ADVERTISEMENT

മുറവിളികള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ ആ റെക്കോര്‍ഡ് ഗിന്നസ് അധികൃതരും അംഗീകരിച്ചു. വിവേചനപരവും ലിംഗനീതിക്ക് എതിരുമാണെന്നു മനസ്സിലാക്കിയതിനുശേഷമാണ് ഗിന്നസ് അധികൃതരുടെ മാനസാന്തരം. ഏപ്രലില്‍ നടന്ന ലണ്ടന്‍ മാരത്തണില്‍ സ്വന്തം ഇഷ്ടപ്രകാരമുള്ള പാന്റ്സ് ധരിച്ച് റെക്കോര്‍ഡ് വേഗത്തില്‍ ഓടിയ നഴ്സ് ജെസീക്ക ആന്‍ഡേഴ്സനാണു താരം.

നഴ്സിന്റെ യൂണിഫോമില്‍ ഏറ്റവും വേഗത്തില്‍ മാരത്തണ്‍ ഓടുന്ന വ്യക്തിയെ കണ്ടെത്താനായിരുന്നു മല്‍സരം. 2015 ല്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ജെസീക്ക ആന്‍ഡേഴ്സന്‍ ഈ വര്‍ഷമാദ്യം തിരുത്തിയത്. നീല നിറത്തിലുള്ള ബാഗി പാന്റ്സും അണിഞ്ഞാണ് ജെസീക്ക മാരത്തണ്‍ ഓടിയെത്തിയത്. ലണ്ടനിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ ജോലി ചെയ്യുന്ന ജെസീക്ക അവിടെ ധരിക്കാറുണ്ടായിരുന്ന യൂണിഫോമില്‍ത്തന്നെയാണ് ഓട്ടം പൂര്‍ത്തിയാക്കിയതും റെക്കോർ‍ഡ് നേടിയതും.

മാരത്തണ്‍ ഓട്ടത്തിനു മുൻപ് വേഷത്തെക്കുറിച്ചുള്ള നിബന്ധനകള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ അതുമായി യോജിക്കാതെ സ്വന്തം വേഷത്തില്‍ത്തന്നെ ഓടി കഴിവു തെളിയിക്കാനായിരുന്നു ജെസീക്കയുടെ തീരുമാനം. ഓട്ടം പൂർത്തിയാക്കാൻ മൂന്നു മണിക്കൂറും എട്ടു മിനിറ്റും 22 സെക്കന്‍ഡുമാണ് താരം എടുത്തത്. മുന്‍ റെക്കോര്‍ഡിനേക്കാള്‍ 32 സെക്കന്‍ഡ് കുറവ്. ഏപ്രില്‍ 28 നായിരുന്നു മല്‍സരം. ജെസീക്ക റെക്കോര്‍ഡ് സ്ഥാപിച്ചു എന്നു വ്യക്തമായിരുന്നെങ്കിലും വേഷനിബന്ധന പാലിച്ചില്ല എന്നു പറഞ്ഞ് അധികൃതര്‍ അര്‍ഹതപ്പെട്ട അംഗീകാരം തടഞ്ഞുവച്ചു.

സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രതിഷേധം രൂക്ഷമായിരുന്നെങ്കിലും നിലപാടില്‍ മാറ്റമുണ്ടായില്ല. ഒടുവില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച തെറ്റു മനസ്സിലാക്കി ഗിന്നസ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തി. നഴ്സിന്റെ യൂണിഫോമില്‍ ഏറ്റവും വേഗത്തില്‍ മാരത്തണ്‍ ഓടിയ വ്യക്തി എന്ന നിലയിലുള്ള റെക്കോര്‍ഡ് ജെസീക്കയ്ക്ക് അവകാശപ്പെട്ടതാണ്. അത് നിഷേധിച്ചത് തെറ്റായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ജെസീക്ക മാരത്തണില്‍ ഓടിയത്. അല്ലാതെ റെക്കോര്‍ഡ് മോഹിച്ചല്ല. പക്ഷേ റെക്കോര്‍ഡും കൂടെ എത്തി എന്നുമാത്രം. തന്റെ റെക്കോര്‍ഡ് അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com