Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനമെന്ന് ഊമക്കത്ത് വന്നു; അന്വേഷണ കമ്മീഷനെ വച്ചപ്പോൾ 44 പരാതികൾ!

rape

ആഫ്രിക്കൻ യൂണിയൻ കമ്മിഷൻ ആസ്ഥാനത്ത് ലൈംഗിക പീഡനം വ്യാപകമാണെന്നു വെളിപ്പെടുത്തൽ. പീഡനത്തെക്കുറിച്ചു വിവരിക്കുന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അഴിമതി, കൈക്കൂലി, വിവേചനം എന്നിവയ്ക്കൊപ്പം ലൈംഗിക പീഡനവും വ്യാപിക്കുന്നതായി കണ്ടെത്തിയത്. എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലാണ് ആഫ്രിക്കൻ യൂണിയൻ കമ്മിഷൻ അസ്ഥാനം.

ജോലി തേടുന്ന യുവതികളെയും ജോലി സ്ഥിരത സ്വപ്നം കാണുന്നവരെയുമാണു പീഡനത്തിന് ഇരകളാക്കുന്നത്. വ്യാജ വാഗ്ദാനങ്ങൾ നൽകിയും വിശ്വസനീയമെന്നു തോന്നുന്ന ഉറപ്പുകൾ നൽകിയുമാണ് പീഡനം നടത്തുന്നത്. അക്രമവും അനീതിയും ചെറുക്കാൻ നിയോഗിക്കപ്പെട്ടവർ എന്ന സ്ഥാനം വഹിക്കുന്നവർതന്നെയാണ് പീഡനം നടത്തുന്നതെന്ന വസ്തുത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

താൽക്കാലിക അടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരും വോളന്റിയർമാരുമാണ് പീഡനത്തിന്റെ ഇരകൾ. ജോലി സ്ഥിരപ്പെടുത്തിക്കൊടുക്കാമെന്ന് ഉത്തരവാദിത്തപ്പെട്ടവർ വാഗ്ദാനം നൽകുന്നതോടെ യുവതികൾ ചതിക്കുഴിയിൽ വീഴുന്നു. അജ്‍ഞാതവ്യക്തിയുടെ പരാതി മേയ് മാസത്തിൽ 

കമ്മിഷൻ ആസ്ഥാനത്ത് ലഭിച്ചതിനെത്തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പുറത്തുവന്നത് ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള തെളിവുകൾ. പരാതി ലഭിച്ചതിനെത്തുടർന്ന് ആക്ഷേപം ഉന്നയിച്ച മുഴുവൻ പേരോടും സംസാരിച്ചു തയാറാക്കിയ റിപോർട്ടിൽ ലൈംഗിക പീഡന പരാതികളാണു മുന്നിൽനിൽക്കുന്നത്. അഴിമതിയും കൈക്കൂലിയും വിവേചനവുമൊക്കെയുണ്ടെങ്കിലും കമ്മിഷൻ ആസ്ഥാനത്തു ജോലി ചെയ്യുന്നവരെ പീഡിപ്പിക്കുന്നത് ഉന്നത ഉദ്യോഗസ്ഥർ പതിവാക്കിയിരിക്കുകയാണെന്നു പറയുന്നു. ആരുടെയും പേര് എടുത്തുപറഞ്ഞിട്ടില്ലെങ്കിലും പല പ്രമുഖരും പ്രതിസ്ഥാനത്താണത്രേ.

വ്യാപക പരാതികൾ ഉയർന്നതിനെത്തുടർന്ന് ഒരു പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ആഫ്രിക്കൻ യൂണിയൻ കമ്മിഷൻ ചെയർപേഴ്സൻ മൗസ ഫകിയാണ് പ്രത്യേക കമ്മിറ്റിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. ലൈംഗിക പീഡനപരാതികൾ പരിഹരിക്കാൻ കമ്മിഷനിൽ വ്യക്തമായ മാർഗരേഖയോ നയമോ ഉണ്ടായിരുന്നില്ല. പരാതിപ്പെട്ടാൽ തങ്ങളുടെ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്താൽ പലരും തങ്ങളുടെ ദുരനുഭവങ്ങൾ പുറത്തുപറയാതെ ഒതുക്കുകയായിരുന്നു. അന്വേഷണം നടത്തിയപ്പോൾ 44 പരാതികൾ കമ്മിറ്റിയുടെ മുൻപിലെത്തി. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച സംഭവങ്ങളാണ് കൂടുതൽ പേർക്കും പറയാനുണ്ടായിരുന്നത്. കമ്മിഷൻ ആസ്ഥാനത്തു നടക്കുന്ന  പീഡനങ്ങളെക്കുറിച്ച് 37 പേർ ഒപ്പിട്ട പരാതിയും സമർപ്പിച്ചിരുന്നു. ഭാവിയിൽ പീഡനങ്ങൾ ഉണ്ടാകാതിരിക്കാനും പരാതികൾക്കു സത്വര പരിഹാരം ഉറപ്പുവരുത്താനുമായി സമഗ്രമായ പീഡനവിരുദ്ധ നയം നടപ്പിലാക്കിക്കഴിഞ്ഞതായി മൗസ ഫകി പറഞ്ഞു. ഒരു ആഭ്യന്തര കമ്മിറ്റിയേയും രൂപീകരിച്ചിട്ടുണ്ട്. പരാതി ഉണ്ടായാൽ ഉടൻ തന്നെ ഇരകളെ സംരക്ഷിക്കാനും പീഡനത്തിൽ ഏർപ്പെടുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാനുംവേണ്ടിയാണ് ആഭ്യന്തര കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.