sections
MORE

ദിവസം 4 തവണ പീഡിപ്പിക്കും, 13 വയസ്സിൽ പ്രസവിച്ചു; അച്ഛന്റെ ക്രൂരതയെക്കുറിച്ച് പെൺകുട്ടി

child-abuse-55
SHARE

ആറു വയസ്സു മുതൽ അവളെ അച്ഛൻ ലൈംഗികമായി ദുരുപയോഗം ചെയ്യുമായിരുന്നു. എല്ലാ അച്ഛന്മാരും പെൺമക്കളോട് സ്നേഹം പ്രകടിപ്പിക്കുന്നത് ഇങ്ങനെയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഇതിനിടെ 11–ാം വയസ്സിൽ അവൾ അച്ഛനിൽ നിന്നു ഗർഭം ധരിച്ചു. അവളുടെ അറിവില്ലായ്മയും അച്ഛന്റെ ലൈംഗിക ദുരുപയോഗവും മൂലം ആ ഗർഭം അലസിപ്പോയി. വീണ്ടും 13–ാം വയസ്സിൽ അവൾ അച്ഛനിൽ നിന്നും ഗർഭം ധരിച്ചു.

മകൾ വീണ്ടും ഗർഭിണിയാണെന്നറിഞ്ഞതോടെ അവളുടെ ഗർഭം അലസിപ്പിക്കാനുള്ള പോം വഴികൾക്കായി അയാൾ ഗൂഗിളിൽ തിരഞ്ഞു. അതിൽ നിന്നും കിട്ടിയ അറിവുവെച്ച് കഠിനമായ വ്യായാമം ചെയ്യിച്ചും മറ്റും അവളുടെ ഗർഭം അലസിപ്പിക്കാൻ ശ്രമം നടത്തി. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്കൂൾ ജീവനക്കാരി പരിശോധനയ്ക്ക് വിധേയയാകണമെന്ന് അവളെ ഉപദേശിച്ചു. അവരുടെ കണ്ണുവെട്ടിച്ച് വീട്ടിലെത്തിയ പെൺകുട്ടിയെയും കൊണ്ട് അവളുടെ അച്ഛൻ നാടുവിട്ടു. തന്റെ കള്ളിവെളിച്ചത്താവുമെന്ന് ഭയന്ന അയാൾ ആറുദിവസത്തോളം പൂർണ്ണ ഗർഭിണിയായ മകളെയും കൊണ്ട് കറങ്ങി നടന്നു. അതിനു ശേഷം രണ്ടു ദിവസത്തിനകം അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.

കൈയിലിരിക്കുന്ന പിഞ്ചു കുഞ്ഞിനെ മകനെന്നു വിളിക്കണോ, അനിയനെന്നു വിളിക്കണോയെന്ന ആശയക്കുഴപ്പവുമായി നിന്ന പതിമൂന്നു വയസ്സുകാരി വാർത്തകളിൽ നിറഞ്ഞത് 2015 ൽ അവളുടെ അച്ഛൻ അറസ്റ്റിലായപ്പോഴാണ്. 15 വർഷം തടവു ശിക്ഷയാണ് അയാൾക്ക് ലഭിച്ചത്. വലിയൊരു മഹാപാപം ചെയ്തിട്ടും അച്ഛൻ അറസ്റ്റിലായപ്പോൾ പോലും അവൾ പറഞ്ഞത് അച്ഛനെ ഇഷ്ടമാണെന്നും അച്ഛനെ നഷ്ടപ്പെടുത്താൻ വയ്യെന്നുമായിരുന്നു. മാധ്യമങ്ങളിൽ വലിയ തലക്കെട്ടുകളായി ആ പെൺകുട്ടിയുടെ വാക്കുകൾ അന്ന് അച്ചടിച്ചു വന്നു.

child abuse
പ്രതീകാത്മക ചിത്രം

വീണ്ടും ഒരു മൂന്നു വർഷം കൂടി വേണ്ടി വന്നു ആ പെൺകുട്ടിക്ക് തിരിച്ചറിവുണ്ടാകാൻ. തന്നെപ്പോലെ ഒരു പെൺകുട്ടിയും വീടിനുള്ളിൽ ലൈംഗിക പീഡനം അനുഭവിക്കാൻ പാടില്ല എന്ന നിശ്ചയ ദാർഢ്യത്തോടെ അവൾ തന്റെ പേരും മറ്റു വിവരങ്ങളും തുറന്നു പറഞ്ഞു. 6 വയസ്സുമുതൽ അച്ഛനിൽ നിന്ന് അനുഭവിച്ച ക്രൂരതകളെക്കുറിച്ചെല്ലാം തുറന്നു പറയാൻ അവൾ തയാറായി.

ഷാനൻ ക്ലിഫ്റ്റൺ എന്നാണ് തന്റെ പേരെന്നു പറഞ്ഞുകൊണ്ട് അവൾ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ വെളിപ്പെടുത്തലിങ്ങനെ:-

'' എന്റെ അച്ഛന്റെ പേര് ഷാനേ റി ക്ലിഫ്റ്റൻ. അയാൾ എന്റെ ജീവിതം മോഷ്ടിച്ചു. ഒരിക്കലും ഉണരാൻ കഴിയാത്ത ഒരു ദുസ്വപ്നമാക്കി അയാൾ എന്റെ ജീവിതത്തെ മാറ്റി. വർഷങ്ങളോളം എന്നെ മാനഭംഗപ്പെടുത്തി, ഒരുപാട് ദേഹോപദ്രവം ഏൽപ്പിച്ചു. എല്ലാ ദിവസവും അതികഠിനമായ വേദനയിലൂടെയാണ് ഞാൻ കടന്നുപോയത്'' അച്ഛനോട് വെറുപ്പുണ്ട്. പക്ഷേ അയാളെ നഷ്ടപ്പെടാൻ വയ്യ. കാരണം കുട്ടിക്കാലം മുതൽ ഒപ്പമുള്ള ഒരേയൊരു കുടുബാംഗം അയാളാണ്.– ഷാനൻ പറയുന്നു. 

ഷാനന്റെ അമ്മയുമായി പിരിഞ്ഞ ശേഷം അഞ്ചു വയസ്സുള്ള കുഞ്ഞിനെ അയാൾ ഒപ്പം കൂട്ടി. കുഞ്ഞു രാജകുമാരി എന്നു വിളിച്ചുകൊണ്ടാണ് അയാൾ ഷാനനുമേൽ അവകാശവാദമുന്നയിച്ച് അവളെ ഒപ്പം കൂട്ടിയത്. പക്ഷേ അയാൾക്കുള്ളിൽ ഉറങ്ങിക്കിടന്ന രാക്ഷസൻ പതിയെ പുറത്തു വന്നു. ആദ്യമൊക്കെ കുട്ടിയെ അടിക്കുകയും ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിക്കുകയുമൊക്കെ ചെയ്തു. പിന്നീട് ലൈംഗികമായി ഉപദ്രവിക്കുവാൻ തുടങ്ങി. അതേക്കുറിച്ച് ഷാനൻ പറയുന്നതിങ്ങനെ

'' എല്ലാ ദിവസവും രാത്രി അയാളെന്നെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കും നിശാവസ്ത്രത്തോടെ തറയിൽ കിടത്തും എന്നിട്ട് ഉപദ്രവിക്കും. വേദനകൊണ്ട് കരയുമ്പോൾ എല്ലാ അച്ഛന്മാരും പെൺകുട്ടികളോട് സ്നേഹപ്രകടനം നടത്തുന്നത് ഇങ്ങനെയൊക്കെയാണെന്നു പറയും. ഓരോ ദിവസവും 4 പ്രാവശ്യം ഇതാവർത്തിക്കും. ഏങ്ങലടിച്ചു കരയുന്ന ഞാൻ അപ്പോഴേക്കും രക്തത്തിൽ കുതിർന്നിരിക്കും. ഒരിയ്ക്കൽ  എന്നെ ഉപദ്രവിക്കുന്നതിന്റെ റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ അയാളെനിക്ക് കാട്ടിത്തന്നു. ആ ഭീകരദൃശ്യങ്ങൾ കണ്ട് ഞാൻ അലറിക്കരഞ്ഞു. എന്നിട്ടും അയാളെ വെറുക്കാനെനിക്കാവുന്നില്ല.– ഷാനൻ പറയുന്നു.

Child abuse
പ്രതീകാത്മക ചിത്രം

അച്ഛനിൽ ജനിച്ച കുഞ്ഞിനോട് സ്നേഹമുണ്ടെന്നും എന്നാൽ അവനെ മകനെന്നു വിളിക്കണോ, അനിയനെന്നു വിളിക്കണോ എന്നറിയില്ലായിരുന്നുവെന്നും ഒടുവിൽ ഏറെ വേദനയോടെ അവനെ ദത്തു നൽകിയെന്നും ഷാനൻ പറയുന്നു. 

കുട്ടിക്കാലം  മുതലുള്ള ശാരീരിക മാനസിക പീഡനങ്ങൾ മൂലം പോസ്റ്റ് ഡ്രോമാറ്റിക് സ്ട്രെസ്സ് ഡിസോർഡർ എന്ന അവസ്ഥയിലൂടെയും ഷാനന് കടന്നു പോകേണ്ടി വന്നു. 16–ാം വയസ്സിൽ അവൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പിന്നീട് അവളെ ഒരു കുടുംബം ഏറ്റെടുക്കുകയും  ചെയ്തു. അവരുടെ സഹായത്തോടെ പുതിയൊരു ജീവിതം തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഷാനൻ.

''എന്റെ അച്ഛൻ എന്തിനാണ് എന്നോടിങ്ങനെ ചെയ്തതെന്ന് എനിക്കിപ്പോഴുമറിയില്ല. എന്നെപ്പോലെ മോശം അനുഭവത്തിലൂടെ കടന്നു പോകേണ്ടി വന്നവർക്ക് ധൈര്യം നൽകാൻ വേണ്ടിയാണ് എന്റെ അനുഭവം ‍ഞാൻ തുറന്നു പറയുന്നത്''.– ഷാനൻ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA