ADVERTISEMENT

രാജ്യങ്ങളും സ്ഥാപനങ്ങളും സംഘടനകളും വനിതാ ദിനം ആഘോഷവും അവിസ്മരണീയവുമാക്കാന്‍ വ്യത്യസ്ത പരിപാടികളുമായി രംഗത്തുവരുന്നതിനിടെ, ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എത്യോപ്യന്‍ എയര്‍ലൈന്‍സ് അവതരിപ്പിക്കുന്നത് സാഹസികവും അതേസമയവും വനിതകളുടെ കഴിവിനെ അംഗീകരിക്കുന്നതുമായ പദ്ധതി. വലിപ്പച്ചെറുപ്പമില്ലാതെ സ്ഥാപനത്തിലെ എല്ലാം വനിതാ ജീവനക്കാരെയും ഉള്‍ക്കൊള്ളുകയും ഓരോരുത്തരുടെയും കഴിവും പ്രാധാന്യവും അഗീകരിക്കുന്നതുമാണ് പദ്ധതി. വനിതാ ദിനത്തില്‍ പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓപറേറ്റ് ചെയ്യുന്ന ഒരു വിമാനസര്‍വീസ്. അതും ആഫ്രിക്കയില്‍നിന്ന് യൂറോപ്പിലേക്ക്. ആഡിസ് അബാബ-സ്റ്റോക്ഹോം-ഓസ്‍ലോ റൂട്ടില്‍. വനിതാ ദിനമായ മാര്‍ച്ച് എട്ടിനായിരിക്കും ചരിത്രം രചിക്കുന്ന വിമാനയാത്ര.  ചരിത്രസംഭവമാകുന്ന യാത്രയ്ക്കുവേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി എത്യോപ്യന്‍ വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചു. 

ആഫ്രിക്കന്‍ വനിതകളുടെ കഴിവും കരുത്തും ശക്തിയും ലോകത്തിനു കാണിച്ചുകൊടുക്കുന്നതായിരിക്കും സ്ത്രീകള്‍ മാത്രമായി നിയന്ത്രിക്കുന്ന വിമാനസര്‍വീസ്. കഴിവു കുറഞ്ഞവരായും സാങ്കേതിക മേന്‍മയില്ലാത്തവരായും അവികസിക പ്രദേശത്തു ജീവിക്കുന്നവരായുമൊക്കെ ആഫ്രിക്കന്‍ വനിതകളെ എഴുതിത്തള്ളുന്നവര്‍ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു പാഠം. ഡെക്ക് മുതല്‍ ഗ്രൗണ്ടില്‍ വരെ വിമാനവുമായി ബന്ധപ്പെട്ട എല്ലാ ജോലികള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതും പൂര്‍ത്തിയാക്കുന്നതും അന്ന് വനിതകളായിരിക്കും. ലോഡ് കണ്‍ട്രോള്‍, റാമ്പ് ഓപറേഷന്‍, ഓണ്‍ ബോര്‍ഡ് ലോജിസ്റ്റിക്സ്, കേറ്ററിങ് ഉള്‍പ്പെടെ സാങ്കേതികവും അല്ലാത്തതുമായ എല്ലാ പ്രവൃത്തികള്‍ക്കും പിന്നിലുള്ള ബുദ്ധിയും ശക്തിയും വനിതകള്‍ മാത്രം. 

വിമാന സര്‍വീസുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ‍ഞങ്ങള്‍ക്കു വനിതാ ജീവനക്കാരുണ്ട്. വൈമാനികര്‍ മുതല്‍ ഗ്രൗണ്ട് സ്റ്റാഫ് വരെ എല്ലാ മേഖലകളിലും. തുടക്കം മുതലേ ഒരു വിമാനക്കമ്പനി എന്ന നിലയില്‍ ഞങ്ങളുടെ ഉയര്‍ച്ചയ്ക്കു പിന്നില്‍ വനിതകളുടെ കരുത്തുണ്ട്. എത്യോപ്യന്‍ വിമാനക്കമ്പനിയിലെ ഇന്നത്തെ നിലയിലുള്ള ഉയര്‍ച്ചയിലേക്ക് വഴികാണിച്ചതും പ്രധാനമായും വനിതകള്‍ തന്നെ. അവരെ ആദരിക്കേണ്ടതുണ്ട്. അവരുടെ കഴിവുകള്‍ ആഘോഷിക്കേണ്ടതുണ്ട്. അതിനുള്ളതാണ് വനിതാദിനം- എത്യോപ്യന്‍ വിമാനക്കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ട്വോള്‍ഡ് ഡെബ്രെ മറിയം അഭിപ്രായപ്പെട്ടു. 

ആഫ്രിക്കയുടെ ജനസംഖ്യയില്‍ കൂടുതലും വനിതകളാണെങ്കിലും അവസര സമത്വം ഇന്നും അവര്‍ക്കു കിട്ടാക്കനിയാണ്. അവരുടെ കഴിവുകള്‍ പൂര്‍ണമായി ഉപയോഗിക്കപ്പെടാറുമില്ല. വനിതകള്‍ മാത്രമായി ഒരു വിമാന സര്‍വീസ് ഓപറേറ്റ് ചെയ്യുന്നതിലൂടെ തങ്ങള്‍ ആരുടെയും പിന്നിലല്ലെന്നു തെളിയിക്കാന്‍ വനിതകള്‍ക്ക് ഒരവസരം ലഭിക്കുകയാണ്. ഇതിനുമുമ്പ് ബാങ്കോക്ക്, കിഗാലി, ലാഗോസ്, ബ്യൂനസ് അയേഴ്സ് എന്നിവടങ്ങളിലേക്ക് വനിതകള്‍ മാത്രമായി വിമാനസര്‍വീസ് നടത്തിയിട്ടുണ്ട് എത്യോപ്യന്‍ എയര്‍ലൈന്‍സ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com