ADVERTISEMENT

ഒന്നരവര്‍ഷം വിചാരണയുമായി ബന്ധപ്പെട്ട് ജയിലിലെ ഇരുട്ടില്‍ കഴിഞ്ഞപ്പോള്‍ ഒരിക്കൽപ്പോലും അവൾ കരുതിയിരുന്നില്ല താൻ ഉടൻ തന്നെ സ്വതന്ത്രയാകുമെന്ന്. കാത്തിരിപ്പിനൊടുവിൽ സ്വതന്ത്രയായ ദിവസം അവിശ്വസനീയമായ സന്തോഷത്തോടെ പുറംലോകത്തെ നോക്കി അവൾ കൈവീശി. പിന്നെ തന്നെക്കാത്ത് പുറത്തു കിടന്ന കാറില്‍ കയറി.

27 വയസ്സുകാരി സീതി ഐസ്യ എന്ന യുവതിയാണ് മോചിപ്പിക്കപ്പെട്ടത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ അര്‍ധസഹോദരനെ വധിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു യുവതിക്കുമേല്‍ ചുമത്തിയ കുറ്റം. തിങ്കളാഴ്ച മലേഷ്യന്‍ പ്രോസിക്യൂട്ടര്‍മാര്‍ വധശ്രമം എന്ന ചാര്‍ജ് ഒഴിവാക്കിയതോടെയാണ് സീതി ഐസ്യയ്ക്ക് പുറംലോകത്തേക്കുള്ള വാതിൽ തുറന്നത്.

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കരവലയത്തിലേക്ക് സന്തോഷത്തോടെ ഐസ്യ ഓടിവന്നു. 2017-ല്‍ മലേഷ്യയിലെ കോലാലംപൂര്‍ വിമാനത്താവളത്തില്‍വച്ച് ഉത്തരകൊറിയന്‍ നേതാവിന്റെ അര്‍ധസഹോദരനെ വധിച്ച കേസിലാണ് ഒരു വിയറ്റ്നാം യുവതിയും ഐസ്യയും അറസ്റ്റിലായത്. ഇങ്ങനെയൊന്നും സംഭവിക്കുമെന്ന ഒരു പ്രതീക്ഷയും എനിക്കില്ലായിരുന്നു. ഞാന്‍ സന്തോഷവതിയാണ്. ഞാനിത് പ്രതീക്ഷിച്ചിട്ടേയില്ല- മോചനത്തെക്കുറിച്ച് ഐസ്യ സന്തോഷത്തോടെ പ്രതികരിച്ചു.

മോചനവാര്‍ത്ത പുറത്തുവന്നയുടന്‍ ഐസ്യ ചെയ്തത് തനിക്കൊപ്പം കുറ്റം ആരോപിച്ച് ജയിലില്‍ അടയ്ക്കപ്പെട്ട വിയറ്റ്നാം യുവതിയെ ആലിംഗനം ചെയ്യുകയായിരുന്നു. ഒന്നരവര്‍ഷമായി ഇന്തൊനേഷ്യന്‍ സര്‍ക്കാര്‍ ഐസ്യയുടെ മോചനത്തിനുവേണ്ടി നിരന്തരമായി സമര്‍ദം ചെലുത്തുന്നുണ്ടായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനുവേണ്ടി രംഗത്തിറങ്ങുകയും ചെയ്തു. നീതിവകുപ്പിന്റെ ചുമതലയുള്ള മന്ത്രി ഇക്കഴിഞ്ഞ ആഴ്ചയും ഐസ്യയുടെ മോചനത്തിനുവേണ്ടി മലേഷ്യയിലെ അറ്റോര്‍ണി ജനറല്‍ക്ക് കത്തെഴുതുകയുണ്ടായി. അതിന്റെകൂടി ഫലമാണ് ഇപ്പോഴുള്ള ഐസ്യയുടെ മോചനം.

വധശ്രമത്തില്‍ തങ്ങള്‍ പങ്കാളികളേ അല്ലെന്നും ഉത്തരകൊറിയന്‍ ചാരന്‍മാരുടെ കെണിയില്‍പ്പെടുകയായിരുന്നു തങ്ങളെന്നുമാണ് ആദ്യംമുതല്‍ ഐസ്യ പറഞ്ഞുകൊണ്ടിരുന്നത്. ഒരു ടെലിവിഷന്‍ റിയാലിറ്റി ഷോയ്ക്കുവേണ്ടിയാണെന്ന് ബോധ്യപ്പെടുത്തി അരങ്ങേറിയ നാടകത്തില്‍ തങ്ങള്‍ ഇരയാക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞിരുന്നു. യഥാര്‍ഥ അക്രമികളെ പിടിക്കാതെ നിരപരാധികളായ യുവതികളെ ബലിടായാക്കുകയാണ് ചെയ്തതെന്ന് യുവതികളുടെ അഭിഭാഷകനും വാദിച്ചു.

കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നാലു ഉത്തരകൊറിയക്കാര്‍ സംഭവം നടന്ന ഉടന്‍തന്നെ മലേഷ്യയില്‍നിന്നു രക്ഷപ്പെട്ടിരുന്നു. 2017 ഒക്ടോബറില്‍ തുടങ്ങിയ വിചാരണ തിങ്കളാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് ഐസ്യയ്ക്ക് മോചനം ലഭിക്കുന്നത്. പ്രത്യേകിച്ചൊരു കാരണവും ചൂണ്ടിക്കാട്ടാതെയാണ് യുവതിക്ക് മോചനം ലഭിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

യുവതിയെ മോചിപ്പിച്ചുവെങ്കിലും അവര്‍ക്കെതിരായ കുറ്റത്തില്‍നിന്ന് മോചിപ്പിച്ചില്ലാത്തതിനാല്‍ ഒരുപക്ഷേ വീണ്ടും അവര്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യതയും തള്ളിക്കളനായാവില്ല. 'കാത്തിരിക്കുന്നത് എന്താണെന്ന് എനിക്കറിയില്ല. ഞാനിപ്പോള്‍ സ്വതന്ത്രയാണ്. ദയവായി എനിക്കുവേണ്ടി പ്രാര്‍ഥിക്കൂ...ഐസ്യ അഭ്യര്‍ഥിക്കുന്നു. തിങ്കളാഴ്ച വൈകി ജക്കാര്‍ത്തയില്‍ ഐസ്യ മാതാപിതാക്കളുടെ അടുത്തെത്തി. ഞെട്ടലും അദ്ഭുതവും പ്രകടിപ്പിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ അവരെ സ്വീകരിച്ചത്. ഉടന്‍തന്നെ ആഘോഷത്തിനുള്ള ഒരുക്കവും അവര്‍ തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com