Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറക്കാനാകാത്ത രാത്രി; ഓൺലൈൻ ടാക്സി ഡ്രൈവറിൽ നിന്നുണ്ടായ ദുരനുഭവത്തെക്കുറിച്ച് യുവതി

online-taxi പ്രതീകാത്മക ചിത്രം

ഇന്ത്യയിലെ വന്‍നഗരങ്ങളിലെ സ്ത്രീ സുരക്ഷയ്ക്കുനേരെ ചോദ്യചിഹ്നമുയര്‍ത്തുന്ന ഒരു സംഭവം കൂടി. ബെംഗളൂരു വിമാനത്താവളത്തില്‍ വന്നിറങ്ങി ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് ഓലയുടെ സേവനം തേടിയ സ്ത്രീക്കാണ് ദുരനുഭവം ഉണ്ടായത്. തനിക്കു നേരിടേണ്ടിവന്ന ക്രൂരത ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു സഹായവും പ്രതികരണവും ഉണ്ടാകാത്തതിനെക്കുറിച്ച് അവര്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. നൂറു കണക്കിനു വനിതകളാണ് മറുപടികളുമായി രംഗത്തുവന്നത്. ആശങ്കകള്‍ പങ്കുവച്ചും ധാര്‍മികരോഷം പ്രകടിപ്പിച്ചും അവര്‍ ദുരനുഭവം നേരിട്ട സ്ത്രീയ്ക്കൊപ്പം കൂടി. 

ആകാംക്ഷ ഹസാരി എന്ന യുവതിയാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന്റെ ഡ്രൈവറില്‍നിന്നുണ്ടായ അനുഭവം രേഖപ്പെടുത്തിയത്. രാത്രി 11.30 നാണ് അവര്‍ വിമാനത്താവളത്തില്‍നിന്ന് ക്യാബില്‍ കയറിയത്. പക്ഷേ, യുവതി നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കാതെ ഇരുട്ടു വീണ ഇടുങ്ങിയ വഴിയിലൂടെ വാഹനമോടിക്കുകയാണ് ഡ്രൈവര്‍ ചെയ്തത്. ടോള്‍ കൊടുക്കാതിരിക്കാന്‍വേണ്ടിയാണ് താന്‍ ഇടുങ്ങിയ വഴി തിരഞ്ഞെടുത്തതെന്നായിരുന്നു ഡ്രൈവറിന്റെ വിശദീരണം. ആകാംക്ഷ  ഹസാരി ഇതു ചോദ്യം ചെയ്തതോടെ രണ്ടുപേരും തമ്മില്‍ വഴക്കായി. ഒടുവില്‍ വിജനമായ വഴിമധ്യേ വണ്ടി നിര്‍ത്തി ഇറങ്ങാന്‍ ഡ്രൈവര്‍ യുവതിയോട് ആവശ്യപ്പെട്ടു. 

ഡിസംബര്‍ 10 രാത്രിയിലായിരുന്നു സംഭവം. തന്റെ ജീവിതത്തിലെ ഏറ്റവും ഭീകരമായ യാത്രയെന്നാണ് ഇതിനെ ഹസാരി വിശേഷിപ്പിച്ചത്. യാത്രയ്ക്കുശേഷം മൂന്നുദിവസം സംഭവം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ലെന്നും യുവതി പരിതപിക്കുന്നു. 

ഡ്രൈവറും ഹസാരിയും തമ്മില്‍ വഴക്ക് കടുത്തതോടെ ഡ്രൈവർ കന്നഡയില്‍ ആരെയൊക്കെയോ ഫോണില്‍ വിളിച്ചുകൊണ്ടിരുന്നു. യുവതിക്കു കന്നഡ ഭാഷ അറിയില്ല. സ്വാഭാവികമായും അവരുടെ ഭയം കൂടിക്കൊണ്ടിരുന്നു. ധൈര്യം സംഭരിച്ച ഹസാരി വാഹനത്തിലുണ്ടായിരുന്ന എമര്‍ജന്‍സി ബട്ടണില്‍ വിരലമര്‍ത്തി. ഓണ്‍ലൈന്‍ ടാക്സി സര്‍വീസിന്റെ സപ്പോര്‍ട്ട് സ്റ്റാഫില്‍പെട്ടയാള്‍ ഫോണില്‍ ഹസാരിയുമായി ബന്ധപ്പെട്ടു. യാത്ര താന്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അയാള്‍ ഉറപ്പുകൊടുത്തെങ്കിലും വീണ്ടും വാഹനം നിന്നപ്പോള്‍ ഒരു പ്രതികരണവും ഉണ്ടായില്ല. 

ഹസാരി വീണ്ടും എമര്‍ജന്‍സി ബട്ടണ്‍ അമര്‍ത്തി. പക്ഷേ, ഇത്തവണ ഒരു പ്രതികരണവും ഉണ്ടായില്ല. നിസ്സഹായാവസ്ഥയില്‍ പൊലീസിന്റെ സഹായം തേടിയെങ്കിലും അവരും സഹായത്തിന് എത്തിയില്ലെന്നും ഹസാരി പറയുന്നു. അവസാന ശ്രമമെന്ന നിലയില്‍ ഹസാരി മൊബൈല്‍ ആപ്പിലൂടെ ടാക്സി സര്‍വീസിന്റെ കസ്റ്റമര്‍ സപ്പോര്‍ട്ടില്‍ ബന്ധപ്പെട്ടു. അവര്‍ സംഭവം അറിഞ്ഞിട്ടേയില്ലായിരുന്നു. അയാള്‍ ഡ്രൈവറോട് യാത്ര തുടരാന്‍ ആവശ്യപ്പെട്ടു. പിന്നീടുള്ള യാത്രയിലൂടനീളം സ്പീക്കര്‍ ഫോണ്‍ ഓണാക്കി ആ എക്സിക്യൂട്ടീവ് ഹസാരിക്കു ധൈര്യം പകര്‍ന്നുകൊണ്ടിരുന്നു. 

യാത്ര പൂര്‍ത്തിയാക്കിയതിനുശേഷവും  ഡ്രൈവറിനെക്കുറിച്ച് ഹാസാരി അവര്‍ത്തിച്ചു പരാതിപ്പെട്ടു. പക്ഷേ, താന്‍ പ്രതീക്ഷിച്ച പ്രതികരണം ഉണ്ടായില്ലെന്നാണ് യുവതിയുടെ പരാതി. വഴക്കുണ്ടാക്കുകയും യാത്രക്കാരിയെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്ത ഡ്രൈവറെ കരിമ്പട്ടികയില്‍ പെടുത്തിയെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 

സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉടന്‍ തന്നെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസും ഉറപ്പുകൊടുത്തിരിക്കുകയാണ്. 

അതിനിടെ, ഹസാരിയുടെ ട്വിറ്റര്‍ പോസ്റ്റിനു മറുപടിയായി ആനേകം പേര്‍ അവരുടെ ദുരനുഭവങ്ങള്‍ കമന്റുകളായി പോസ്റ്റ് ചെയ്യുകയാണ്.

ഒറ്റയ്ക്കുള്ള യാത്രകളില്‍ പല ഡ്രൈവര്‍മാരും മോശമായി പെരുമാറുന്നതു പതിവാണെന്ന് പലരും പരാതിപ്പെട്ടു.പരുക്കേല്‍ക്കാതെ രക്ഷപ്പെടുന്നത് ഭാഗ്യമാണെന്നാണ് ചിലരുടെയെങ്കിലും പ്രതികരണം.