ADVERTISEMENT

ഇങ്ങനെയൊരു മറുപടി...അതു സ്വപ്നങ്ങളില്‍പ്പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അടിക്കു തിരിച്ചടി എന്നൊക്കെ പറയുന്നത് ഇതാണ്. പക്ഷേ, എല്ലാ പ്രതീക്ഷയും കടന്നുപോയി ഈ തിരിച്ചടി എന്നതാണു സത്യം. അമേരിക്കയില്‍ വൈറലായതിനു പിന്നാലെ ലോകമെങ്ങും വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ തിരിച്ചടി. 

സംഭവം ട്വിറ്റര്‍ പോരാണ്. തുടങ്ങിവച്ചത് ഹിലരി ക്ലിന്റനും. 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കഴിഞ്ഞദിവസം ഹിലറി പറഞ്ഞിരുന്നു. ഇതിനോട് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ഈ പ്രതികരണമാണ് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്. സ്വതസിദ്ധമായ ശൈലിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. പരിഹാസവും പുച്ഛവുമൊക്കെ കലര്‍ത്തിയിള്ള പ്രതികരണം. 

ഓ...അതായത് എനിക്കവരെ വീണ്ടും കണ്ടുമുട്ടേണ്ടതില്ല എന്നു സാരം ! അതൊരു വല്ലാത്ത നഷ്ടം തന്നെ!. ഇതായിരുന്നു പരിഹാസവും പുച്ഛവും ഒളിപ്പിച്ചുവച്ചുകൊണ്ടുള്ള ട്രംപിന്റെ ഒളിയമ്പ്. ഹിലരിയെ നന്നായി ഒന്നു കളിയാക്കുകയായിരുന്നു ട്രംപിന്റെ ലക്ഷ്യം. തനിക്കവരെ പേടിയില്ലെന്നും അവര്‍ വീണ്ടും മല്‍സരിച്ചാലും ഒന്നും സംഭവിക്കാനില്ലെന്ന ധ്വനിയും ആ പ്രതികരണത്തില്‍ അടങ്ങിയിരുന്നു. 

എല്ലാ തരത്തിലും ഹിലരി തകര്‍ന്നുപോകുമെന്നുതന്നെ ട്രംപ് വിചാരിച്ചിരിക്കാം. പക്ഷേ, അതൊരു വ്യാമോഹമായിരുന്നു എന്നു പിന്നീട് തെളിഞ്ഞു. ട്രംപിനു മറുപടിയായി ഹിലരി വാക്കുകളൊന്നും കുറിച്ചില്ല. പകരം ഒരു സിനിമയിലെ ദൃശ്യമാണ് പോസ്റ്റ് ചെയ്തത്. 2004 ല്‍ പുറത്തിറങ്ങിയ ‘മീന്‍ ഗേള്‍സ്’  എന്ന ജനപ്രിയ സിനിമയിലെ ഒരു രംഗം. 

രണ്ടു പെണ്‍കുട്ടികളെ മീന്‍ ഗേള്‍സിലെ ദൃശ്യത്തില്‍ കാണാം. ഒരു പെണ്‍കുട്ടി അഭിമുഖമായി നില്‍ക്കുന്ന കുട്ടിയോട് ചോദിക്കുന്നു: 'നിനക്കെന്താണ് എന്നോട് ഇത്രയധികം ആവേശം' ? ( നിനക്ക് എന്നെ ഒരിക്കലും മറക്കാനാവുന്നില്ലേ ) 

ഓരാളോടു തോന്നുന്ന അത്യധികമായ ആസക്തിയെക്കുറിച്ചാണ് ആ വാചകം. വിട്ടുപോകാന്‍ കഴിയാതെ, മനസ്സിലും ശരീരത്തിലും കാര്‍ന്നുതിന്നുന്ന ഓര്‍മയായി അവശേഷിക്കുന്ന ഒരു സംഭവം അല്ലെങ്കില്‍ വ്യക്തി എന്നൊക്കെ വിശദീകരിക്കാം. ട്രംപിന്റെ മനസ്സില്‍ ഹിലരിയോടുള്ള പേടി അല്ലെങ്കില്‍ അവരുടെ സാന്നിധ്യം ഇപ്പോഴും ശക്തമായുണ്ടെന്ന് ഇതിലും നന്നായി എങ്ങനെയാണ് പറയുക. 

ഇതിലും നന്നായി എന്തു മറുപടിയാണ് ട്രംപിനു കൊടുക്കാനാവുക. ഹിലരിയുടെ മറു ട്വീറ്റിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചത് വമ്പിച്ച വരവേല്‍പ്. ഇതിഹാസം...എന്നാണ് ഒരാള്‍ ഹിലരിയുടെ ട്വീറ്റിനെ വിശേഷിപ്പിച്ചത്. 2019 ലെ ഏറ്റവും മികച്ച ട്വീറ്റായും ഇതിനെ പലരും വിശേഷിപ്പിക്കുന്നു. ട്രംപിനു കിട്ടേണ്ടതു കിട്ടി എന്നാണ് മറ്റു ചിലരുടെ അഭിപ്രായം. ബുദ്ധിയുള്ള സ്ത്രീകളെ പരിഹസിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. എന്തായലും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരസ്പരം മല്‍സരിക്കാനില്ലെങ്കിലും ട്വിറ്റര്‍ യുദ്ധത്തില്‍ ട്രംപ് തോറ്റു തൊപ്പിയിട്ടിരിക്കുന്നു; വിജയം ഹിലരിക്കു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com