ADVERTISEMENT

ഭർത്താവ് നഷ്ടപ്പെട്ട ചില അമ്മമാർ ഇങ്ങനെയാണ് എന്ത് റിസ്കെടുത്തും തങ്ങളുടെ മക്കളെ പറ്റുന്നത്രയും പഠിപ്പിക്കും. അവിടെ അവർക്ക് സ്വാർഥ ലക്ഷ്യങ്ങളില്ല. പഴികൾക്കും ആവശ്യമില്ലാത്ത അഭിപ്രായങ്ങൾക്കും അവർ ചെവികൊടുക്കാറില്ല. ലക്ഷ്യത്തിനായി അഹോരാത്രം പ്രയത്‌നിച്ചു കൊണ്ടെയിരിക്കും. അങ്ങനെയൊരു അമ്മയുടെ കഥയാണിത്. വീട്ടുവേല ചെയ്തും റോഡു വക്കില്‍ പച്ചക്കറി വിറ്റും മക്കളെ ഡോക്ടറാക്കിയ അമ്മയുടെ കഥ.

‘‘നീ ഇങ്ങനെ കഷ്ടപ്പെടുന്നതെന്തിനാ. നിന്റെ മക്കളാരും ഡോക്ടർമാരോ എൻജിനീയർമാരോ ആകാൻ പോകുന്നില്ല’’ -ഇങ്ങനെ ബന്ധുക്കളും അയല്‍ക്കാരും ജോലിക്കു നിൽക്കുന്ന വീട്ടിലുള്ളവരുമൊക്കെ സുമിത്രയെ ഉപദേശിക്കുന്നത് ആ അഞ്ചു മക്കളും പലതവണ കേട്ടിട്ടുണ്ട്. അപ്പോഴൊക്കെ അവര്‍ മനസ്സിൽ പറഞ്ഞു കൊണ്ടോയിരുന്നു, ‘ഇവരെക്കൊണ്ടൊക്കെ ഇതു തിരുത്തിപ്പറയിക്കും. അങ്ങനെയൊരു ദിവസം വരും.’

അന്യരുടെ വീടുകളില്‍ പാത്രം കഴുകിയും വീട്ടുജോലി ചെയ്തും ഹോട്ടലുകളില്‍ വെള്ളം കോരിക്കൊടുത്തും റോഡു വക്കില്‍ പച്ചക്കറി വിറ്റും തങ്ങൾക്കു വേണ്ടി അമ്മ സഹിക്കുന്ന ത്യാഗങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ഒരു ആഗ്രഹമേ ആ അമ്മയ്ക്കുള്ളൂ, തന്റെ മക്കൾ പഠിക്കണം. പഠിച്ച് വലിയ നിലയിലെത്തണം. അതിനു വേണ്ടി അഹോരാത്രം പണിയെടുക്കാൻ തനിക്കു മടിയില്ല..

Sumitra

ആ ലക്ഷ്യവും പ്രാർത്ഥനയും വെറുതെയായില്ല എന്നു കാലം തെളിയിച്ചിരിക്കുന്നു. മൂത്തമകള്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കി, ഡോക്ടറായി. രണ്ടാമത്തെ മകള്‍ എം.ബി.ബി.എസിന് പഠിക്കുന്നു. പഠനത്തില്‍ മറ്റു മൂന്നുപേരും ഒന്നാമതാണ്.

ഇത് ഉത്തര്‍ പ്രദേശിലെ ഹമീര്‍പ്പൂര്‍ ജില്ലയിലുള്ള മൌദഹ ഗ്രാമത്തിലെ സുമിത്രയുടെയും അവരുടെ അഞ്ചു മക്കളുടെയും കഥയാണ്. സുമിത്രയ്ക്ക് മൂന്നു പെണ്‍മക്കളും രണ്ടാൺമക്കളുമാണ്. സൈക്കിള്‍ റിക്ഷ ഓടിച്ചിരുന്ന ഭര്‍ത്താവ്, 12 വര്‍ഷം മുന്‍പ് ക്ഷയ രോഗം ബാധിച്ചു മരിച്ചതോടെ ആ ദരിദ്രകുടുംബം തെരുവില്‍ ഇറങ്ങേണ്ട നിലയിലായി. സുമിത്രയുടെയും അവരുടെ പിഞ്ചു കുഞ്ഞുങ്ങളുടെയും മുന്നില്‍ ജീവിതം വഴിമുട്ടിനിന്നു.

അവിടെ നിന്നാണ് സുമിത്രയുടെ അതിജീവനത്തിനായുള്ള പോരാട്ടം തുടങ്ങുന്നത്. ഒരു വാതിലിലും മുട്ടാതെ, ആരോടും കെഞ്ചാതെ അവര്‍ ജീവിതത്തിന്റെ പ്രതിസന്ധികളെ നേരിടാനൊരുങ്ങി. സമീപത്തെ ഹോട്ടലില്‍ പാത്രം കഴുകാനും, വെള്ളം കോരാനും, അടുത്ത വീടുകളില്‍ വീട്ടു വേല ചെയ്യാനും തുടങ്ങി. അതോടെ പട്ടിണിമാറി, കുട്ടികള്‍ സ്കൂളില്‍ പോയിത്തുടങ്ങി...

മക്കളെല്ലാം പഠനത്തിൽ മിടുക്കരായിരുന്നു. മൂത്തമകള്‍ അനിത അടുത്തവീടുകളില്‍ നിന്നു ശേഖരിക്കുന്ന പുളി സ്കൂളില്‍ കൊണ്ടുപോയി, ഇടവേള സമയത്ത് വിൽക്കുകയും കിട്ടുന്ന പണം അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അനിത പ്ലസ് 2 കഴിഞ്ഞ്, മെഡിക്കൽ പ്രവേശന പരീക്ഷ എഴുതി 682–ാം റാങ്ക് നേടി. യു.പിയിലെ സെഫായി മെഡിക്കല്‍കോളേജില്‍ അഡ്മിഷന്‍ ലഭിച്ചു.

പക്ഷേ, സുമിത്രയുടെ മനസ്സ് നീറി. വീട്ടുവേല ചെയ്തും പാത്രം കഴുകിയും മകളെ എങ്ങനെ ഡോക്ടറാക്കും? ഒപ്പം മറ്റുള്ളവരെയും പഠിപ്പിക്കണം. വീട്ടു ചെലവുകള്‍, ആഹാരം ഒക്കെ വേറെ. അവിടെയും സുമിത്ര തോൽക്കാൻ തയാറായിരുന്നില്ല. കയ്യിലുണ്ടായിരുന്ന 2000 രൂപാ മുടക്കി, വീടനടുത്തുള്ള റോഡുവക്കില്‍, ഒരു താല്‍ക്കാലിക പ്ലാസ്റ്റിക് മേല്‍ക്കൂര കെട്ടി അവർ പച്ചക്കറി വ്യാപാരം തുടങ്ങി. സ്കൂള്‍ വിട്ടുവന്നാല്‍ മക്കളും അമ്മയോടൊപ്പം കൂടി.

പഞ്ചായത്ത് ഉദ്യോഗസ്ഥർ പലതവണ കട എടുത്തുമാറ്റാന്‍ വന്നെങ്കിലും മക്കളെ വളര്‍ത്താന്‍ മറ്റു മാര്‍ഗ്ഗമില്ലെന്ന സുമിത്രയുടെ യാചന കേട്ട് അവരുടെ മനസ്സലിഞ്ഞു.

അതോടെ സുമിത്രയുടെ സമയം തെളിഞ്ഞു. ഒരു ദിവസം 300 മുതല്‍ 500 രൂപ വരെ ലാഭം കിട്ടാന്‍ തുടങ്ങി. അനിതയുടെ പഠിത്തം മുടങ്ങിയില്ല. ഇതിനിടെ പ്ലസ് 2 പാസ്സായ രണ്ടാമത്തെ മകള്‍ സുനിതയും അതേ മെഡിക്കല്‍കോളേജില്‍ അഡ്മിഷന്‍ നേടി.

മതിയായ ചികിത്സ കിട്ടാതെയാണ് സുമിത്രയുടെ ഭര്‍ത്താവ് മരിച്ചത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നു മറ്റേതെങ്കിലും ആശുപത്രിയിലേക്കു കൊണ്ടു പോകാൻ നിർദേശമുണ്ടായിട്ടും കയ്യിൽ പണമില്ലാത്തതിനാൽ അതു സാധ്യമായില്ല. അച്ഛന്റെ സമീപത്ത് അമ്മ നിസ്സഹായയായി നിൽക്കുന്നതിന് അനിത സാക്ഷിയായിരുന്നു.

ഭര്‍ത്താവിന്റെ മൃതദേഹവും അഞ്ചുമക്കളുമായി ആശുപത്രിയുടെ പടിയിറങ്ങുമ്പോള്‍ മക്കളോടൊപ്പം അദ്ദേഹത്തിന്റെ ചിതയില്‍ചാടി മരിക്കാം എന്നായിരുന്നു സുമിത്രയുടെ തീരുമാനം. എന്നാൽ അനിതയുടെ വാക്കുകൾ സുമിത്രയുടെ തീരുമാനം മാറ്റി.

‘‘അമ്മേ, ഞാന്‍ പഠിച്ചു വലുതായി ഒരു ഡോക്ടറാകും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കും. ഉറപ്പ്”. ആ വാക്കുകൾ സുമിത്രയ്ക്ക് കരുത്തായി. അവർ ജീവിക്കാൻ തന്നെ തീരുമാനിച്ചു.

ആ വാക്ക് പാലിക്കണമെന്ന ആഗ്രഹമാണ് അനിതയെ നയിക്കുന്നത്. ‘‘ഗ്രാമീണ മേഖലകളിലേക്കു പോകണം. അവിടെയുള്ള സാധുക്കളെ സൗജന്യമായി ചികിത്സിക്കണം. ചികിത്സ കിട്ടാതെ മരിച്ച തന്റെ അച്ഛന്റെ അവസ്ഥ ആര്‍ക്കുമുണ്ടാകരുത്’’. അവൾ പറയുന്നു.

അന്ന് മക്കളെ പഠിപ്പിക്കുന്നത് പാഴ് വേലയാണെന്നു പറഞ്ഞവര്‍ ഇപ്പോൾ അത് തിരുത്തിത്തുടങ്ങി. കടയിലെത്തുന്ന ആരും മക്കളുടെ വിശേഷം തിരക്കാതെ പോകാറില്ല. മാത്രവുമല്ല സുമിത്രയുടെയും മക്കളുടെയും ജീവിതം പ്രേരണയായി കാണുന്ന നിരവധിയാളുകൾ അവരെ കാണാനും അനുമോദിക്കാനും എത്തുന്നുമുണ്ട്.

എന്നാൽ ആരുടെയും സാമ്പത്തിക സഹായം അവർ സ്വീകരിക്കുന്നില്ല. എല്ലാം സ്നേഹപൂർവം നിരസിക്കുന്നു. അമ്മയെ സഹായിക്കാൻ, മൂന്നാമത്തെ മകന്‍ അരുണ്‍ പഠനം കഴിഞ്ഞുള്ള സമയങ്ങളില്‍ ഉന്തുവണ്ടിയില്‍ പഴക്കച്ചവടം നടത്തുന്നുണ്ട്.

മക്കളെയെല്ലാം നല്ലനിലയിലെത്തിച്ചിട്ട്, സംതൃപ്തിയോടെ ഭര്‍ത്താവിന്റെയടുത്തേക്ക് പോകണമെന്നതാണ് സുമിത്ര പറയുന്നത്.

ഈ അമ്മ ഒരു മാതൃകയാണ്. സംശയലേശമന്യേ പറയാം, കണ്ടു പഠിക്കേണ്ട ജീവിതമെന്ന്...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com