Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിനിനു മുന്നിൽ നിന്ന് അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിനെ വീട്ടമ്മ രക്ഷിച്ചു

accident-01

മരണത്തിന്റെ ചൂളംവിളിയുമായി ട്രെയിൻ പാഞ്ഞടുത്തപ്പോൾ കുഞ്ഞിനെ ജീവിതത്തിലേക്ക് വലിച്ചെറിഞ്ഞൊരു അച്ഛന്റെ കഥയാണ് ആ വീട്ടമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. അതിവേഗം കുതിച്ചെത്തുന്ന ട്രെയിനിനു മുന്നിൽ നിന്ന നിസ്സായനായ അച്ഛന് മറ്റൊരു മാർഗ്ഗവുമുണ്ടായിരുന്നില്ലെന്നും അവർ പറയുന്നു.

അമൃതസറിൽ ദസറ ആഘോഷത്തിനിടയിൽ ട്രെയിനിന്റെ ശബ്ദം മുങ്ങിപ്പോയപ്പോൾ നഷ്ടപ്പെട്ടത് അനവധി ജീവനുകളാണ്. കൺമുന്നിൽ നിരവധി ജീവനുകൾ ചതഞ്ഞരഞ്ഞപ്പോൾ പ്രതീക്ഷയോടെ ഒരച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞുജീവനെ സംരക്ഷിക്കാനായതിന്റെ ആശ്വാസത്തിലാണ് മീനാദേവി എന്ന വീട്ടമ്മ.

മരണത്തിനു തൊട്ടുമുമ്പ് അച്ഛൻ വലിച്ചെറിഞ്ഞ കുഞ്ഞിനെ ചാടിപ്പിടിച്ചത് മീനാദേവിയാണ്. തലയ്ക്കു നേരിയ പരുക്കേറ്റ കുഞ്ഞിന് പ്രാഥമിക ചികിൽസ നൽകി സ്വന്തം വീട്ടിലേക്ക് കൊണ്ടവരുകയും പിന്നീട് റെയിൽവേ അധികൃതരുടെയും പൊലീസിന്റെയും സഹായത്തോടെ കുഞ്ഞിന്റെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തു. വിശാൽ എന്നാണ് കുഞ്ഞിന്റെ പേരെന്നും അവന്റെ അമ്മ  അപകടത്തിൽ പരുക്കുപറ്റി ആശുപത്രിയിലാണെന്നും അവർ പറയുന്നു. നേപ്പാൾ സ്വദേശിയായ മീനാദേവി വീട്ടുജോലിക്കായാണ് ഇന്ത്യയിലെത്തിയത്.