Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'മിഠായ് കടയിലെത്തിയ കുഞ്ഞിനെപ്പോലെ' – സാനിയ

Sania-Mirza Sania Mirza

ടെന്നീസിൽ ഇന്ത്യയുടെ അഭിമാനമായി ഉയർന്ന സാനിയ മിർസയുടെ ജന്മദിനമായിരുന്നു ഇന്നലെ. അടുത്തിടെ അമ്മയായ സാനിയ മകൻ ഇസാന സാനിയ മാലികിനും ഭർത്താവ് ശുഐബ് മാലിക്കിനുമൊപ്പമാണ് ജന്മദിനം ആഘോഷിച്ചത്. സാനിയക്കു ജന്മദിനാശംസകൾ നേർന്നു കുടുംബ ചിത്രങ്ങൾ ഷൊഹൈബ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റു ചെയ്തു. സാനിയയാകട്ടെ ജിംനേഷ്യത്തിലെത്തിയ ചിത്രവുമായാണ് ജന്മദിന സന്തോഷം ആരാധകരുമായി പങ്കുവച്ചത്.

അമ്മയായ ശേഷം ആദ്യമായി ജിമ്മിലെത്തിയപ്പോൾ മിഠായ് കടയിലെത്തിയ കുഞ്ഞിന്‍റെ ആവേശമാണ് തനിക്കു തോന്നിയതെന്ന് താരം ട്വീറ്റ് ചെയ്തു. മാനസികമായും ശാരീരകമായും തിരികെയെത്തുക എന്നത് ആനന്ദകരം കൂടിയായ വലിയ പാതയാണെന്നു തിരിച്ചറിയുന്നുവെന്നും എന്തുകൊണ്ടു ജന്മദിനത്തിൽ തന്നെ തുടക്കം കുറിച്ചാലെന്തെന്നു ആലോചിച്ചതു അതുകൊണ്ടാണെന്നും സന്ദേശം പറയുന്നു.

ഡബിൾസിൽ ലോക ഒന്നാം നമ്പർ പദവിവരെയെത്തിയ സാനിയ 2017 ഒക്ടോബറിലാണ് അവസാനമായി റാക്കറ്റേന്തിയത്. 2020 ടോക്കിയോ ഒളിംപിക്സിന് വീണ്ടും കളത്തിലെത്താനാണ് താരത്തിന്‍റെ പദ്ധതി. സ്വപ്നങ്ങൾ പിന്തുടരുന്നതിന് ഗർഭമോ മാതൃത്വമോ ഒരു വിലങ്ങുതടിയല്ലെന്നതിനു മകന്‍റെ മുന്നിൽ സ്വയം ഒരു ഉദാഹരണമായി മാറാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സാനിയ നേരത്തെ വ്യക്തമാക്കിയിരുന്നു. ഡബിൾസിൽ മാർട്ടിന ഹിൻജിൻസിനൊപ്പം മൂന്നു ഗ്രാൻഡ്‍സ്ലാം കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള സാനിയ, സെറീന വില്യംസിന്‍റെയും ക്ലിം ക്ലസ്റ്റേഴ്സിന്‍റെയും പാതയിൽ മികച്ച ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

ഗർഭിണിയായി ഏതാനും ആഴ്ചകള്‍ക്കകം 2017ലെ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ സെറീന, പ്രസവശേഷം 2018ൽ കളത്തിൽ തിരിച്ചെത്തിയിരുന്നു. മകൾക്കു ജന്മം നൽകി ഒരു വർഷത്തിനു ശേഷമാണ് മുൻ ലോക ഒന്നാം നമ്പർ കിം ക്ലസേറ്റേഴ്സ് 2008ൽ ടെന്നീസ് കോർട്ടിൽ തിരികെയെത്തിയത്.