ADVERTISEMENT

മൗനം പാതി സമ്മതം എന്ന പഴഞ്ചൊല്ല് തിരുത്താറായി എന്നോർമ്മിപ്പിക്കുകയാണ് കേരള പൊലീസ്. പ്രത്യേകിച്ച് സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ. ആക്രമണങ്ങൾക്കെതിരെ ഉറക്കെ പ്രതികരിക്കൂവെന്ന ഓർമ്മപ്പെടുത്തലോടെയാണ് കേരള പൊലീസ് ഇൻഫർമേഷൻ സെന്റർ ഫെയ്സ്ബുക്ക് സ്ത്രീ സുരക്ഷാ ക്യാംപെയിന് തുടക്കമിട്ടത്. 

ആരെ ഭയന്നാണ്?... എന്തിനെ ഭയന്നാണ് നിങ്ങൾ മിണ്ടാതിരിക്കുന്നത്? എന്ന ചോദ്യത്തോടെയാണ് കേരള പൊലീസ് ഇൻഫർമേഷൻ സെന്റർ ഫെയ്സ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. സ്ത്രീ സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്ന ക്യാംപെയിനിലൂടെ അവർ നൽകുന്ന സന്ദേശം ഉറക്കെ പ്രതികരിക്കൂവെന്നാണ്. മിണ്ടാതിരിക്കരുത്. പ്രതികരിക്കണം. പരാതിപ്പെടണം എന്ന നിർദേശവും അവർ മുന്നോട്ടുവയ്ക്കുന്നുണ്ട്. 

കേരള പൊലീസ് ഇൻഫർമേഷൻ സെന്റർ ഫെയ്സ്ബുക്ക് മുന്നോട്ടുവയ്ക്കുന്ന സ്ത്രീ സുരക്ഷാ ക്യാംപെയിനെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും കേരള പൊലീസ് ഇൻഫർമേഷൻ സെന്റർ ഡെപ്യൂട്ടി ഡയറക്ടറും പബ്ലിക് റിലേഷൻസ് ഓഫിസറുമായ വി.പി പ്രമോദ് കുമാർ മനോരമ ഓൺലൈനിനോട് പങ്കുവച്ചതിങ്ങനെ :-

ക്യാംപെയിൻ മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങൾ

പ്രധാനമായും രണ്ട് ക്യാംപെയ്നുകളാണുള്ളത്. അതിൽ ആദ്യത്തേത് ഓൺലൈൻ ക്യാംപെയിൻ ആണ്.  10 ദിവസത്തെ ക്യാംപെയിനാണിത്. സുരക്ഷയ്ക്കായി സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചുമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങൾ വഴി പരമാവധി പ്രചരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യങ്ങളിലൊന്ന്. കേരള പൊലീസിന്റെ ഇൻഫർമേഷൻ സെന്റർ പേജ്, വിവിധ വാട്സപ് ഗ്രൂപ്പുകൾ, ഫെയ്സ്ബുക്ക്, പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകൾ എന്നിവയിലൂടെയൊക്കെ പ്രചാരണം നടക്കും. ഓരോ ദിവസവും ഓരോ വിഷയമായിരിക്കും സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരുക. രണ്ടാം ദിവസത്തെ ക്യാംപെയിൻ യാത്രാവേളകളിലെ അക്രമം തടയുന്നതിനെക്കുറിച്ചായിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും കേരളപൊലീസിന്റെ സ്വയം രക്ഷാ പരിശീല ക്ലാസുകൾ

കേരള പൊലീസിന് ഒരു സെൽഫ് ഡിഫൻസ് ടീമുണ്ട്. 19 പൊലീസ് ജില്ലകളിലായി 4 വീതം വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ഇത് നിയന്ത്രിക്കുന്നത്. അക്രമത്തെ പ്രതിരോധിക്കാനുള്ള സൗജന്യപരിശീലനമാണ് ഇവർ സ്ത്രീകൾക്കും കുട്ടികൾക്കും നൽകുന്നത്. അക്രമിയെ എങ്ങനെ നിലംപരിശാക്കാമെന്നല്ല. ഒരാൾ ആക്രമിക്കാൻ വന്നാൽ എങ്ങനെ പ്രതിരോധിക്കണം എന്നും സ്വയ രക്ഷയ്ക്കായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടതെന്നുമാണ് അവർ പഠിപ്പിക്കുന്നത്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് 9497970323 എന്നനമ്പറിലൂടെയും ഇമെയിലിലൂടെയും ബന്ധപ്പെടാവുന്നതാണ്.

റസിഡന്റ് അസോസിയേഷനുകൾ, സ്കൂളുകൾ, കൊളേജുകൾ എന്നിവിടങ്ങളിൽ നിന്നൊക്കെയാണ് പൊതുവെ പരിശീലനം വേണമെന്നാവശ്യപ്പെട്ട് വിളിക്കാറുള്ളത്. കായികമായി പ്രതിരോധിക്കാനുള്ള പരിശീലനം മാത്രമല്ല നൽകുന്നത്. അപ്രതീക്ഷിതമായ സാഹചര്യങ്ങളെ നേരിടാനുള്ള കൗൺസിലിങ്ങുകളും മോട്ടിവേഷണൽ ക്ലാസുകളും, നിയമ പരിഞ്ജാന ക്ലാസുകളും ഇതിന്റെ ഭാഗമായി നൽകാറുണ്ട്. എല്ലാ മൊഡ്യൂളുകളും ഉൾപ്പടെയുള്ള പരിശീലക്ലാസുകളുടെ ദൈർഘ്യം 20 മണിക്കൂറോളം വരും. എന്നാൽ അത്രയും സമയം നൽകാൻ സാധിക്കാത്തവർക്കായി പരമാവധി മൊഡ്യൂളുകളുൾക്കൊള്ളിച്ച് ഒരു മണിക്കൂർ ദൈർഘ്യമുള്ള ക്ലാസ് നൽകാനും സെൽഫ് ഡിഫൻസ് ടീം തയാറാണ്. ടെക്നോപാർക്ക് പോലെയുള്ള സ്ഥലങ്ങളിൽ പല ദിവസങ്ങളിലായി ഇത്തരം പരിശീലന ക്ലാസുകൾ നടത്താറുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com