Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാനഭംഗശ്രമത്തിനിടെ കൗമാരക്കാരൻ വയോധികയെ കൊന്നു; മകനെ രക്ഷിക്കാൻ അമ്മ ചെയ്തത്

Representational image പ്രതീകാത്മക ചിത്രം

എഴുപത്തിയഞ്ചുകാരിയെ മാനഭംഗം ചെയ്യാൻ ശ്രമിക്കുകയും അതു പരാജയപ്പെട്ടപ്പോൾ അവരെ കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് കൗമാരക്കാരൻ അറസ്റ്റിലായി. ഹരിയാനയിലാണ് സംഭവം. രാജുവെന്ന 19 വയസ്സുകാരനാണ് മാനഭംഗശ്രമത്തിനിടെ വയോധികയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. 

ഹരിയാനയിലെ ബിവാനി ജില്ലയിൽ നടന്ന സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ :-  അറസ്റ്റ് ചെയ്യപ്പെട്ട രാജയുടെ വീടിനു മുന്നിൽ വച്ചാണ് വയോധിക പാൽക്കാരനിൽ നിന്ന് പാൽ വാങ്ങിയിരുന്നത്. സംഭവം നടന്ന ദിവസം വൃദ്ധ വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ രാജ അവരെ വലിച്ചിഴച്ച് വീടിനുള്ളിൽ കൊണ്ടു പോയി മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. അവർ രാജയെ ഉറക്കെ ചീത്ത പറഞ്ഞുകൊണ്ട് പ്രതിരോധിച്ചു. ഇതിൽ കലിപൂണ്ട രാജ സ്കാർഫ് ഉപയോഗിച്ച് വൃദ്ധയുടെ വായ മൂടിയ ശേഷം തലയിൽ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം റോഡിലൂടെ വലിച്ചിഴച്ച് വീടിനു സമീപമുള്ള ഒരു പറമ്പിൽ ഉപേക്ഷിച്ചു. 

അമ്മയെ കാണാതെ വയോധികയുടെ മകൻ നടത്തിയ തിരച്ചിലിലാണ് വീടിനു സമീപമുള്ള പറമ്പിൽ നിന്നും ചോരയിൽക്കുളിച്ച നിലയിൽ മൃതദേഹം കണ്ടെടുത്തത്. പൊലീസും ഫൊറൻസിക് വിദ്ഗ്ധരും നടത്തിയ അന്വേഷണത്തിൽ റോഡിൽ നിന്ന് രാജയുടെ വീടുവരെ രക്തക്കറ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരെത്തുമ്പോൾ രാജയുടെ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. രാജയും അമ്മയും ഹരിപൂരിലുള്ള ബന്ധുവീട്ടിൽ പോയിരിക്കുകയാണെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സംഘം അങ്ങോട്ട് പുറപ്പെടുകയും രാജുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

രാജുവിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൃത്യത്തിൽ രാജുവിന്റെ അമ്മയ്ക്കുള്ള പങ്ക് പൊലീസിന് വ്യക്തമായത്. രാജു വയോധികയെ റോഡിലൂടെ വലിച്ചിഴച്ചപ്പോൾ പരന്ന രക്തക്കറകൾ കഴുകിക്കളഞ്ഞത് രാജുവിന്റെ അമ്മയാണ്. മാർക്കറ്റിൽ നിന്നു മടങ്ങി വരുന്ന വഴിയാണ് റോഡിലും വീട്ടിലും അവർ രക്തക്കറ കണ്ടത്. പൊലീസ് തന്റെ മകനെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് അവർ വീടുമുഴുവനും കഴുകുകയും റോഡിലെ രക്തക്കറകൾ മായ്ച്ചു കളയാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിൽ അമ്മയുടെ പങ്കും വ്യക്തമായതോടെ പൊലീസ് രാജുവിന്റെ അമ്മയെയും അറസ്റ്റ് ചെയ്തു. നവംബർ 7 നാണ് കൃത്യം നടത്തിയതെന്നും മാനഭംഗത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നും രാജു പൊലീസിനോട് സമ്മതിച്ചു.