ADVERTISEMENT

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആരോപണങ്ങൾ ഒന്നിനുപിന്നാലെ ഒന്നായി വേട്ടയാടുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ. കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതും പ്രസിഡന്റിനെതിരെയ ലൈംഗികാരോപണമായി ചൂടു പിടിക്കുന്നതും. പ്രചാരണ സംഘത്തിലുണ്ടായിരുന്ന കറുത്ത വർഗക്കാരിയായ യുവതിയെ  അനുവാദമില്ലാതെ ചുംബിച്ചുവെന്നാണ് പുതിയ ആരോപണം. 2016–ൽ ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽത്തന്നെയുണ്ടായിരുന്ന യുവതിയാണ് ആരോപണം ഉന്നയിച്ചതെന്നും പ്രശ്നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. തിങ്കളാഴ്ച ഫെഡറൽ കോടതിയിൽ യുവതി കേസ് ഫയൽ ചെയ്തു.

ആൽവാ ജോൺസൺ എന്ന യുവതിയാണ് പ്രസിഡന്റിനെതിരെ ലൈംഗിക പീഡന ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തപ്പോൾ കൂടെയുണ്ടായിരുന്ന വെള്ളക്കാർക്ക് കൊടുത്ത അതേ ശമ്പളം നൽകിയില്ലെന്നും പുരുഷൻമാർക്ക് കൊടുത്തതിലും കുറഞ്ഞ വേതനമാണ് നൽകിയതെന്നുമുള്ള ആരോപണവും ആൽവ ഉന്നയിച്ചിട്ടുണ്ട്. ട്രംപിനെതിരെ പരസ്യമായി ലൈംഗിക പീഡന ആരോപണമുന്നയിച്ച ഒരു ഡസൻ യുവതികളിൽ ഏറ്റവും ഒടുവിലത്തെയാളാണ് ആൽവ. 

2016 ഓഗസ്റ്റ് 24 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തിര‍ഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ടാംപ എന്ന സ്ഥലത്ത് ട്രംപ് സഞ്ചരിച്ചിരുന്ന വാഹനം നിർത്തി. വാഹനത്തിൽനിന്ന് പുറത്തേക്കിറങ്ങാൻ ട്രംപ് വാതിലനുടത്തേക്ക് വന്നപ്പോൾ ആൽവ അഭിമുഖമായി വന്നു. മാസങ്ങളായി താൻ പ്രചാരണരംഗത്തുതന്നെയാണെന്നും വിശ്രമമില്ലാതെ ജോലി ചെയ്യുകയാണെന്നന്നും അവർ ട്രംപിനെ അറിയിച്ചു. വിജയാശംസ നേർന്ന് അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാനും മറന്നില്ല. ട്രംപ് ഉടൻതന്നെ ആൽവയുടെ കൈപിടിച്ച് ശക്തമായി കുലുക്കി. താനൊരിക്കലും ആൽവയെ മറക്കില്ലെന്ന് അറിയിച്ചുകൊണ്ട് അദ്ദേഹം മുഖം യുവതിയുടെ മുഖത്തേക്ക് അടുപ്പിച്ചു. ആ നിമിഷം അദ്ദേഹത്തിന്റെ ശ്വാസം തന്റെ ശരീരത്തിൽ ആൽവയ്ക്ക് അനുഭവിക്കാൻ കഴിഞ്ഞു. പെട്ടെന്ന് അവർ തല ഒരുവശത്തേക്ക് തിരിച്ചെങ്കിലും ട്രംപ് മുഖത്തുതന്നെ ചുംബിച്ചതായാണ് ആൽവ പരാതിയിൽ പറയുന്നത്.

അനുവാദമില്ലാത്ത ചുംബനം അങ്ങേയറ്റം അസ്വസ്ഥജനകമായാണ് ആൽവയ്ക്ക് അനുഭവപ്പെട്ടതെന്ന് അവരുടെ അഭിഭാഷകൻ അറിയിച്ചു. ഉടൻതന്നെ പങ്കാളിയോടും അച്ഛനോടും അമ്മയോടും അവർ വിവരം പറഞ്ഞു. കരച്ചിൽ നിർത്താൻപോലും കഴിഞ്ഞില്ലെന്നും പരാതിയിലുണ്ട്. മൂന്നുപേരും അന്ന് ആൽവ സംഭവം തങ്ങളോടു പറഞ്ഞിരുന്നതായി കഴിഞ്ഞദിവസം മാധ്യമങ്ങൾക്കുമുന്നിൽ വെളിപ്പെടുത്തി.

പീഡിപ്പിക്കപ്പെട്ടതായാണ് എനിക്കു തോന്നിയത്. അപമാനിക്കപ്പെട്ടതായും. ഞാൻ ആ ചുംബനം ആഗ്രഹിച്ചിരുന്നില്ല. അത് അനവസരത്തിലുമായിരുന്നു–ആൽവ പറഞ്ഞതായി അഭിഭാഷകൻ വെളിപ്പെടുത്തുന്നു. എന്തായാലും വൈറ്റ് ഹൗസ് ആരോപണം നിഷേധിച്ച് ഉടൻതന്നെ രംഗത്തെത്തി. അങ്ങേയറ്റം അസംബന്ധം നിറഞ്ഞ ആരോപണമാണെന്നും ദൃക്സാക്ഷികൾ  സംഭവം നിഷേധിച്ചിട്ടുണ്ടെന്നും കൂടി വൈറ്റ് ഹൗസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com