Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമാനിക്കാം; ഇന്ത്യയിലെ വനിതാ പൈലറ്റ്സിനെയോർത്ത്

477218066

വനിതാ ശാക്തീകരണത്തില്‍ പിന്നിലാണെന്ന വാര്‍ത്തകള്‍ക്കിടെ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ഒരു വാര്‍ത്ത. ലോകത്ത് ഏറ്റവും കൂടുതല്‍ വനിതാ വൈമാനികര്‍ ജോലി ചെയ്യുന്ന രാജ്യമാണെന്ന റെക്കോര്‍ഡിനൊപ്പം വനിതാ വൈമാനികരുടെ എണ്ണത്തില്‍ ലോകശരാശരിയുടെ ഇരട്ടിയിലധികമാണ് ഇന്ത്യന്‍ ശരാശരി. 

ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് വിമന്‍ എയര്‍ലൈന്‍ പൈലറ്റ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കിലാണ് രാജ്യത്തിന് ആഹ്ലാദവും സന്തോഷവും പകരുന്ന പുതിയ വിവരങ്ങളുള്ളത്. ലോകശരാശരിക്കു തൊട്ടുമുകളില്‍ മാത്രമാണ് അമേരിക്കയിലെ പൈലറ്റുമാരുടെ എണ്ണമെന്നിരിക്കെയാണ് ലോകശരാശരിയുടെ ഇരട്ടിയലധികംപേര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നുണ്ടെന്ന വസ്തുത. രാജ്യത്ത് മൊത്തം 8797 വൈമാനികര്‍ ജോലി ചെയ്യുമ്പോള്‍ 1092 പേരും വനിതകള്‍. ഇതില്‍ 385 പേര്‍ ക്യാപ്റ്റന്‍ പദവിയിലും. 

ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൂം എന്ന പ്രാദേശിക വിമാനക്കമ്പനിയില്‍ ജോലി ചെയ്യുന്ന 30 വൈമാനികരില്‍ 9 പേരും  വനിതകള്‍. ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ജെറ്റ് എയര്‍വെയ്സ്, എയര്‍ ഇന്ത്യ എന്നിവരും സ്ത്രീകളെ വൈമാനികരായി ജോലിക്കു നിയോഗിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വനിതാ വൈമാനികരുടെ എണ്ണം 80-ല്‍ നിന്നു 330 ലേക്ക് ഉയര്‍ന്നതായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കി. വനിതകള്‍ പരിശീലകരായും ജോലി ചെയ്യുന്നുണ്ട്. മാനേജര്‍മാരായി ജോലി ചെയ്യുന്നവരുമുണ്ട്. ഫ്ലൈറ്റ് ഓപറേഷന്‍ ഇന്‍സ്പെക്ടര്‍ പദവിയിലുമുണ്ട് ഇന്‍ഡിഗോയില്‍ രണ്ടു വനിതകള്‍. വൈമാനികര്‍ക്കുവേണ്ടി ശിശുപരിപാലന കേന്ദ്രങ്ങള്‍ നടത്തുന്ന ഏകസ്ഥാപനം തങ്ങളാണെന്നും ഇന്‍ഡിഗോ അവകാശപ്പെടുന്നു. പ്രസവാവധി നല്‍കുന്നതിനുപുറമെ പ്രസവം കഴിഞ്ഞെത്തുന്ന സ്ത്രീകള്‍ക്ക് വൈമാനികരായല്ലാതെ ഓഫിസ് ജോലി ചെയ്യാനുള്ള സൗകര്യവും ഇന്‍ഡിഗോയിലുണ്ടത്രേ.