ADVERTISEMENT

നിലവിലുള്ളതിനേക്കാൾ മികച്ച ഒരു ലോകത്തിനുവേണ്ടിയുള്ള അന്വേഷണം. ഒരുദിവസം മാറ്റിവച്ചും വർഷം മുഴുവൻ ആചരിച്ചും കൂടുതൽ മികച്ച ലോകത്തിനുവേണ്ടി നടത്തുന്ന യാത്രയാണ് മാർച്ച് എട്ടിന്റെ പ്രത്യേകത. ആ ദിവസവും 

അന്നത്തെ ആഘോഷങ്ങളും വനിതകൾക്കുവേണ്ടി മാത്രമല്ല. വനിതകളുടെ മാത്രം ജീവിതം മെച്ചപ്പെടുത്താനുള്ളതുമല്ല. വനിതകളും പുരുഷൻമാരും കൂടി ഒരുമിച്ചു കെട്ടിപ്പടുക്കുന്ന പുതിയ ഒരു ലോകത്തെക്കുറിച്ചുള്ള ആശയവും സമർപ്പണവും. തുല്യതയുടെ ഈ ആശയം ഒന്നുകൂടി വ്യക്തമാക്കി ‘കൂടുതൽ നല്ലതിനുവേണ്ടി കൂടുതൽ സംതുലനം’ (ബാലൻസ് ഫോർ ബെറ്റർ)  എന്നതാണ് ഇത്തവണത്തെ വനിതാദിന മുദ്രാവാക്യം. 

മികവിന്റെ ലോകം സൃഷ്ടിക്കണമെങ്കിൽ ഒരുവിഭാഗം മാത്രം പ്രവർത്തിച്ചാൽ പോരാ. എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കണം. എല്ലാവരും എല്ലായിടത്തും പരസ്പരപൂരകമായി പ്രവർത്തിക്കുമ്പോൾ തുല്യതയുടെ, സമത്വത്തിന്റെ പുതുലോകവും സംജാതമാകും. 

ലോകം വളരുകയാണ്, കുതിക്കുകയാണ്, വികസിക്കുകയാണ്. എവിടെയും വേണ്ടത് തുല്യത. പരസ്പരം പങ്കുവച്ചുകൊണ്ടുള്ള പ്രവർത്തനം.തുല്യതയില്ലാത്ത ഇടങ്ങളിൽ അതിനുവേണ്ടി പ്രവർത്തിച്ചും തുല്യത നിലനിൽക്കുന്ന ഇടങ്ങളെ ആഘോഷിച്ചും ആചരിക്കണം വനിതാദിനം. 

മാർച്ച് എട്ടിനു രാവിലെ തുടങ്ങി വൈകിട്ട് അവസാനിക്കുന്ന ഒരു പ്രക്രിയ അല്ല ബാലൻസ് ഫോർ ബെറ്റർ സന്ദേശം. മറിച്ച് എല്ലാ ആഴ്ചയും മാസവും വർഷമുടനീളം നീണ്ടുനിൽക്കുന്ന തുടർപ്രകിയ. ബാലൻസ് അഥവാ സംതുലനം സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. ലോകത്തെ നിലനിർത്തേണ്ട അടിസ്ഥാനശിലയാണത്. ഭരിക്കുന്ന സർക്കാരുകളിൽ, കോടതിയിൽ, മാധ്യമങ്ങളിൽ, തൊഴിലിടങ്ങളിൽ, കായികരംഗത്ത്...എല്ലായിടത്തും ലിംഗനീതി പുലരണം. സാമ്പത്തിക–സാമുദായിക അവസ്ഥകൾ മെച്ചപ്പെടണമെങ്കിലും സംതുലനം അത്യാവശ്യം. 

ഒരുമിച്ചുള്ള പ്രവർത്തനവും ഉത്തരവാദിത്തം പങ്കുവയ്ക്കുന്നതുമാണ് സംതുലനമുള്ള ലോകത്തിലേക്കുള്ള പ്രധാനചുവട്. സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ സ്ത്രീകളുടെ വിജയങ്ങൾ ആഘോഷിക്കുന്നതിനൊപ്പം ഇത്തവണത്തെ വനിതാദിനത്തിൽ ലിംഗസമത്വം പുലരുന്ന ലോകത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും തുടക്കമാകും. 

balance-for-better-02
പ്രതീകാത്മക ചിത്രം

1911–ലായിരുന്നു വനിതാ ദിനാചരണത്തിന്റെ തുടക്കം; പത്തുലക്ഷം പേരുടെ പിന്തുണയിൽ. ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗത്തം എല്ലാ വിഭാഗങ്ങളും വനിതാദിനം ഏറ്റെടുത്ത് ആഘോഷമാക്കുന്നു. ഏതെങ്കിലും ഒരു രാജ്യം, ജനത, കൂട്ടം, വിഭാഗം എന്നൊന്നും വ്യത്യാസങ്ങളില്ല. 

തുല്യതയ്ക്കും സമത്വത്തിനും വേണ്ടിയുള്ള സ്ത്രീയുടെ പോരാട്ടം  ഒരു ഫെമിനിസ്റ്റിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഒരു സംഘടനയുടെ മാത്രവുമല്ല. മനുഷ്യാവകാശങ്ങൾക്ക് പരിഗണന കൊടുക്കുന്ന, ആദരിക്കുന്ന എല്ലാവരുടേതുമാണ്. അവകാശങ്ങൾക്കുവേണ്ടി പൊരുതുന്നവരുടേതാണ്– ലോകപ്രശസ്ത ഫെമിനിസ്റ്റും മാധ്യമ പ്രവർത്തകയുമായ ഗ്ലോറിയ സ്റ്റെയ്നമിന്റെ വാക്കുകളിൽ വനിതാദിനം സന്ദേശം മനോഹരമായി ഉൾക്കൊള്ളിച്ചിരിക്കുന്നു.

വനിതാദിന സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള അവസരവുമുണ്ട് ഇത്തവണ. #IWD2019, #Balance for Better  എന്നീ ഹാഷ്ടാഗുകളിൽ സന്ദേശങ്ങൾ അയയ്ക്കാം, സ്ത്രീജീവിതം മെച്ചപ്പെടുത്താൻവേണ്ടി ചെയ്ത കാര്യങ്ങൾ ലോകത്തെ അറിയിക്കാം. സംതുലനമുള്ള സമൂഹനിർമിതിയിൽ സർവാത്മനാ  പങ്കെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com