ADVERTISEMENT

തുടര്‍ച്ചയായി പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ വിധിക്കുന്നതില്‍ തെറ്റില്ലെന്ന ഭരണഘടനാ ഭേദഗതി ഒരിക്കല്‍ക്കൂടി ശരിവച്ചുകൊണ്ട് ബോംബെ ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഒരു വകുപ്പ് ഭേദഗതി ചെയ്തുകൊണ്ടും ഇരകള്‍ക്കു നീതി ഉറപ്പാക്കിയും നടത്തിയ ഭേദഗതിയാണ് ബോംബെ ഹൈക്കോടതി ശരിവച്ചിരിക്കുന്നത്.

 

ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വരുത്തിയ ഭേദഗതി ഭരണഘടനാനുസൃതമാണെന്ന് ജസ്റ്റിസ് ധര്‍മാധികാരിയും രേവതി മോഹിതെയുമുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. ശക്തിമില്‍ പീഡനക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവു ചെയ്യേണ്ട ആവശ്യവുമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. 

2013 ഓഗസ്റ്റ് 22 നായിരുന്നു ശക്തി മില്‍ പീഡനക്കേസ് പുറത്തുവന്നത്. ഉപേക്ഷിക്കപ്പെട്ട മില്‍ കോംപൗണ്ടില്‍ സഹപ്രവര്‍ത്തകനൊപ്പം ജോലിയുടെ ഭാഗമായി പോയ വനിതാ ഫൊട്ടോഗ്രഫറെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ആദ്യം അറസ്റ്റ് ചെയ്യപ്പെട്ടത് ഒരു പതിനേഴുവയസ്സുകാരന്‍. തുടര്‍ന്ന് മറ്റു പ്രതികളും അറസ്റ്റിലായി. ജൂലൈ മാസത്തില്‍ ശക്തിമില്‍ കോംപൗണ്ടില്‍വച്ച് താനും പീഡനത്തിരയായി എന്ന് പിന്നീട് ഒരു പതിനെട്ടുകാരി വെളിപ്പെടുത്തി. രണ്ടും കേസുകളും ഒരുമിച്ചാണ് കോടതി പരിഗണിച്ചത്. വിചാരണയ്ക്കിടെ വനിതാ ഫോട്ടോഗ്രാഫര്‍ കോടതിമുറിയില്‍ തളര്‍ന്നുവീഴുകയും ചെയ്തിരുന്നു.

 

ശക്തി മില്‍ കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ തങ്ങള്‍ക്കു വിധിച്ച ജീവപര്യന്തം തടവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് ജസ്റ്റിസ് ധര്‍മാധികാരി, രേവതി മോഹിതെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. തങ്ങള്‍ക്കു ലഭിച്ച ജീവപര്യന്തം തടവിന്റെ ഭരണഘടനാ സാധുത പരിശോധിക്കണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. അഞ്ചുവര്‍ഷം മുമ്പ് 2014 ലാണ് ശക്തിമില്‍ കൂട്ടമാനഭംഗക്കേസില്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(ഇ) വകുപ്പ് ഭേഗഗതി ചെയ്തുകൊണ്ടാണ് തുടര്‍ച്ചായി പീഡനക്കേസുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കടുത്തശിക്ഷ തന്നെ നല്‍കണമെന്ന് കോടതി നേരത്തെ അഭിപ്രയപ്പെട്ടത്. ജീവര്യന്തമോ വധശിക്ഷയോ തന്നെ നല്‍കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. 

2012ല്‍ ഡല്‍ഹിയില്‍ 23 വയസ്സുകാരിയായ യുവതി കൂട്ടപീഡനത്തിന് വിധേയമായതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ കോടതി ഭേദഗതി വരുത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com