ADVERTISEMENT

ആദായ നികുതി ഒഴിവാക്കി കൂടുതൽ തുക സമ്പാദിക്കുന്നതിനെക്കുറിച്ച് തല പുകഞ്ഞാലോചിക്കുകയാണ് ഇന്ത്യയിലെ ഇടത്തരക്കാർ. എന്നാൽ സ്ത്രീകൾ എത്ര കൂടുതൽ വരുമാനം ഉണ്ടായാലും നികുതി അടയ്ക്കേണ്ടതില്ലാത്ത ഒരു രാജ്യമുണ്ട്– ഹംഗറി. പ്രധാനമന്ത്രി തന്നെയാണ് രാജ്യത്തോടു നടത്തിയ വാർഷിക പ്രഭാഷണത്തിൽ ഈ വാഗ്ദാനം മുന്നോട്ടുവച്ചത്.

പക്ഷേ, ഒരു വ്യവസ്ഥയുണ്ട്– നാലോ അതിലധികമോ കുട്ടികളുടെ അമ്മയായിരിക്കണം. ഇതിനൊപ്പം ആകർഷകമായ കുറേയധികം വാഗ്ദാനങ്ങളും പ്രധാനമന്ത്രി വിക്ടർ ഓർബൻ തന്റെ പ്രഭാഷണത്തിൽ മുന്നോട്ടുവച്ചു. ഹംഗറിയിൽ ജനനനിരക്ക് മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. അനധികൃത കുടിയേറ്റത്തെ എതിർക്കുന്നതാണ് രാജ്യത്തിന്റെ നയം.  ഈ രണ്ടു പ്രശ്നങ്ങളും പരിഹരിക്കാൻ കൂടുതൽ കുട്ടികൾ വേണം. ഇതിനു കുടുംബങ്ങളെ പ്രേരിപ്പിക്കുകയാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളുടെ ലക്ഷ്യം. 

നാലോ നാലിൽക്കൂടുതലോ കുട്ടികളെ വളർത്തുന്ന അമ്മമാരെ ആദായനികുതിയിൽനിന്ന് ഒഴിവാക്കിയതിനൊപ്പം വലിയ കാറുകൾ വാങ്ങാൻ ഇത്തരം കുടുംബങ്ങൾക്ക് സർക്കാർ സബ്സിഡിയും പ്രഖ്യാപിച്ചു. രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് വീട് സ്വന്തമാക്കാനും സർക്കാർ സഹായിക്കും. 40 വയസ്സിൽ താഴെയുള്ള യുവതികൾ ആദ്യ വിവാഹം കഴിക്കുമ്പോഴും വായ്പയ്ക്ക് അർഹരാണ്. 

No Income Tax For Women In Hungary Who Have Four Or More Kids
പ്രതീകാത്മക ചിത്രം

രാജ്യത്തെ ജനങ്ങളുടെ ആരോഗ്യരക്ഷയ്ക്കുവേണ്ടികൂടുതൽ തുക നീക്കിവയ്ക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കുട്ടികളെ പരിപാലിക്കുന്നതിനുവേണ്ടി പുതുതായി 21,000 ശിശുപരിപാലന കേന്ദ്രങ്ങളും തുറക്കും. കുട്ടികളെ ഇത്തരം കേന്ദ്രങ്ങളിലാക്കി അമ്മമാർക്ക് സമാധാനത്തോടെ ജോലിക്കു പോകാം. വീടുകളിൽ തന്നെ കഴിയുന്ന കുട്ടികളെ നോക്കുന്നത് മുത്തശ്ശനും മുത്തശ്ശിയുമാണെങ്കിൽ അവർക്ക് സർക്കാർ നിശ്ചിത തുക ശമ്പളമായി കൊടുക്കും. ‘ചൈൽഡ്കെയർ ഫീ’എന്നാണിത് അറിയപ്പെടുന്നത്. 

യൂറോപ്പിൽ പുതുതായി ജനിക്കുന്ന കുട്ടികളുടെ എണ്ണം വളരെ കുറവാണ്. പടിഞ്ഞാറൻ രാജ്യങ്ങൾ ഈ പ്രശ്നം പരിഹരിക്കാൻ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നു. നഷ്ടപ്പെടുകയോ കാണാതാകുകയോ ഇല്ലാതാകുകയോ ജനിക്കാതിരിക്കുകയോ ചെയ്യുന്ന കുട്ടിക്കു പകരം മറ്റൊരാൾ അതിർത്തി കടന്നുവരുന്നു. അതുകൊണ്ട് പുതുതായി കുട്ടികൾ ജനിക്കാത്തത് അവരെ ബാധിക്കാറില്ല. പക്ഷേ, നമുക്ക് അതിർ‌ത്തി കടന്നുവരുന്നവരെ സ്വീകരിക്കേണ്ടതില്ല. നമുക്കുവേണ്ടത് നമ്മുടെ കുട്ടികളാണ്. ഹംഗേറിയൻ കുട്ടികൾ– സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇളവുകളും സഹായവും പ്രഖ്യാപിച്ച പ്രസംഗത്തിനിടെ പ്രധാനമന്ത്രി ഓർബൻ പ്രഖ്യാപിച്ചു.കുടിയേറ്റത്തിന് ഹംഗറി നൽകുന്ന മറുപടിയാണ് താൻ പ്രഖ്യാപിച്ച വാഗ്ദാനങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു. 

യൂറോപ്യൻ യൂണിയനിൽ അംഗമായ ഹംഗറി കുടിയേറ്റത്തെ എതിർക്കുന്ന നയമാണ് പിന്തുടരുന്നത്. ഇതിന്റെ പേരിൽ പ്രധാനമന്ത്രിയും വിമർശിക്കപ്പെട്ടിരുന്നു. 2015 ൽ അഭയാർഥി പ്രവാഹം ഉണ്ടായപ്പോൾപോലും രാജ്യത്തിന്റെ വാതിലുകൾ‌ തുറന്നിടുന്നതിന് ഓർബൻ എതിരായിരുന്നു.

2017–ൽ 94600 കുട്ടികൾ ഹംഗറിയിൽ പുതുതായി ജനിച്ചു. ഇതേ കാലത്ത് മരിച്ചവരുടെ എണ്ണമാകട്ടെ 1,31,900 പേരും. 37000 പേരുടെ കുറവാണ് ജനസംഖ്യയിൽ ഒരുവർഷം മാത്രമുണ്ടായത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com