിചയമുള്ളവർ ഒന്നോ രണ്ടോ പേരൊക്കയെ ഉണ്ടായിരുന്നുള്ളൂ. ബാക്കി അഭിനയിക്കുന്നവരൊക്കെ പുതുമുഖങ്ങൾ. 

അതുകൊണ്ടു തന്നെ വളരെ വലിയ ഒരു അനുഭവം തന്നെയായിരുന്നു അത്.  സിനിമയെക്കുറിച്ച് പറഞ്ഞുകേട്ടതും സ്‌ക്രീനിൽ കണ്ടതുമായ അറിവല്ലേ അതുവരെ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അതിലേക്കിറങ്ങുമ്പോഴാണ് യഥാർഥ അനുഭവങ്ങൾ. അതിന്റെ ഭാഗമായി ഉണ്ടായ അനുഭവങ്ങൾ ഒക്കെ വളരെ വലുതാണ്. നന്നായി സ്‌ട്രെയിനെടുത്തു ചെയ്ത സിനിമയാണിത്. പിന്നെ നമ്മൾ മനസ്സിലാക്കിയ ഒരു പ്രത്യേക തരം ആൾക്കാരുടെ പ്രശ്നങ്ങൾ പൊതു സമൂഹത്തിലേക്ക് അവതരിപ്പിക്കുക എന്നതും നമ്മുടെ വിഷയമായിരുന്നു.

ലൊക്കേഷൻ പോലും നഗ്നം

പല സീനുകളിലും നഗ്നയായി അഭിനയിക്കേണ്ടി വന്നിരുന്നു. ഒരുപാട് സമയം അത് ആവർത്തിച്ചപ്പോൾ ദേഷ്യം വരും. അങ്ങനെ ഒരിക്കൽ ഇങ്ങോട്ട് ദേഷ്യപ്പെട്ടപ്പോൾ ഈ അവസ്ഥയിൽ അഭിനയിക്കേണ്ടി വരുന്ന ഒരാളുടെ മാനസികാവസ്ഥ നിങ്ങൾക്ക് മനസ്സിലാകില്ല എന്ന് പറഞ്ഞപ്പോഴാണ് എന്നാൽ പിന്നെ വർക്ക് ചെയ്യുന്ന എല്ലാവരും ഒരുപോലെ ആകാം എന്ന് തീരുമാനിക്കുന്നത്. അപ്പോൾ പിന്നെ നമ്മൾ എന്തു പറയാനാണ്.. നമ്മുടെ കംഫർട്ടിന് വേണ്ടി അവരും നമ്മുടെ ഒപ്പം നിൽക്കുമ്പോൾ അങ്ങനെ അതിലേയ്ക്ക് നമ്മളും ആകും. അത്രമാത്രം കൂടെ നിന്നിരുന്നു ഓരോരുത്തരും.

സിനിമ എല്ലാവരും കാണണം...

എതിർത്തു നിൽക്കുമ്പോൾ തന്നെ അനുകൂലിക്കുന്നവരുമുണ്ട്. അത് വലിയൊരു ആശ്വാസമാണ്. സർട്ടിഫിക്കറ്റ് എന്തു കിട്ടിയാലും സമൂഹത്തിലേക്ക് എത്തിയ്ക്കാനുള്ള വഴികൾ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവൽ വേദികളിൽ മാത്രം പ്രദർശിപ്പിച്ചാൽ നമ്മൾ ഉദ്ദേശിച്ച ഫലം ഇതിനു ലഭിക്കില്ല. അപ്പോൾ എല്ലാവർക്കും കാണാൻ സാഹചര്യം ഒരുക്കാനുള്ള മാർഗ്ഗങ്ങൾ നോക്കുന്നുണ്ട്. 

സർക്കാരിന്റെ തീയേറ്ററുകൾ എങ്കിലും ലഭിക്കുമോ എന്ന് അന്വേഷിക്കുന്നുണ്ട്. പിന്നെ ഞാൻ അഭിനയം കഴിഞ്ഞപ്പോൾ പിന്നെ പുറത്ത് നിന്നുള്ള സപ്പോർട്ട് ആണ് കൊടുക്കുന്നത്. ബാക്കിയൊക്കെ അതിന്റെ സാങ്കേതിക പ്രവർത്തകരാണ് നോക്കുന്നത്. വിമർശിക്കാൻ ആണെങ്കിൽ പോലും ഈ സിനിമ കാണേണ്ടി വരും. അതിനുള്ള അവസരം എങ്കിലും ലഭിക്കണം അതാണ് പ്രധാനം. ഇപ്പോൾ സെൻസർബോർഡിന്റെ നിയമാവലികൾ പുതുക്കുന്നു എന്നൊക്കെ കേട്ടു. അങ്ങനെ വന്നാൽ നമ്മളെ പോലെ എത്രയോ ആൾക്കാർക്ക് അത് പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയുണ്ട്... 

അഭിനയം ജീവിതമല്ല..

ഇതോടെ ഒരു കാര്യം മനസിലായി അഭിനയം എനിക്ക് പറ്റിയ ജോലിയല്ല. മുൻപ് പല ചിത്രങ്ങളും കണക്കുമ്പോൾ നമ്മൾ അഭിനയത്തെ വിമർശിക്കാറുണ്ട്, പക്ഷെ അതിന്റെ പിന്നിൽ എന്തുമാത്രം പ്രയത്നം ഉണ്ടെന്നു അറിയില്ലല്ലോ. ഇപ്പോൾ മനസ്സിലാക്കുന്നു, എന്തുമാത്രം സ്ട്രഗ്ഗിൾ ഇതിന്റെ പിന്നിൽ ഉണ്ടെന്ന്. ഇനിയാരെയും അത്തരത്തിൽ കുറ്റപ്പെടുത്തില്ല. സിനിമ ചെയ്തോണ്ടിരുന്നപ്പോൾ പലരും പറഞ്ഞു ഇനിയിപ്പോൾ തിരക്കാവും എന്നൊക്കെ, പക്ഷെ ഈ പ്രൊഫഷനിൽ തുടരാനൊന്നും വലിയ താൽപ്പര്യമില്ല, ഈ ടീം മുഴുവൻ സുഹൃത്തുക്കളായിരുന്നു.

ശരീരം ഉപകാരണമാക്കാം..

ആദ്യം ഫെയ്‌സ്ബുക്കിൽ എന്റെ പ്രൊഫൈൽ പടവും പൂക്കളും സിനിമാ താരവും ഒക്കെയായിരുന്നു. പിന്നീട് എന്റെ സുഹൃത്തുക്കളെ അന്വേഷിച്ചപ്പോൾ ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാവർക്കും പേടിയാണ് സ്വന്തം ചിത്രമിട്ടാൽ. അങ്ങനെ രണ്ടും കൽപ്പിച്ച് ഞാൻ എന്റെ ചിത്രമിട്ടു. കുടുംബത്തിന്റെയും ചിത്രമിട്ടു. 

അങ്ങനെ ഒരിക്കൽ ഏഴാറ്റുമുഖത്ത് പോയി കുട്ടികളുമൊത്തു പോയി കുളിക്കുമ്പോൾ ഉള്ള ഒരു ചിത്രമിട്ടു. അതിന്റെ താഴെ കുറെ കമന്റ്സ്. ഇന്ന് കുളി സീൻ ഇട്ടു നാളെ എന്തിടും എന്നിങ്ങനെ ചോദ്യങ്ങൾ, പിന്നെ തലയിൽ തട്ടമിടുന്നില്ല എന്ന ചോദ്യങ്ങൾ... ഇതൊക്കെ വിഷയമായിരുന്നു. എപ്പോഴും സ്ത്രീകൾ ഇങ്ങനെ അടക്കി ഭരിക്കപ്പെടുക എന്നതിനെ ചോദ്യം ചെയ്യണമെന്ന് തോന്നി. അങ്ങനെ ഒരു തീരുമാനം എടുത്തു, പർദ്ദ ഇട്ടു നടക്കണം എന്നാണു നിങ്ങൾക്ക് പറയാനുള്ളതെങ്കിൽ ബിക്കിനി ഇട്ടു നടക്കാനാണ് എനിക്കിഷ്ടം എന്ന് പറയണം എന്ന് തോന്നി.