Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈത്തറിയില്‍ നിന്ന് കേരളത്തിന്‍റെ മാപ്പ്: അതിജീവനപാഠവുമായി വനിതാ കൂട്ടായ്മ

kudumbasree-rebuild-kerala-handloom-01

പ്രളയത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ലാത്ത കേരളത്തില്‍ സഹജീവികളുടെ അതിജീവനത്തിന്‍റെ ഒപ്പം ചേര്‍ന്ന് മാതൃകയാവുകയാണ് ചിറ്റേത്തുകര പതിനഞ്ചാം വാര്‍ഡിലെ ഐശ്വര്യ കുടുംബശ്രീ യൂണിറ്റിലെ പത്തു വനിതകള്‍. പ്രളയത്തില്‍ തളര്‍ന്നുപോയ കൈത്തറി കുടുംബങ്ങളെ സഹായിക്കാന്‍ വ്യത്യസ്തമായ ആശയവുമായി സ്വയം മുന്നോട്ടുവന്ന് ഇവര്‍ ചേന്ദമംഗലത്തോട് ചേര്‍ന്നു നില്‍ക്കുന്നു. കൈത്തറി സാരികള്‍ വിലകൊടുത്ത് വാങ്ങി അതില്‍ നിന്നു കേരളത്തിന്‍റെ മാപ്പ് ഉണ്ടാക്കി വില്‍ക്കുകയും ആ തുക കൈത്തറി കുടുംബംഗങ്ങള്‍ക്ക് തന്നെ തിരികെ നല്‍കുകയും ചെയ്യുകയാണ് ഇവര്‍.

യൂണിറ്റ് പ്രസിഡന്റ് ഉഷ സംസാരിയ്ക്കുന്നു...

രണ്ടു മാസമായതേയുള്ളൂ പത്ത് അംഗങ്ങളുമായി ഞങ്ങളുടെ യൂണിറ്റ് ആരംഭിച്ചിട്ട്. പൊതുവേ കുടുംബശ്രീ യൂണിറ്റ് എന്നു പറയുമ്പോള്‍ ലോണ്‍ എടുക്കുക എന്തെങ്കിലും ചെറുകിട ബിസിനസ് ചെയ്യുക, വരുമാനം നേടുക എന്നൊക്കെയാണല്ലോ. പക്ഷേ സമയം ഇതായതുകൊണ്ട് പ്രളയത്തില്‍ തകര്‍ന്നുപോയവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു തോന്നി. അങ്ങനെയാണ് മാപ്പ് എന്ന ആശയം മുന്നോട്ടു വരുന്നത്. ചേക്കുട്ടി പാവകളുടെ വാര്‍ത്തയാണ് ഞങ്ങള്‍ക്ക് പ്രചോദനമായത്.

rebuild-kerala-handloom-01

വെള്ളത്തില്‍ നശിച്ചു പോയ തുണികള്‍ വാങ്ങി മാപ്പ് നിര്‍മിക്കാനാണ് ആദ്യം ആലോചിച്ചത്. പക്ഷേ അവ പിന്നെ ബ്ലീച്ച് ഒക്കെ ചെയ്ത് നന്നാക്കിയെടുക്കേണ്ടി വരും. തുടക്കക്കാര്‍ എന്ന നിലയില്‍ ഞങ്ങളുടെ പരിമിതിയില്‍ ഒതുങ്ങില്ല എന്ന് മനസ്സിലായി. അങ്ങനെയാണ് ഞങ്ങള്‍ തന്നെ പണം മുടക്കി കൈത്തറി സാരികള്‍ വാങ്ങി അതില്‍ നിന്ന് മാപ്പ് ഉണ്ടാക്കിയെടുക്കാന്‍ തീരുമാനിക്കുന്നത്. വിറ്റുകിട്ടുന്ന തുകയും അവര്‍ക്ക് തന്നെ നല്‍കുന്നു. അങ്ങനെ രണ്ട് സേവനങ്ങളാണ് ചെയ്യുന്നത്. വലിയ കാര്യമൊന്നുമല്ല എന്നറിയാം. അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നേ ഓര്‍ത്തുള്ളൂ.

rebuild-kerala-kudumbasree-workers-01

ആദ്യം സാരി വാങ്ങി കേരളത്തിന്റെ മാപ്പ് വച്ചിട്ട് അതില്‍ വെട്ടിയെടുക്കുന്നു. പിന്നീട് അത് എ ഫോര്‍ പേപ്പറില്‍ പ്രിന്റ്‌ ചെയ്യുന്നു. കേരളത്തിന്‍റെ ചിത്രം ഇതില്‍ ഒട്ടിക്കുന്നു. പിന്നീട് ലാമിനേറ്റ് ചെയ്യുന്നു. ഭിത്തിയില്‍തൂക്കിയിടാനുള്ള ഒരു ചരടും പിടിപ്പിക്കുന്നു. നൂറു രൂപയാണ് ഒരു മാപ്പിന്‍റെ വില.

ടീമില്‍ എല്ലാവരും ഒരേ മനസ്സോടെയും താൽപ്പര്യത്തോടെയും സഹകരിക്കുന്നതു കൊണ്ടാണ് ഇത്രയും മുന്നോട്ടു പോയത്. ഒരു സാരിയില്‍ നിന്ന് പരമാവധി മുന്നൂറ്റന്‍പതു മാപ്പ് ഉണ്ടാക്കിയെടുക്കാം. അതു വച്ച് കണക്ക് കൂട്ടി മുഴുവന്‍ തുകയും ഞങ്ങള്‍ അങ്ങോട്ട്‌ കൊടുക്കുമോ എന്നൊക്കെ ആക്ഷേപിക്കുന്നവരും കുറ്റപ്പെടുത്തുന്നവരും ഒക്കെയുണ്ട്. അവരോട് പറയാനുള്ളത്. ഞങ്ങള്‍ ഇപ്പോള്‍ വരുമാനത്തിന് വേണ്ടി ചെയ്യുന്നതല്ല. കയ്യില്‍ നിന്നു പണം മുടക്കിയാണ് സാരികള്‍ വാങ്ങുന്നത്. ഈ മുന്നൂറ്റന്‍പതും ചിലപ്പോള്‍ ഉപയോഗിക്കാന്‍ പറ്റില്ല. ബോര്‍ഡര്‍ ഭാഗം ഒഴിവാക്കും. പിന്നെ പലരും ചേര്‍ന്ന് ചെയ്യുന്നതാണ്. എല്ലാം നന്നാവണം എന്നില്ല. കുറെ ഒഴിവാക്കേണ്ടി വരും. ഇതെല്ലാം കഴിഞ്ഞാലും വിറ്റുകിട്ടാന്‍ എളുപ്പമല്ല.

kerala-map-from-sari-01

ഞങ്ങള്‍ ഇതുവരെ ഒരു വരുമാനത്തിലേക്ക് എത്തിയിട്ടില്ല. എടുത്ത തുണികള്‍വച്ച് തീര്‍ത്തു കൊടുക്കുന്നു, അത്രേയുള്ളൂ. സഹായിക്കാന്‍ ആളുകള്‍ മുന്നോട്ടു വരുകയാണെങ്കില്‍ അതനുസരിച്ച് ചെയ്ത് കൊടുക്കാന്‍ ഞങ്ങള്‍ തയാറാണ്. പ്രവർത്തനം തുടങ്ങീട്ട് രണ്ടു മാസമാണയത്. ലോണ്‍ കിട്ടി തുടങ്ങാന്‍ ഇനിയും കടമ്പകള്‍ കടക്കണം. ഇപ്പോള്‍ ഞങ്ങളെക്കൊണ്ടാവുന്ന പോലെ അവരെ സഹായിക്കുന്നു. പഞ്ചായത്തും കുടുംബശ്രീയും ഞങ്ങളെ വളരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പഞ്ചായത്ത്‌ മെമ്പര്‍ ജിബീഷ്, സി ഡി എസ് ഭാരവാഹികളായ ശാന്തിനി ഗോപകുമാര്‍, സുമതി എന്നിവര്‍ എല്ലാ സഹായവുമായി ഒപ്പമുണ്ട്. ഉഷാദേവി, ലീല ആന്റണി, ആന്‍സിലി പൗലോസ്, ജീന കൃഷ്ണകുമാര്‍, ഗീതാ ബാബു, പുഷ്പ ശാലീധരന്‍, അല്‍ഫോന്‍സ ജോസ്, ബീന വര്‍ഗ്ഗീസ്, എലിസബത്ത് മാത്യു, ഷിജി ആന്റണി എന്നിവരാണ് ഐശ്വര്യ കുടുംബശ്രീ അംഗങ്ങള്‍.