ADVERTISEMENT

ബ്രെക്സിറ്റ് കരാര്‍ ഭേദഗതി വോട്ടെടുപ്പില്‍ പരാജയപ്പെടുകയും സ്വന്തം കക്ഷിയിലെ അംഗങ്ങളുള്‍പ്പെടെ കൂറു മാറുകയും ചെയ്ത് സ്വന്തം പദവി തന്നെ അപകടത്തിലാണെങ്കിലും വര്‍ധിച്ചുവരുന്ന ഇന്ത്യാ-പാക്ക് സംഘര്‍ഷത്തില്‍ ആശങ്കയുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും അപ്രഖ്യാപിത യുദ്ധത്തിനു കോപ്പുകൂട്ടുകയും ആകാശാതിര്‍ത്തി നിരന്തരമായി ലംഘിച്ച് ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്നതാണ് ബ്രിട്ടനെ ആശങ്കപ്പെടുത്തുന്നത്. ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അഭിമാനസ്തംഭമായിരുന്നല്ലോ വിഭജനത്തിനും മുന്‍പുണ്ടായിരുന്ന ഇന്ത്യ. 

ഇരുരാജ്യങ്ങളും ഇപ്പോഴത്തെ സാഹചര്യത്തില്‍ സംയമനം പാലിക്കണമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന. പുതിയ സംഘര്‍ഷങ്ങള്‍ ഉണ്ടാകരുത്. ആക്രമണങ്ങളും. അതിന് ഇപ്പോള്‍ വേണ്ടത് സ്വയം നിയന്ത്രണമാണ്. സമാധാനവും- മേ പറഞ്ഞു. 1971-ലെ യുദ്ധത്തിനുശേഷം ഇതാദ്യമായാണ് പാക്കിസ്ഥാന്റെ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യ ആക്രമണം നടത്തുന്നതും പ്രത്യാക്രമണത്തിന് പാക്കിസ്ഥാന്‍ ഒരുങ്ങുന്നതും. സംഘര്‍ഷം വര്‍ധിച്ചതോടെ അതിര്‍ത്തിയിലുള്‍പ്പെടെ ഇരുരാജ്യത്തെയും ജനങ്ങള്‍ ഭീതിയിലാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന യുദ്ധസമാന സാഹചര്യം. 

ഇന്ത്യാ-പാക്ക് സംഘര്‍ഷത്തെക്കുറിച്ച് പാര്‍ലമെന്റംഗങ്ങള്‍ ആശങ്ക അറിയിച്ചപ്പോള്‍ ബ്രിട്ടിഷ് പാര്‍ലമെന്റിലായിരുന്നു മേയുടെ പ്രസ്താവന. ഇരുരാജ്യങ്ങളുമായും ഞങ്ങള്‍ നിരന്തര സമ്പര്‍ക്കത്തിലാണ്. കാര്യങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്യുന്നുമുണ്ട്. അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഒരേയൊരു വഴി സംഭാഷണങ്ങള്‍ മാത്രമാണ്. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ബ്രിട്ടന്‍ അഭ്യര്‍ഥിക്കുന്നു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ പ്രശ്നത്തില്‍ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും തെരേസ മേ പാര്‍ലമെന്റില്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com