ADVERTISEMENT

കടക്കെണിയില്‍പെട്ട് കുടുംബം കൂട്ട ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ നാടകീയ വഴിത്തിരിവ്. ആത്മഹത്യാ ശ്രമത്തെത്തുടര്‍ന്ന് അമ്മയും മകനും കൊല്ലപ്പെട്ടിരുന്നു. അച്ഛനും കൗമാരക്കാരിയായ മകളും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ദിവസങ്ങള്‍ക്കുശേഷം പുറത്തുവന്ന ഒരു വിഡിയോ സംഭവം കൊലപാതകമാണെന്നു തെളിയിച്ചിരിക്കുന്നു. ആത്മഹത്യാശ്രമത്തില്‍നിന്നു രക്ഷപ്പെട്ട കൗമാരക്കാരിയായ മകള്‍ മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച വിഡിയോയാണ് തെളിവായത്. സംഭവത്തില്‍ പൊലീസ് അച്ഛനെയും മകളെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നു. 

 

എല്ലാം പറയുന്ന വിഡിയോ

 

ഞായറാഴ്ച രാത്രി ബെംഗളൂരുവില്‍ വിഭൂതിപുര എന്ന സ്ഥലത്താണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. 48 വയസ്സുകാരനായ സെയില്‍ എക്സിക്യൂട്ടീവാണ് സുരേഷ് ബാബു. അയാളും കുടുംബവും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചുവെന്നും പക്ഷേ സംഭവം പാതിവഴിയില്‍ പാളിപ്പോയെന്നും സുരേഷ് ബാബു പൊലീസിനു മൊഴി കൊടുത്തു.  ഭാര്യ ഗീതാ ഭായിയും മകന്‍ വരുണും ആത്മഹത്യ ചെയ്തതായും സുരേഷ് ബാബു വെളിപ്പെടുത്തി. 45 വയസ്സാണ് ഗീതാ ഭായിക്ക്. വരുണിന് 12 വയസ്സും. കടക്കെണിയെത്തുടര്‍ന്നാണ് കുടംബം കൂട്ട ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്നും സുരേഷ് ബാബു വെളിപ്പെടുത്തി. താനും ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും പക്ഷേ മകള്‍ അലമുറയിട്ട് അയല്‍ക്കാരെ വിളിച്ചുവരുത്തിയെന്നും അവര്‍ തടഞ്ഞതുകൊണ്ടാണ് ആത്മഹത്യ വിജയിക്കാതിരുന്നതെന്നും സുരേഷ് ബാബു മൊഴി നല്‍കി. പൊലീസും നാട്ടുകാരും സംഭവം പൂര്‍ണമായി വിശ്വസിക്കുകയും ചെയ്തു. പക്ഷേ ഞായറാഴ്ച ഉച്ചകഴിച്ച് പുറത്തുവന്ന ഒരു വീഡിയോ ആത്മഹത്യാ ശ്രമത്തിലെ കള്ളി വെളിച്ചത്താക്കി. മൂന്നു മിനിറ്റ് 47 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്നതാണ് വീഡിയോ. സുരേഷ് ബാബുവിന്റെ മകള്‍ മൊബൈല്‍ ഫോണില്‍ ഷൂട്ട് ചെയ്തതാണ് വിഡിയോ. പെണ്‍കുട്ടി ഇത് മറ്റാര്‍ക്കോ അയച്ചുകൊടുക്കുകയും അങ്ങനെ സമൂഹമാധ്യമങ്ങളില്‍ സംഭവം വൈറലാവുകയും ചെയ്തു.

 

സുരേഷ് ബാബു ബലപ്രയോഗം നടത്തി വരുണിനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കുന്നത് വിഡിയോയില്‍ വ്യക്തമായി കാണാം. ഗീതയും മകളും ഈ സമയം മുറിയില്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്നുണ്ട്. സഹോദരനെ വെറുതെവിടണമെന്നും ഉപദ്രവിക്കരുതെന്നും പെണ്‍കുട്ടി മറാത്തിയില്‍ അച്ഛനോട് അപേക്ഷിക്കുന്നതും വ്യക്തമായി കേള്‍ക്കാം. വരുണ്‍ കട്ടിലില്‍ കിടക്കുന്നതും സുരേഷ് ബാബു സമീപത്ത് ഇരിക്കുന്നതുമാണ് മറ്റൊരു ദൃശ്യം. സുരേഷ് വരുണിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഫാനില്‍ കെട്ടിത്തൂക്കുകയും ചെയ്തു. വിഡിയോ അപൂര്‍ണമായി അവസാനിക്കുകയാണ്. ഇത്രയുമായപ്പോഴേക്കും ഗീത മകളുടെ കയ്യില്‍നിന്ന് ഫോണ്‍ തട്ടിയെടുത്തുവെന്നാണ് പൊലീസ് സംഘം അനുമാനിക്കുന്നത്. 

 

അച്ഛനും മകളും കസ്റ്റഡിയിൽ

 

സുരേഷ് ബാബുവിനെയും 17 വയസ്സുള്ള മകളെയും കസ്റ്റഡിയിലെടുത്ത പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്. രണ്ടുപേരും തുടര്‍ച്ചയായി മൊഴി മാറ്റുകയാണെന്നു പൊലീസ് പറയുന്നു. പെണ്‍കുട്ടി സംഭവങ്ങളുടെ ഞെട്ടലില്‍നിന്ന് മുക്തയായിട്ടില്ലെന്നും പൊലീസ് പറയുന്നു. മഹാരാഷ്ട്ര-ഗുജറാത്ത് അതിര്‍ത്തിയില്‍നിന്നുള്ളവരാണ് സുരേഷ് ബാബുവും കുടുംബവും. ഗീത ചില വീടുകളില്‍ പാചകക്കാരിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു. ഒരു ചിട്ടിക്കമ്പനിയും നടത്തിയിരുന്നു. പക്ഷേ കടക്കെണിയില്‍ പെടുകയും 5 ലക്ഷം രൂപ ബാധ്യത വരുത്തുകയും ചെയ്തു. ഈ തുക കൊടുക്കാനാവില്ലെന്ന ചിന്തയിലാണ് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

 

സംഭവ ദിവസം രാത്രിയില്‍ ചില ആളുകള്‍ സുരേഷ് ബാബുവിന്റെ വീട്ടിലെത്തി ഗീതയോട് പണം മടക്കിച്ചോദിച്ചിരുന്നുവെന്നും കുടുംബം ഭാരിച്ച കടക്കെണിയിലായിരുന്നുവെന്നും ബന്ധുക്കളും അയല്‍ക്കാരും സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com