Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് പ്രണയം എതിർത്തു; കൗമാരക്കാരി അമ്മയെ കൊന്നു

ഇന്നുവരെ നേരിൽ കണ്ടിട്ടു പോലുമില്ലാത്ത കാമുകനു വേണ്ടി കൗമാരക്കാരി സ്വന്തം അമ്മയെ കൊന്നു. തമിഴ്നാട്ടിലെ തിരുവള്ളൂരിലാണ് സംഭവം. 50 വയസ്സുകാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ കുറ്റത്തിന് അവരുടെ മകളുൾപ്പടെയുള്ള മൂന്നു കൗമാരക്കാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആവഡി കൊളേജിലെ രണ്ടാം വർഷ കൊമേഴ്സ് വിദ്യാർഥിനിയായ ദേവപ്രിയയാണ് അമ്മയെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

ഫെയ്സ്ബുക്ക് പ്രണയം നിഷേധിച്ചതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫെയ്സ്ബുക്കിലൂടെ മാത്രം പരിചയമുള്ള സുരേഷ് എന്ന ആളുമായി ദേവിപ്രിയ പ്രണയത്തിലായപ്പോൾ അവളുടെ അമ്മ ഭാനുമതി ആ പ്രണയത്തെ നിരുത്സാഹപ്പെടുത്തി. ഫെയ്സ്ബുക്ക് പ്രണയങ്ങളെ വിശ്വസിക്കരുതെന്ന് മകൾക്ക് താക്കീത് നൽകിയ ഭാനുമതി അവളുടെ മൊബൈൽ ഉപയോഗവും പരിമിതപ്പെടുത്തി.

ഇതിൽ കലിപൂണ്ട ദേവിപ്രിയ സുരേഷിനെ വിളിക്കുകയും സുരേഷിന്റെയും സുഹൃത്തുക്കളുടെയും പദ്ധതിയനുസരിച്ച് കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തു. സ്കൂൾ പഠനം പാതിവഴിയിലുപേക്ഷിച്ച പതിനാറും പതിനേഴും വയസ്സുള്ള രണ്ടു സുഹൃത്തുക്കളെയാണ് സുരേഷ് ദേവിപ്രിയയുടെ വീട്ടിലേക്കയച്ചത്. തന്റെ സുഹൃത്തുക്കളെന്നു പറഞ്ഞാണ് ദേവിപ്രിയ ഭാനുമതിക്ക് അവരെ പരിചയപ്പെടുത്തിയത്. ശേഷമാണ് മൂവരും കൂടി അരിവാൾ ഉപയോഗിച്ച് ഭാനുമതിയെ വെട്ടിക്കൊലപ്പെടുത്തിയത്. ഭാനുമതിയുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ കുട്ടിക്കൊലപാതകികളെ തടഞ്ഞു വച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

പൊലീസിനു മുന്നിൽ പ്രതികൾ കുറ്റസമ്മതം നടത്തിയതോടെയാണ് സംഭവത്തിൽ സുരേഷിനുള്ള പങ്ക് പൊലീസിന് വ്യക്തമായത്. തുടർന്ന് പൊലീസ് സുരേഷിനെ അറസ്റ്റ് ചെയ്തു. അന്വേഷണം തുടർന്നപ്പോഴാണ് പറഞ്ഞതുപോലെ സുരേഷ് ഒരു ഐടി പ്രൊഫഷണൽ അല്ലെന്ന സത്യം പൊലീസിന് മനസ്സിലായത്. ദേവിപ്രിയയുമായി പ്രണയത്തിലാകാനാണ് താൻ ഐടി പ്രൊഫഷണലാണെന്ന് നുണ പറഞ്ഞതെന്നും ആന്ധ്രയിലെ ഒരു ഫാക്ടറിയിലാണ് താൻ ജോലി ചെയ്യുന്നതെന്നും സുരേഷ് പൊലീസിനോട് സമ്മതിച്ചു. ഇരുവരെയും റിമാൻഡിൽ വിട്ടുകിട്ടുന്നതിനുവേണ്ടി ജില്ലാക്കോടതിയിൽ ഹാജരാക്കി.