ADVERTISEMENT

ഒന്നാം മോദി മന്ത്രിസഭയില്‍ കൈകാര്യം ചെയ്ത അതേ വകുപ്പ് പുതിയ മോദി മന്ത്രിസഭയിലും ലഭിച്ച അപൂര്‍വം മന്ത്രിമാരില്‍ ഒരാളാണ് പ‍ഞ്ചാബില്‍നിന്നുള്ള ഹര്‍ സിമ്രത് കൗര്‍ ബാദല്‍. ക്യാബിനറ്റ് റാങ്ക് ലഭിച്ച മൂന്നു വനിതകളില്‍ ഒരാള്‍. ശിരോമണി അകാലിദളിന്റെ വനിതാ മുഖമായ ഹര്‍ സിമ്രത് കൗര്‍ ഭക്ഷ്യ സംസ്കരണ വ്യവസായങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പില്‍ ഇക്കഴിഞ്ഞ ദിവസം സ്ഥാനമേറ്റു. അപൂര്‍വതകള്‍ ഏറെയുള്ള ജീവിതത്തിന്റെ ഉടമയായ ഹര്‍ സിമ്രത് ഇപ്പോള്‍ കാത്തിരിക്കുന്നത് 17-ാം തീയതിക്കുവേണ്ടിയാണ്. അന്ന് പാര്‍ലമെന്റില്‍ അവര്‍ മന്ത്രിയായി പ്രവേശിക്കുമ്പോള്‍ പാര്‍ലമെന്റംഗമായി ഭര്‍ത്താവ് സുഖ്ബീര്‍ സിങ് ബാദലും ഒപ്പമുണ്ടായിരിക്കും. ഇതാദ്യമായാണ് ഇവര്‍ രണ്ടുപേരും ഒരുമിച്ച് ഒരേ സഭയിലെ അംഗങ്ങളാകുന്നതും.

 

ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഭര്‍ത്താവിനെ പ്രേരിപ്പിച്ചത് താനാണെന്നു പറയുന്നു ഹര്‍ സിമ്രത്. മുമ്പ് പഞ്ചാബില്‍ ഉപമുഖ്യമന്ത്രിയായിരുന്നിട്ടുള്ള അദ്ദേഹത്തിന് സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു അത്. പാര്‍ട്ടിയും ആ തീരുമാനം അംഗീകരിച്ചു. മന്ത്രിസഭയില്‍ ആരു ചേരണമെന്ന കാര്യം തീരുമാനിച്ചതും പാര്‍ട്ടി തന്നെയാണെന്നു പറയുന്ന ഹര്‍ സിമ്രത് പഞ്ചാബില്‍ ഇത്തവണ കോണ്‍ഗ്രസിനു സീറ്റ് കൂടിയെങ്കിലും അവര്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും പ്രവചിക്കുന്നു. സുഖ്ബീര്‍ സിങ് ബാദലാണ് നിലവില്‍ പഞ്ചാബില്‍ പാര്‍ട്ടിയെ നയിക്കുന്നത്.

 

ഭക്ഷ്യസംസ്കരണം പ്രധാന വകുപ്പാണ്. പ്രത്യേകിച്ചും കാര്‍ഷിക മേഖലയുമായുള്ള ബന്ധത്താലും ഒട്ടേറെ ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാലും. പ്രധാനമന്ത്രിയുടെ അഭിമാനപദ്ധതിയായ മേക് ഇന്‍ ഇന്ത്യയുടെ ഭാഗമായും ഭക്ഷ്യസംസ്കരണ രംഗത്ത് പൂര്‍ത്തിയാക്കാന്‍ പദ്ധതികളും സഫലീകരിക്കാന്‍ ലക്ഷ്യങ്ങളുമുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ഭക്ഷ്യസംസ്കരണ രംഗത്ത് ശക്തമായ അടിത്തറയുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ഹര്‍ സിമ്രത് പറയുന്നു. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ നേട്ടങ്ങള്‍ അടുത്തരണ്ടു വര്‍ഷങ്ങളില്‍ പ്രകടമാകുമെന്നും സാധാരണ ജനമായിരിക്കും ഗുണഭോക്താക്കളെന്നും അവര്‍ വിശദീകരിക്കുന്നു.

 

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പ്രയത്നമാണ് കഴിഞ്ഞ അഞ്ചുവര്‍ഷവും നടത്തിയത്. ഗ്രാമീണ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് അടുത്ത ലക്ഷ്യം. കൃഷി ലാഭകരമല്ല എന്ന ന്യായം പറഞ്ഞ് കര്‍ഷകരുടെ മക്കള്‍ മറ്റു ജോലിയിലേക്കു പോകുന്ന സാഹചര്യം ഉണ്ടാകരുത്. കൃഷി അഭിമാനമായി കാണാന്‍ പുതിയ തലമുറയ്ക്കും കഴിയണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ, പുതിയ യന്ത്രസംവിധാനങ്ങളുമായി കാര്‍ഷികമേഖലയില്‍ പുതിയ യുഗത്തിനു തുടക്കമിടാനും പദ്ധിയുണ്ട്- ഹര്‍ സിമ്രത് ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചു പറയുന്നു.

 

പാക്കിസ്ഥാനിലുള്ള ഗുരുനാനാക്കിന്റെ കൊട്ടാരം പുനര്‍നിര്‍മിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി ഇമ്രാന്‍ ഖാനുമായി ചര്‍ച്ച നടത്തണമെന്ന് കഴിഞ്ഞദിവസം ഹര്‍ സിമ്രത് ട്വീറ്റ് ചെയ്തിരുന്നു. സിഖ് മത വിശ്വാസികള്‍ക്കു പവിത്രമായ ഇടമായതിനാലാണ് അക്രമികള്‍ നശിപ്പിച്ച കൊട്ടാരം പുനര്‍നിര്‍മിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്ന് ഹര്‍ സിമ്രത് വിശദീകരിക്കുന്നു. പഞ്ചാബിലെ ഭട്ടിന്‍ഡയില്‍നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയാണ് ഹര്‍ സിമ്രത് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com