Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പീഡനം: ഇരയെ തിരിച്ചറിയുന്ന വിവരം പരസ്യപ്പെടുത്തുന്നതിന് വിലക്ക്

victim-01

ന്യൂഡൽഹി ∙ പീഡനത്തിന് ഇരയാകുന്ന കുട്ടികളെയും മുതിർന്നവരെയും തിരിച്ചറിയുന്ന ഏതുതരം വിവരവും സമൂഹ മാധ്യമങ്ങളിലൂടെ ഉൾപ്പെടെ പരസ്യപ്പെടുത്തുന്നത് സുപ്രീം കോടതി വിലക്കി. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ പേരുപറഞ്ഞ് പ്രതിഷേധിക്കുന്നത് കുട്ടിയുടെ താൽപര്യത്തിനു നിരക്കുന്ന നടപടിയല്ലെന്നും ജഡ്ജിമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

ഇലക്ട്രോണിക് മാധ്യമങ്ങൾ പീഡനത്തിന്റെ ഇരയുടെ ചിത്രം അവ്യക്തമായും ബന്ധുക്കളുടെയും അയൽക്കാരുടെയും മറ്റും ദൃശ്യങ്ങൾ വ്യക്തമായും നൽകുന്നതു പോലും ഇരയെ തിരിച്ചറിയാൻ ഇടയാക്കും. മാധ്യമങ്ങൾ പീഡനക്കേസുകൾ വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്നും ടിവി ചാനലുകൾ കുട്ടികളായ ഇരകളെക്കൊണ്ട് അനുഭവം പറയിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. നിപുൻ സക്സേനയുടെ ഹർജിയിലാണ് വിധി.

ഒരിടത്തുതന്നെ പീഡനക്കേസുകൾ റജിസ്റ്റർ ചെയ്യുന്നതിനും വിചാരണയ്ക്കുമുള്ള ‘വൺ സ്റ്റോപ്’ സംവിധാനം ഒരു വർഷത്തിനകം എല്ലാ ജില്ലയിലും സ്ഥാപിക്കണം. കുട്ടികളോട് സൗഹാർദത്തിൽ ഇടപെടാൻ പരിശീലിച്ചവരെ ഇത്തരം കേന്ദ്രങ്ങളിൽ നിയമിക്കണം. കോടതി സമുച്ചയത്തിലല്ല, സമീപമാണ് ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കേണ്ടത്. ഹൈദരാബാദിലെ ‘ഭറോസ’യാണ് മാതൃക.

∙ ഇര മരണപ്പെടുന്ന സാഹചര്യത്തിലോ മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണെങ്കിലോ ബന്ധുക്കളുടെ അനുവാദത്തോടെ പോലും തിരിച്ചറിയൽ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ല. തീരുമാനമെടുക്കേണ്ടത് സെഷൻസ് ജഡ്ജി.

∙പോക്സോ കേസുകളിലുൾപ്പെടെ പീഡനക്കേസുകളിലെ പ്രഥമ വിവര റിപ്പോർട്ട് പരസ്യപ്പെടുത്തരുത്.

∙ ഇരയ്ക്ക് തിരിച്ചറിയൽ വിവരങ്ങൾ ഒഴിവാക്കി അപ്പീൽ നൽകാം.

∙പൊലീസ് കൈവശംവയ്ക്കുന്ന രേഖകളിൽ ഇരയുടെ പേര് രഹസ്യമാക്കിവയ്ക്കണം. പേര് ഒഴിവാക്കിയുള്ള രേഖയെ പുറത്തുവിടാൻ പാടുള്ളു.