ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിനു പോളിങ് ബൂത്തിലെത്താന്‍  ഒന്നരമാസം മാത്രം ബാക്കിനില്‍ക്കെ പുറത്തുവന്ന കണക്കുകളില്‍ 

കേരളത്തിലെ ആകെയുള്ള വോട്ടര്‍മാരുടെ എണ്ണം 2,54, 08,711. പുരുഷന്‍മാര്‍  1,22,97, 403 പേര്‍ മാത്രമാണെങ്കില്‍ വനിതകളാണു കേരളത്തില്‍ മുന്നില്‍- 1,31, 11, 189 പേര്‍. വോട്ടര്‍മാരുടെ കണക്ക് എല്ലാവരും അംഗീകരിക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈ വ്യത്യാസം പ്രതിഫലിക്കുന്നില്ല. ദശകങ്ങളായി ഇതാണു കേരളത്തിലെ സ്ഥിതി. 

women-representation-in-elections-01

പ്രധാനമുന്നണികളില്‍ ഒന്ന് രണ്ടു വനിതകളെ മാത്രം സ്ഥാനാര്‍ഥികളാക്കി പട്ടിക പുറത്തുവിട്ടു. മറ്റു രണ്ടു മുന്നണികളുടെ സാധ്യതാ ലിസ്റ്റില്‍ വനിതകളുടെ സാന്നിധ്യമാകട്ടെ നാമമാത്രവും. അദ്ഭുതങ്ങള്‍ക്കു സാധ്യതയില്ലെന്നിരിക്കെ തിരഞ്ഞെടുപ്പിനുമുമ്പുതന്നെ ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടതിന്റെ നാണക്കേടിലാണ് സ്ത്രീസമൂഹം. പരാജയപ്പെടുകയല്ല, പരാജയപ്പെടുത്തപ്പെട്ടതിന്റെ. മുഖ്യാധാരാ പാര്‍ട്ടികളിലുള്ളവര്‍ക്ക് പ്രതിഷേധിക്കാന്‍ അവസരം ഇല്ലെന്നിരിക്കെ സ്വതന്ത്രചിന്താഗതിക്കാരായ ഏതാനും പ്രമുഖര്‍ മാത്രം രംഗത്തുവന്നിട്ടുണ്ട്; ഒറ്റപ്പെട്ട ശബ്ദമായി. 

വനിതകളെ തഴഞ്ഞതിനെതിരെ അവര്‍ ശബ്ദമുയര്‍ത്തുമുണ്ട്. അതുപക്ഷേ ഒറ്റപ്പെട്ടതും ആള്‍ക്കൂട്ടത്തിന്റെ ആരവത്തില്‍ വേഗംതന്നെ മുങ്ങിപോകുന്നതുമാണ്. ശേഷിക്കുന്നത്. പുറത്തുപറയാനാവാതെ വിങ്ങുന്ന പരാജയബോധം. വിജയസാധ്യതയില്‍ മുന്നിലല്ലെന്നു ചൂണ്ടിക്കാട്ടി ഒഴിവാക്കപ്പെട്ടതിന്റെ വേദന. ഭൂരിപക്ഷമാണെങ്കിലും കണക്കിലെ മേധാവിത്വം അവസരങ്ങളായി എത്തിച്ചേരാത്തതിന്റെ ദൈന്യം. വാക്കുകളിലെ ആവേശം പ്രവൃത്തിയിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെടാത്തതിന്റെ ഇരട്ടത്താപ്പ്. സംവരണത്തിനും മുകളില്‍ ഉയര്‍ന്നുനില്‍ക്കേണ്ട സമത്വബോധത്തിന്റെയും ലിംഗനീതിയുടെയും അഭാവം. 

ഏഴുപതിറ്റാണ്ടിന്റ ചരിത്രമുണ്ട് കേരളത്തിന്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ക്ക്. ഈ ദീര്‍ഘചരിത്രത്തിലും സംസ്ഥാനം പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുത്തയച്ചത് എട്ടുവനിതകളെമാത്രം. ആനി മസ്ക്രീന്‍, സുശീല ഗോപാലന്‍, ഭാര്‍ഗവി തങ്കപ്പന്‍, സാവിത്രി ലക്ഷ്മണന്‍, എ.കെ പ്രേമജം, പി.സതീദേവി, സി.എസ് സുജാത, പി.കെ ശ്രീമതി. ഈ ചരിത്രത്തില്‍നിന്നു മാറിനടക്കാന്‍, അവകാശപ്പെട്ടതും അര്‍ഹതപ്പെട്ടതുമായ സ്ഥാനം വനിതകള്‍ക്കുനല്‍കാന്‍ ഇനിയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകുന്നില്ലെന്നാണ് പുതിയ സ്ഥാനാര്‍ഥിപ്പട്ടികകളും നല്‍കുന്ന സൂചന. 

അദ്ഭുതമില്ല, ഇതുതന്നെയാണ് കേരളത്തിലെ പുരുഷ മേധാവിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നതനേതൃത്വങ്ങളി ല്‍നിന്നു തങ്ങള്‍ പ്രതീക്ഷിച്ചതെന്നാണ് പലവനിതകളും പരസ്യമായും രഹസ്യമായും പറയുന്നത്. കേരളത്തിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെപോലും പ്രസിഡന്റ് സ്ഥാനത്ത് ഇതുവരെ ഒരു വനിത വന്നിട്ടില്ല. ജില്ലാ കമ്മിറ്റിയുടെ നേതൃസ്ഥാനത്തു വന്നതുമാത്രമാണ് ഇതുവരെയുള്ള വലിയ നേട്ടം. അതാകട്ടെ ഒന്നോ രണ്ടോ ജില്ലാ കമ്മിറ്റികളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നു.

woman-vote-01

പുരുഷന്‍മാര്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, സംസ്ഥാനകമ്മിറ്റികളിലുള്‍പ്പെടെ പുരുഷ മേധാവിത്വം നിലനില്‍ക്കുമ്പോള്‍ എങ്ങനെയാണ് വനിതകള്‍ക്കുവേണ്ടി സംസാരിക്കാനാകുക.വരാനിരിക്കുന്ന സ്ഥാനാര്‍ഥി പട്ടികകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ഒന്നോ രണ്ടോ പേരുകള്‍ മാത്രം. ഇത്തവണയും സ്ഥിതി ഒട്ടും വ്യത്യസ്തമല്ല എന്നാണ് ഇതു തെളിയിക്കുന്നത്. അടുത്ത അഞ്ചു വര്‍ഷത്തേക്ക് പാ‍ര്‍മെന്റിലേക്ക് തിരഞ്ഞെടുത്തയയ്ക്കുന്നതു നാമമാത്രമായ വനിതകളെ മാത്രം. അങ്ങനെയൊരു പാര്‍ലമെന്റ് വനിതാ സംവരണം എങ്ങനെ നടപ്പാക്കും എന്ന ചോദ്യത്തിന് ആരു മറുപടി പറയും. 

രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങുന്ന വനിതകള്‍ക്ക് ഇന്നും നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ഒട്ടേറെയുണ്ട്. രാഷ്ട്രീയത്തിലിറങ്ങുന്ന വനിതകള്‍ ധാര്‍മികമായി മികച്ചവരല്ലെന്ന് കരുതുന്ന പുരുഷന്‍മാരുടെ എണ്ണവും കൂടുതലാണ്. അതുകൊണ്ടുതന്നെ അസന്തുഷ്ടകരമായ പല  സാഹചഹ്യങ്ങളെയും അവര്‍ക്കുനേരിടേണ്ടിവരുന്നു. പുതുതലമുറ സ്ത്രീകള്‍ രാഷ്ട്രീയത്തിലേക്ക് കൂടുതലായി കടന്നുവരുന്നതിന് ഇതുതന്നെയാണ് പ്രധാന തടസ്സം. 

സാവിത്രി ലക്ഷ്മണിനു ശേഷം ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തില്‍നിന്ന് ഒരു വനിതയെപ്പോലും പാര്‍ലമെന്റംഗമായി വിജയിപ്പിക്കാനിട്ടില്ലെന്ന് സമ്മതിക്കുന്നത് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക തന്നെയാണ്. ഓരോ തിരഞ്ഞെടുപ്പിലും സീറ്റുകള്‍ നല്‍കിയാല്‍ത്തന്നെ അതു പരാജയപ്പെടുന്ന സീറ്റുകളിലാണെന്ന് നേതൃത്വം ഉറപ്പാക്കുന്നുണ്ടെന്നും അവര്‍ തുറന്നു സമ്മതിക്കുന്നു. സിപിഐയുടെ കേരളത്തിലെ സ്ഥാനാര്‍തിപ്പട്ടികയില്‍ ഒരു സ്ത്രീയെപ്പോലും ഉള്‍പ്പെടുത്താത്തതിന്റെ കാരണം ആ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിതന്നെ തുറന്നുപറഞ്ഞു: വിജയ സാധ്യത ഇല്ലത്രേ.  

മാറ്റം...അതെന്നാണ് ഉണ്ടാകുന്നത്. കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിപക്ഷം വനിതകള്‍ക്കാണെങ്കിലും അതു സീറ്റില്‍, സ്ഥാനാര്‍ഥിത്വത്തില്‍ എന്നാണു പ്രതിഫലിക്കുക. കാത്തിരിക്കേണ്ടത് ഇനിയും എത്രനാള്‍ .....? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com