ADVERTISEMENT

ലോകത്തിലെ രണ്ടു വൻശക്തികളായ അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ വഷളായിക്കൊണ്ടി രിക്കുന്നു; കാരണം ഒരു യുവതി.  രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധമാണ് പ്രത്യക്ഷത്തിൽ വഷളാകുന്നതെങ്കിലും കാനഡ ഉൾപ്പെടെ മറ്റു ചില രാജ്യങ്ങൾകൂടി സംഭവത്തിൽ പങ്കാളികളാണ്. രാജ്യാന്തരതലത്തിൽ ലോകരാജ്യങ്ങൾക്കിടയിലെ രൂക്ഷമായൊരു സംഘർഷം എന്നുതന്നെ പറയാം. എല്ലാറ്റിനും കാരണം ഒരു നാൽപ്പത്തിയേഴുകാരി യുവതി. മെംഗ് വാങ് ചൗ. ചൈനീസ് ടെലികോം ഭീമൻ വാംവേ കമ്പനിയുടെ സാമ്പത്തികകാര്യ വിഭാഗം മേധാവി. 

കാനഡയിൽവച്ച് അറസ്റ്റിലായി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ് മെംഗ്. മെംഗിനെ അമേരിക്കയ്ക്ക് കൈമാറുന്നതു പരിഗണിക്കാൻ കാനഡ തയാറായതാണ് പൊടുന്നനെ അമേരിക്ക–ചൈന ബന്ധം വഷളാക്കിയിരിക്കുന്നത്. ഈ മാസം ആറിന് കോടതി നടപടി തുടങ്ങും. അന്ന് മെംഗ് കാനഡയിലെ കോടതിയിൽ ഹാജരാകണം. കോടതി നടപടിക്കൊടുവിൽ മെംഗിനെ അമേരിക്കയ്ക്ക് കൈമാറാനാണു തീരുമാനിക്കുന്നതെങ്കിൽ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉളവാകാം. 

നേരത്തെ, കാനഡയിൽ മെംഗ് അറസ്റ്റിലായപ്പോൾ രണ്ടു കനേഡിയൻ പൗരൻമാരെ ചൈന തടഞ്ഞുവച്ചിരുന്നു. മയക്കുമരുന്നു കടത്തിന്റെ പേരിൽ 15 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ഒരു കാനഡക്കാരന്റെ ശിക്ഷ വധശിക്ഷയാക്കി ഉയർത്തുകയും ചെയ്തിരുന്നു. മെംഗിനെ അറസ്റ്റ് ചെയത കാനഡയുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു ചൈനീസ് പ്രതികാരം. ഇപ്പോൾ മെംഗിനെതിരായ കോടതി നടപടികൾ തുടങ്ങാൻ തീരുമാനിച്ചതോടെ കാനഡ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണങ്ങളുമായി ചൈന രംഗത്തെത്തിക്കഴിഞ്ഞു. 

അമേരിക്കയുടെ അഭ്യർഥന പരിഗണിച്ചാണ് കാനഡ മെംഗിനെതിരായ നടപടികൾക്ക് തുടക്കമിട്ടിരിക്കുന്നതാണ്. ഇതാണ് ചൈനയെ പ്രകോപിപ്പിക്കുന്നതും. ചൈനീസ് ടെലികോം ഭീമൻ വാംവെ കമ്പനിയുടെ സ്ഥാപകൻ റെങ്ങിന്റെ മകളാണ് മെംഗ്. ഡിസംബർ ഒന്നിനാണ് അവരെ വാൻകൂർ വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്യുന്നത്. നിലവിലിരിക്കുന്ന ഉപരോധങ്ങൾ ലംഘിച്ച് വാംവെ കമ്പനി ഇറാനുമായി നടത്തിയ ഇടപാടുകൾ മെംഗ് ബാങ്ക് അധികൃതരിൽനിന്നു മറച്ചുവച്ചു എന്നതാണ് അവർ നേരിടുന്ന പ്രധാന കുറ്റാരോപണം. ഇതിന്റെപേരിൽ അമേരിക്ക ആവശ്യപ്പെട്ടതിനെത്തുടർന്നാണ് കാനേഡിയൻ അധികൃതർ മെംഗിനെ അറസ്റ്റ് ചെയ്തതും ഇപ്പോൾ ചൈനീസ് സമ്മർദം പരിഗണിക്കാതെ അമേരിക്കയ്ക്കു വിട്ടുകൊടുക്കാൻ നിയമനടപടി തുടങ്ങുന്നതും. 

സ്മാർട് ഫോൺ ഉത്പാദനരംഗത്തെ രണ്ടാം സ്ഥാനക്കാരാണ് വാംവെ കമ്പനി. സ്ഥാപനം ബാങ്ക് തിരിമറി, സാങ്കേതിക വിദ്യാ മോഷണം, ചാരവൃത്തി എന്നിവ നടത്തിയെന്ന ആരോപണവും നേരിടുന്നുണ്ട്. ഈ കുറ്റകൃത്യങ്ങൾ മെംഗ് അറിഞ്ഞുകൊണ്ടാണ് നടക്കുന്നതെന്നാണ് അമേരിക്കൻ ആരോപണം.അമേരിക്കയിൽ നിർമിക്കുന്ന കമ്പനിയുടെ ഉൽപന്നങ്ങൾ ഉപരോധം ലംഘിച്ച് ഇറാനിലേക്ക് കയറ്റിയയച്ചുവെന്നതാണ് മെംഗ് നേരിടുന്ന ആരോപണം.  

അറസ്റ്റിലായെങ്കിലും ഇപ്പോൾ ജാമ്യത്തിൽ കഴിയുന്ന മെംഗ് ആറാം തീയതി കോടതിയിൽ നേരിട്ട് ഹാജരായി വിചാരണ നേരിടണമെന്നാണ് കാനഡ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇത് അമേരിക്കൻ സമ്മർദത്തെത്തുടർന്നാണെന്നും അനുവദിക്കാനാകില്ലെന്നും ചൈന വ്യക്തമാക്കിക്കഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com