ADVERTISEMENT

അഞ്ചുമാസം മാത്രം പ്രായമുള്ള എസ്തര്‍ മേരി എന്ന പെണ്‍കുഞ്ഞ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത് പാർലമെന്റിൽ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്നാണ്. എംപി ആയ അമ്മയുടെ ഒക്കത്തിരുന്ന് ഡാനിഷ് പാര്‍ലമെന്റിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയപ്പോഴേക്കും സ്പീക്കറുടെ വാക്കുകള്‍ മുഴങ്ങി: 

കുട്ടിയുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ നിങ്ങള്‍ക്ക് അനുമതിയില്ല.  സ്പീക്കറുടെ നിർദേശത്തെത്തുടർന്ന് ഡെന്‍മാർക്കിലെ ഭരണകക്ഷി അംഗമായ അബില്‍ഡ്ഗാര്‍ഡ് കുഞ്ഞിനെയുമെടുത്ത് പുറത്തിറങ്ങി. എസ്തറിനെ സഹായിയെ ഏല്‍പിച്ചിട്ടാണ് പിന്നീട് അവർ പാര്‍ലമെന്റിൽ പങ്കെടുത്തത്.

സ്ത്രീസൗഹൃദരാജ്യമായാണ് ഡെന്‍മാർക്ക് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷേ, നിര്‍ണായകമായ വോട്ടെടുപ്പ് നടക്കുമ്പോള്‍ അഞ്ചുമാസം പ്രായമായ കുട്ടിയുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച എംപിക്ക് അനുമതി നിഷേധിച്ചതിലൂടെ കോട്ടം തട്ടിയിരിക്കുകയാണ് രാജ്യത്തിന്റെ സ്ത്രീ സൗഹൃദ പ്രതിഛായയ്ക്ക്. സംഭവത്തെക്കുറിച്ച് അബില്‍ഡ്ഗാര്‍ഡ് രൂക്ഷമായിത്തന്നെ പ്രതികരിച്ചു. ഫെയ്സ്ബുക്കിലെ അവരുടെ പ്രതികരണം വൈറലാവുകയും ആയിരക്കണക്കിനു ലൈക്ക് നേടുകയും ചെയ്തു.

മകളുമായി പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ ഞാന്‍ അനുവാദം ചോദിച്ചിരുന്നില്ല. അതു സത്യം തന്നെ. മുമ്പ് മറ്റൊരു സഹപ്രവര്‍ത്തക കുട്ടിയുമായി ഇവിടെ ഇരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് അനുവാദം ചോദിക്കാതിരുന്നത്. ഇതിനുമുമ്പ് ഞാന്‍ കുട്ടിയുമായി പാര്‍ലമെന്റില്‍ വന്നിട്ടില്ല. പക്ഷേ കഴിഞ്ഞ ദിവസം മറ്റൊരു മാര്‍ഗവും എനിക്കു മുമ്പിലുണ്ടായിരുന്നില്ല. കുഞ്ഞിന്റെ അച്ഛനാണ് പതിവായി അവളെ നോക്കിയിരുന്നത്. അന്ന് അദ്ദേഹത്തിനു മറ്റു തിരക്കുകളുണ്ടായിരുന്നു. എനിക്കാണെങ്കില്‍ വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്യണമായിരുന്നു. എസ്തര്‍ കരഞ്ഞു ബഹളമൊന്നുമുണ്ടാക്കുന്ന കൂട്ടത്തിലായിരുന്നില്ല. അഥവാ കരഞ്ഞാൽത്തന്നെ ശബ്ദം പുറത്തുവരാതിരിക്കാനുള്ള പാസിഫയറും വച്ചിട്ടുണ്ടായിുരന്നു.– അബില്‍ഡ്ഗാര്‍ഡ് പറയുന്നു. 

എംപിമാര്‍ക്ക് പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാം. അവരുടെ കുട്ടികള്‍ക്ക് അതിനുള്ള അനുവാദമില്ല. അതാണ് നിയമം. സംശയമുള്ളവര്‍ക്ക് പരിശോധിക്കാം. എന്നായിരുന്നു സ്പീക്കറുടെ സംഭവത്തെക്കുറിച്ച് പിന്നീടുള്ള കമന്റ്. ഡെന്‍മാര്‍ക്കിലെ നിയമം അനുസരിച്ച് പ്രസവത്തെത്തുടര്‍ന്ന് അബില്‍ഡ്ഗാര്‍ഡിന് പൂര്‍ണ ശമ്പളത്തോടുകൂടി ഒരു വര്‍ഷത്തെ അവധി ലഭിക്കും. പക്ഷേ അവധി വെട്ടിച്ചുരുക്കി അവര്‍ പാര്‍ലമെന്റില്‍ എത്തുകയായിരുന്നു.

അമ്മയുടെ ഒക്കത്തിരുന്ന നവജാതശിശുവിനെ ഡെന്‍മാര്‍ക് പാര്‍ലമെന്റില്‍നിന്നു പുറത്താക്കിയ സംഭവം പുറത്തുവന്നപ്പോള്‍ പലരുടെയും ഓര്‍മയില്‍ വന്ന ഒരു ചിത്രമുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ നടന്നത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ അന്ന് മൂന്നുമാസം പ്രായമുള്ള കുട്ടിയുമായാണ് എത്തിയത്. അന്ന് നെല്‍സണ്‍ മണ്ഡേല അനുസ്മരണ സമാധാനസമ്മേളനത്തില്‍ ജെസീന്ത പ്രസംഗിക്കുമ്പോള്‍ തൊട്ടടുത്തുതന്നെ പങ്കാളിയുടെ മടിയിലുണ്ടായിരുന്നു പ്രധാനമന്ത്രിയുടെ കുട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com