Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിമ ദാസ്; യുണിസെഫ് യൂത്ത് അംബാസഡർ

hima-das-1

ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ അസാമില്‍നിന്നുള്ള കായികതാരം ഹിമ ദാസിന് ഒരു അപൂര്‍വ ബഹുമതി കൂടി. പുതിയ തലമുറയെ പ്രചോദിപ്പിക്കാനും നേട്ടങ്ങളിലേക്കു കൈപിടിച്ചുയര്‍ത്താനും കഴിവുള്ള മാതൃകാതാരം എന്ന നിലയില്‍ യൂത്ത് അംബാസഡര്‍ എന്നു അംഗീകാരമാണ് ഹിമയ്ക്കു ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ യൂണിസെഫ് അധികൃതര്‍ ട്വിറ്ററിലൂടെയാണു വിവരം പുറത്തുവിട്ടത്. ഇതാദ്യമായാണ് ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്കും കുട്ടികള്‍ക്കുംവേണ്ടി യൂത്ത് അംബാസഡര്‍ എന്ന പദവിയില്‍ ഒരു വ്യക്തിയെ നിയമിക്കുന്നത്. ലോകവ്യാപകമായ ശിശുദിനാഘോഷത്തിന്റെ ഭാഗമായാണു പ്രഖ്യാപനം. 

യൂത്ത് അംബാസഡര്‍ എന്ന പദവിയെ വലിയ ബഹുമതിയായിട്ടാണു കാണുന്നതെന്ന് ഹിമ പ്രതികരിച്ചു. സ്വപ്നങ്ങളെ പിന്തുടരാനും ആഗ്രഹത്തിന്റെ വഴിയില്‍ കുതിക്കാനും പുതിയ കുട്ടികള്‍ക്ക് ഈ പ്രഖ്യാപനം പ്രചോദനം നല്‍കട്ടെ- ഹിമ പറഞ്ഞു. അസമിലെ പിന്നാക്ക പ്രദേശമായ നഗോണ്‍ ജില്ലയില്‍നിന്നുള്ള താരമാണ് ഹിമ ദാസ്. കഷ്ടപ്പാടും ബുദ്ധിമുട്ടുകളും ഏറെയുണ്ടായിട്ടും വെല്ലുവിളികളെ അവസരങ്ങളായി ഏറ്റെടുത്ത് വിജയകിരീടം ചൂടിയ അദ്ഭുതചരിത്രമാണ് ഹിമയുടേത്. തീവ്രമായ ആഗ്രഹവും വിജയത്തിലെത്താതെ പിന്തിയിരിയില്ലെന്ന ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതു നേട്ടവും എത്തിപ്പിടിക്കാനാവുമെന്ന പാഠമാണ് ഹിമ ജീവിതത്തിലൂടെ ലോകത്തെ പഠിപ്പിക്കുന്നത്. രാജ്യം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ഭാവിയുടെ താരം കൂടിയാണ് ഹിമ. 

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയതോടെയാണ് ഹിമ രാജ്യത്തിന്റെ അഭിമാനതാരമായി മാറിയത്. 400 മീറ്റര്‍ ഓട്ടത്തില്‍ 50.59 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളിമെഡല്‍ നേടാനും ഹിമയ്ക്കു കഴിഞ്ഞു. 

രാജ്യത്തു ജനിച്ചുവീഴുന്ന ഒരു കുട്ടിയുടെ പോലും ജീവിതം നിഷ്ഫലമാകരുതെന്ന ആഗ്രഹത്തോടെ കേന്ദ്രസര്‍ക്കാരുമായി യോജിച്ചുപ്രവര്‍ത്തിക്കുന്ന യുണിസെഫ് കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി ഒട്ടേറെ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഹിമ ദാസിനെ യൂത്ത് അംബാസഡറായി നിയമിച്ചിരിക്കുന്നതും.