ADVERTISEMENT

ആ കുട്ടിയെ സ്വീകരിക്കണോ വേണ്ടയോ? രണ്ടു മനസ്സാണ് ഇക്കാര്യത്തിൻ ബ്രിട്ടന്. മനുഷ്യത്വപരമായ കാരണങ്ങളാല്‍ കുട്ടിയെ സ്വീകരിക്കണമെന്ന നിലപാട് ചിലര്‍ സ്വീകരിക്കുമ്പോള്‍ ഭീകരവാദത്തോട് മൃദുസമീപനം പാടില്ലെന്നു വാദിക്കുന്നവരുമുണ്ട്. ചര്‍ച്ച പുരോഗമിക്കുമ്പോഴും ചോദ്യചിഹ്നമായി തുടരുകയാണ് കുട്ടിയുടെ ഭാവി. ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടിഷ് പെണ്‍കുട്ടിക്കു ജനിച്ച കുട്ടിയുടെ ഭാവിയാണ് രാജ്യത്ത് സംസാരവിഷയമായിരിക്കുന്നത്. കൗമാരത്തില്‍ ഒളിച്ചോടിയ പെണ്‍കുട്ടി ഒരു കുട്ടിക്കു ജന്‍മം നല്‍കിയിരിക്കുന്നു. കുട്ടിയുമായി തിരിച്ചുവരാന്‍ പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിക്കുന്നു എന്ന സൂചനകള്‍ക്കിടെയാണ് ഭീകരഗ്രൂപ്പില്‍ ചേര്‍ന്ന പെണ്‍കുട്ടിയേയും നവജാതശിശുവിനെയും സ്വീകരിക്കണോ വേണ്ടയോ എന്ന ചര്‍ച്ച ഉടലെടുത്തിരിക്കുന്നത്. 

ഷാമിമ ബീഗം എന്ന പെണ്‍കുട്ടി രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ ഒളിച്ചോടിയത് 2015-ല്‍. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്. ഷാമിമ ഇപ്പോള്‍ ഒരു കുട്ടിക്കു ജന്‍മം നല്‍കിയെന്ന് അറിഞ്ഞതോടെ ഉത്കണ്ഠയിലാണ് ബ്രിട്ടനില്‍ മാതാപിതാക്കളും കുടുംബവും. ഷാമിമയുമായി വിവരങ്ങള്‍ കൈമാറുകയോ ബന്ധം നിലനില്‍ക്കുകയോ ചെയ്യുന്നില്ലെങ്കിലും ലഭ്യമായ സൂചനകളനുസരിച്ച് അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് കുടുംബവൃത്തങ്ങള്‍ പറയുന്നു. 

ഷാമിമയുമായി ബന്ധം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹവും കുടുംബത്തിനുണ്ടെന്ന് അഭിഭാഷകന്‍ മൊഹമ്മദ് അകുഞ്ജി അറിയിക്കുന്നു. സിറിയയുടെ കിഴക്ക് ഒരു അഭയാര്‍ഥി ക്യാംപിലാണത്രേ ഷാമിമ ഇപ്പോഴുള്ളത്. അവിടെയുള്ള ഒരു പരിഭാഷകനില്‍നിന്നുമാണ് കുട്ടി ജനിച്ച വിവരവും അറിഞ്ഞത്. ഷാമിമ നേരത്തെ രണ്ടു കുട്ടികള്‍ക്ക് ജന്‍മം നല്‍കിയിരുന്നുവെങ്കിലും രണ്ടു കുട്ടികളും സിറിയയില്‍വച്ചുതന്നെ മരിച്ചുപോയി. മൂന്നാമത് ജനിച്ച കുട്ടിയെ ബ്രിട്ടനില്‍ വളര്‍ത്തിക്കൊണ്ടുവരണമെന്നാണ് ഷാമിമയുടെ ആഗ്രഹം. പക്ഷേ, ഭീകരഗ്രൂപ്പില്‍ ചേര്‍ന്ന ഒരു യുവതിയുടെ കുട്ടിയെ സാധാരണ സാഹചര്യത്തില്‍ വളര്‍ത്താന്‍ അനുമതി നല്‍കണോ എന്ന കാര്യത്തില്‍ ബ്രിട്ടനിലെ ജനങ്ങളും സര്‍ക്കാരും രണ്ടു മനസ്സിലാണ്. 

ഐഎസില്‍ ചേരാനെടുത്ത തീരുമാനത്തില്‍ 19 വയസ്സുകാരിയായ ഷാമിമ ഇതുവരെ പശ്ഛാത്താപം പ്രകടിപ്പിച്ചിട്ടില്ല. അങ്ങനെയൊരു യുവതിയുടെ കുട്ടിക്ക് സാധാരണ പൗരന്‍മാരുടെ അവകാശങ്ങള്‍ എങ്ങനെ അനുവദിക്കാനാവുമെന്നാണ് ചില രാഷ്ട്രീയക്കാരും മന്ത്രിസഭാംഗങ്ങളും ചോദിക്കുന്നത്. പക്ഷേ, ആ വാദം തെറ്റാണെന്നും ഷാമിമ ബീഗത്തോടും അവരുടെ കുട്ടിയോടും മാതൃരാജ്യമായ ബ്രിട്ടന് ഉത്തരവാദിത്തമുണ്ടെന്നും തിരിച്ചുവന്നാല്‍ അവരെ സ്വീകരിക്കണമെന്നുമാണ് ഷാമിമയുടെ ബ്രിട്ടനിലെ കുടുംബത്തിന്റെ അഭിഭാഷകനായ മൊഹമ്മദ് അകുഞ്ജിയുടെ നിലപാട്. ഒരു കുട്ടിയുടെ കാര്യത്തില്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള അതേ ഉത്തരവാദിത്തം സ്വന്തം പൗരന്‍മാരുടെ കാര്യത്തില്‍ രാജ്യത്തിനുമുണ്ടെന്ന് അദ്ദേഹം വാദിക്കുന്നു.  

സിറിയയില്‍ അഭയാര്‍ഥി  ക്യാംപുകളില്‍ കഴിയുന്ന നൂറുകണക്കിനു പൗരന്‍മാരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. എണ്ണൂറോളം പേരെ ഇത്തരത്തില്‍ അമേരിക്കന്‍ സൈന്യം സിറിയയില്‍ തടവിലാക്കിയിട്ടുണ്ടെന്നാണ് കണക്ക്. ഇവരെയെല്ലാം മാതൃരാജ്യങ്ങളില്‍കൊണ്ടുവന്ന് വിചാരണയ്ക്ക് വിധേയരാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. സിറയയിലെ ഐഎസ് ആധിപത്യം അവസാനിപ്പിക്കാന്‍ ഇതാവശ്യമാണെന്നും അദ്ദേഹം കരുതുന്നു. സിറിയയെ പൂര്‍ണമായും ഭീകരവാദത്തില്‍നിന്ന് മോചിപ്പിച്ചതിനുശേഷം സൈന്യത്തെ പിന്‍വലിക്കാനും ട്രംപ് ആഗ്രഹിക്കുന്നു. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ ചിന്നിച്ചിതറിയ ഭീകരപ്രവര്‍ത്തകര്‍ വീണ്ടും ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുമോ എന്ന ആശങ്കയുമുണ്ട്. 

മുന്‍ അറ്റോര്‍ണി ജനറലും ബ്രിട്ടന്റെ സാംസ്കാരിക സെക്രട്ടറിയുമായ ജെറമി റൈറ്റിന്റെ അഭിപ്രായത്തില്‍ രാജ്യം ഒളിച്ചോടിപ്പോയ പൗരന്‍മാരെ തിരിച്ചെടുക്കുക തന്നെവേണം. പക്ഷേ, ഒരിക്കല്‍ ഐഎസില്‍ ചേരാന്‍ പോയ ഒരാളെപ്പോലും തിരിച്ചുകൊണ്ടുവരരുതെന്നും അവരുടെ സാന്നിധ്യം രാജ്യത്തിന്റെ സമാധാന ജീവിതത്തിനു ഭീഷണിയാണെന്നുമാണ് മറുപക്ഷക്കാരുടെ വാദം. ബ്രിട്ടനില്‍ ജീവിക്കുന്ന പൗരന്‍മാരുടെ ജീവിതത്തിലാണ് രാജ്യത്തിന്റെ ഉത്തരവാദിത്തമെന്നും അവരുടെ ഭാവിയാണ് പ്രധാന ഉത്കണ്ഠയുമെന്നും അവര്‍ ശക്തിയുക്തം വാദിക്കുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com