ADVERTISEMENT

ജിയാന എന്ന പെൺകുട്ടി ജനിച്ചപ്പോൾ അവളുടെ തൂക്കം അരക്കിലോയിലും കുറവായിരുന്നു. ഗർഭകാലാവധി പൂർത്തിയാകുന്നതിനും നാലുമാസം മുമ്പേയായിരുന്നു പ്രസവം. ജനനസമയത്ത് 492 ഗ്രാം മാത്രം തൂക്കമുള്ള പെൺകുട്ടികൾ ഇതിനുമ്പ് അതിജീവിച്ച ചരിത്രം രാജ്യത്തില്ല. പ്രതീക്ഷ വേണ്ടെന്നു ഡോക്ടർമാർ ഉറപ്പിച്ചു പറഞ്ഞെങ്കിലും ജനിച്ചു വീണപ്പോൾ ജിയാന പുറപ്പെടുവിച്ച കരച്ചിൽ മനസ്സിലുണ്ടായിരുന്ന ദിനാൽ എന്ന അമ്മ ഡോക്ടർമാരോട് ആപേക്ഷിച്ചു: കഴിയുന്നത്ര ശ്രമിക്കൂ. ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കും.

മുൻപു രണ്ടു തവണ ഗർഭഛിദ്രത്തിനു വിധേയയായ വ്യക്തിയാണ് ദിനാൽ. ജിയാനയ്ക്കൊപ്പം ജനിച്ച ഇരട്ടസഹോദരനു തൂക്കം 530 ഗ്രാം ആയിരുന്നു. പ്രസവിച്ചു നാലാഴ്ചയ്ക്കുശേഷം ശ്വാസകോശരോഗത്തെ തുടർന്ന് ആ കുട്ടി മരിക്കുകയും ചെയ്തു. ദിനാൽ പ്രതീക്ഷയോടെ കാത്തിരുന്നു; ജിയാനയെ ജീവനോടെ തനിക്കു കിട്ടുമെന്ന പ്രതീക്ഷയിൽ. ഒടുവിൽ അദ്ഭുതം സംഭവിച്ചു. ഇന്ത്യയിൽ ഇതുവരെയുള്ള റെക്കോർഡുകൾ തിരുത്തിയെഴുതി ജിയാന ജീവിതത്തിലേക്ക്. ഏറ്റവും ഭാരം കുറഞ്ഞ, ഗർഭത്തിൽ ഏറ്റവും കുറച്ചുനാളുകൾ മാത്രം ചെലവഴിച്ച അദ്ഭുതശിശു.

കഴിഞ്ഞ ഒക്ടോബർ 18 ന് അഹമ്മദാബാദിലെ ഒരു ആശുപത്രിയിലായിരുന്നു ജിയാനയുടെ ജനനം. ദിനാലിനും രാഹുൽ മേത്തയ്ക്കും വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടി. അരലീറ്റർ പാൽകവറിന്റെ അത്രപോലും ഭാരമില്ലാതിരുന്ന ജിയാന 102 ദിവസമാണ് നവജാത ശിശുപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ പരിപൂർണ മേൽനോട്ടത്തിൽ കഴിഞ്ഞത്. ജനുവരി 27 ന് കുട്ടിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ തൂക്കം 1.8 കിലോഗ്രാം. അപ്പോഴേക്കും എല്ലാ അവയവങ്ങളും ശരിയായ രീതിയിൽ, പൂർണതോതിൽ പ്രവർത്തിക്കുന്നുണ്ട്. മാർച്ച് 21 ന് പുനഃപരിശോധനയ്ക്ക് കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിക്കുമ്പോൾ തൂക്കം 2.6 കിലോഗ്രം. സാധാരണ ഏതൊരു കുട്ടിയുടെയും ശരീരഭാരം. പൂർണ്ണആരോഗ്യവതിയും. അഹമ്മദാബാദിലെ അർപൺ ന്യൂ ബോൺ കെയർ സെന്ററിലെ ഡോ.ആശിശ് മേഹ്തയുടെ അഭിപ്രായത്തിൽ ഇതൊരു റെക്കോർഡാണ്. 22 ആഴ്ച മാത്രം പ്രായമുള്ളപ്പോൾ ജനിക്കുകയും 492 ഗ്രാം മാത്രം ഭാരം ഉണ്ടായിരിക്കുകയും ചെയ്ത ഒരു പെൺകുട്ടി അതിജീവിച്ചതിന്റെ അദ്ഭുതചരിത്രം.

22 ആഴ്ച മാത്രം പ്രായമുള്ള ഒരു ആൺകുട്ടി മുംബൈയിൽ മുമ്പ് ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടുണ്ട്. പക്ഷേ, 620 ഗ്രാം തൂക്കമുണ്ടായിരുന്നു. ഹൈദരാബാദിൽ 375 ഗ്രാം ഭാരമുള്ള ഒരു പെൺകുട്ടി അതിജീവിച്ച ചരിത്രമുണ്ടെങ്കിലും ആ കുട്ടിക്ക് 25 ആഴ്ചത്തെ വളർച്ചയുണ്ടായിരുന്നു. ഡോ. മേഹ്ത ഉറപ്പിച്ചുപറയുന്നു– ഇന്ത്യയിൽ അതിജീവിച്ചതിൽ ഏറ്റവും ഭാരം കുറഞ്ഞ, പ്രായം കുറഞ്ഞ കുട്ടി ജിയാന തന്നെയെന്ന്. 24 ആഴ്ചകൾപോലും ഗർഭത്തിൽ കഴിയാതെ ജനിക്കുന്ന കുട്ടികളുടെ അതിജീവനശേഷി 0.5 ശതമാനം മാത്രമാണ്. അതേസമയം 40 ആഴ്ചകൾ പൂർത്തിയാക്കി ജനിക്കുന്ന കുട്ടികളെ പൂർണവളർച്ചയെത്തിയവരായാണ് പരിഗണിക്കുന്നതും. 37 ആഴ്ചകൾക്കു മുമ്പ് ജനിക്കുന്നവരെയാകട്ടെ പ്രിമേച്ചർ കുട്ടികളായി പരിഗണിക്കുന്നു.

22 ആഴ്ച മാത്രം പൂർത്തിയാക്കി ജനിച്ച ജിയാനയ്ക്ക് രോഗപ്രതിരോധശേഷി ഉണ്ടായിരുന്നില്ല. ഡോക്ടർമാർ അതീവശ്രദ്ധയും പരിചരണവും ലഭ്യമാക്കിയാണ് കുട്ടിയെ നവജാത ശിശുപരിചരണത്തിന് വിധേയയാക്കിയത്. ആശുപത്രിയിലായിരുന്ന സമയത്ത് കുട്ടിക്ക് മുലപ്പാൽ മാത്രമായിരുന്നു കൊടുത്തിരുന്നത്. ഇതും കുട്ടിയുടെ അതിജീവനത്തെ ത്വരിതപ്പെടുത്തിയതായി ഡോക്ടർമാർ പറയുന്നു.

രണ്ടു തവണ ഗർഭം അലസിയെങ്കിലും എനിക്കു പ്രതീക്ഷയുണ്ടായിരുന്നു ഞാൻ ഒരു കുട്ടിയുടെ അമ്മയാകുമെന്ന്. ജിയാനയിലൂടെ എനിക്ക് ആ ഭാഗ്യം സിദ്ധിച്ചിരിക്കുന്നു. ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ‘ദൈവകാരുണ്യം’ എന്നർഥം വരുന്ന ജിയാന എന്ന പേരുതന്നെ മകൾക്കിട്ടു– ദിനാൽ മാതൃത്വത്തിന്റെ അഹ്ലാദത്തിൽ വാചാലയാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com