Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രെയിൻ കാത്തുനിന്ന യുവതിക്ക് പ്രസവവേദന; പ്ലാറ്റ്ഫോമിൽ പ്രസവമുറിയൊരുക്കി പൊലീസ്

police-help-01 Photo Credit: Youtube

മുംബൈയിലെ തിരക്കേറിയ ദാദർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കാത്തു നിൽക്കുമ്പോഴാണ് 21 വയസ്സുകാരിയായ ഗീതാ ദീപക്കിന് പ്രസവവേദനയനുഭവപ്പെട്ടത്. യുവതിയുടെ ഒപ്പമാകട്ടെ ഒരു പുരുഷനും രണ്ടു കുട്ടികളും മാത്രം. സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ പൊലീസ് ഉടൻ തന്നെ പ്ലാറ്റ്ഫോമിൽ യുവതിക്ക് പ്രസവമുറിയൊരുക്കി. ഉടൻ തന്നെ റെയിൽവേ മെഡിക്കൽ ടീമിന്റെ സഹായവും ഏർപ്പെടുത്തി.

യുവതിയുടെ അവസ്ഥയറിഞ്ഞ് പ്ലാറ്റ്ഫോമിൽ ആൾക്കൂട്ടം രൂപപ്പെട്ടതോടെയാണ് യുവതിയുടെ സ്വകാര്യതയെ മാനിക്കുവാനും പ്രസവത്തിനു സൗകര്യമൊരുക്കുവാനുമായി ബെഡ്ഷീറ്റുകൾ കൊണ്ട് പ്ലാറ്റ്ഫോമിൽ ഒരു താൽക്കാലിക പ്രസവമുറിയൊരുക്കിയത്. റെയിൽവേ മെഡിക്കൽ ടീമിന്റെ സാന്നിധ്യത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയും തുടർ ചികിൽസയ്ക്കായി അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

റെയിൽവേ സ്റ്റേഷനിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് റെയിൽവേ പൊലീസ് ചെയ്ത നന്മയുടെ കഥ പുറംലോകമറിഞ്ഞത്. ഗർഭിണിയുടെ നിസ്സഹായാവസ്ഥ കണ്ടറിഞ്ഞ് ഓടിനടന്ന് വേണ്ട സൗകര്യങ്ങളൊരുക്കുന്ന റെയിൽവേ പൊലീസിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.