ADVERTISEMENT

പഴകിയ മൊബൈൽ ഫോൺ ഒരു കച്ചവടക്കാരനു വിൽക്കുമ്പോൾ അതിൽ അസാധാരണമായി ഒന്നും തോന്നിയിരുന്നില്ല വിറ്റയാളിനും വാങ്ങിയ ആളിനും. പക്ഷേ, ഫോൺ വിൽപന നയിച്ചത് അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങളിലേക്ക്. ഒരു യുവതിയുടെ ആത്മഹത്യയിലേക്കും കൊലപാതകത്തിലേക്കും ഏറ്റമുട്ടലിലേക്കും. അന്വേഷണത്തെത്തുടർന്നു വെളിപ്പെട്ട വിവരങ്ങൾ ഒരു ത്രില്ലർ സിനിമയേക്കാളും ഉദ്വേഗഭരിതവും അപ്രതീക്ഷിതമായ ടേണും ട്വിസ്റ്റും നിറഞ്ഞതും.

 

ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 35 വയസ്സുകാരിയായ ഒരു യുവതിയാണ് നാടകീയ സംഭവങ്ങളിലെ നായിക. വിവാഹിതയായി, ഭർത്താവിനും മകനുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതിനിടെ ഒരു ദിവസം ഇവർ അളകനനന്ദ പാലത്തിൽനിന്ന് നദിയിലേക്കു ചാടി ആത്മഹത്യാശ്രമം നടത്തി. മുസഫർനഗറിലെ ഗംഗൻഹർ കനാലിന്റെ കൈവഴിയിലേക്കാണ് യുവതി അഞ്ചുവയസ്സുകാരൻ മകനെയുമെടുത്ത് ചാടിയത്. മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തി മകനെ രക്ഷിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. പൊലീസ് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യ ചെയ്ത യുവതിയുടെ ചിത്രങ്ങൾ കുറച്ചുനാൾ മുമ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതായി കണ്ടെത്തി. യുവതിയും മുൻ കാമുകനുമൊത്തുള്ള ചിത്രങ്ങളാണ് വൈറലായത്. ശുഭം കുമാർ എന്നാണ് യുവതിയുടെ മുൻ കാമുകന്റെ പേര്. ഇയാൾ തന്റെ ഫോണിന്റെ ഗ്യാലറിയിലുണ്ടായിരുന്ന കാമുകിയുടെ ചിത്രങ്ങൾ മായ്ച്ചുകളയാതെ ഫോൺ വിറ്റു. മീററ്റിലുള്ള അനൂജ് പ്രജാപതി എന്നയാൾക്കാണ് ഫോൺ വിറ്റത്. ഫോണിൽ രഹസ്യസ്വഭാവമുള്ള ചിത്രങ്ങൾ കണ്ട പ്രജാപതി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വൈറലാവുകയും ചെയ്തു. ഇതേത്തുടർന്നാണ് മാനഹാനി ഭയന്ന് യുവതി ആത്മഹത്യ ചെയ്തത്. പക്ഷേ, കടുത്ത നടപടിക്കു മുമ്പ് യുവതി ഒരു ബൂത്തുടമയുടെ ഫോണിൽനിന്ന് അവസാനമായി വിളിച്ചിരുന്നു. ഈ വിളി അന്വേഷിച്ചുചെന്ന പൊലീസ് യുവതിയുടെ ഭർത്താവിനെ കണ്ടെത്തി. അതോടെയാണ് യുവതിയുടെ പേരും വിവരങ്ങളും വെളിപ്പെട്ടത്.

 

പക്ഷേ ആപ്പോഴേക്കും പ്രജാപതിയും മരിച്ചിരുന്നു. ചിത്രങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ശുഭം കുമാറും സുഹൃത്തുക്കളും കൂടി പ്രജാപതിയെ കൊല്ലുകയായിരുന്നു. മേയ് 23 നാണ് കൊലപാതകം നടക്കുന്നത്. തന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെക്കുറിച്ച് യുവതി ശുഭം കുമാറിനോട് അന്വേഷണം നടത്തിയിരുന്നു. അതോടെയാണ് അയാൾ സുഹൃത്തുക്കളെ കൂട്ടി പ്രജാപതിയുടെ കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകസ്ഥലത്തു നിന്നു ലഭിച്ച മൊബൈൽ ഫോൺ പരിശോധിച്ചും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. അവരെ അറസ്റ്റ് ചെയ്യാൻ നാലു പൊലീസ് സംഘങ്ങളെ നിയോഗിക്കുകയും ചെയ്തു. ശനിയാഴ്ച അന്വേഷണ സംഘം പ്രതികളെ കണ്ടെത്തി. അഞ്ചുപേരടങ്ങുന്ന സംഘം രണ്ടു മോട്ടോർ സൈക്കിളുകളിൽ സഞ്ചരിക്കുകയായിരുന്നു. സുരക്ഷാ പരിശോധനനയുടെ ഭാഗമായി വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ പ്രതികൾ വെടിയുതിർത്തു. പൊലിസ് തിരിച്ചുവെടിവച്ചതോടെ രണ്ടു പ്രതികളുടെ കാലിൽ വെടിയേറ്റു. പ്രതികൾ പിടിയിലാവുകയും ചെയ്തു.

 

മുൻബന്ധത്തിലെ മോശം ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെടുകയും കൊലപാതകക്കേസിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com