ADVERTISEMENT

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ വിഖ്യാത അമേരിക്കൻ ഗായകൻ ആർ.കെല്ലി എന്ന റോബർട് സിൽവസ്റ്റർ കെല്ലി വീണ്ടും കുരുക്കിൽ. 30 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വിവിധ കേസുകളിലാണ് 52 –വയസ്സുകാരനായ കെല്ലി ആരോപണവിധേയനായിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ട് ഒട്ടേറെ കേസുകളിൽ പ്രതിയാവുകയും ചില കേസുകളിൽനിന്ന് രക്ഷപ്പെടുകയും ചെയ്ത കെല്ലിക്കു നേരെ ഇതുവരെ ഉയർന്നതിൽ ഏറ്റവും ഗൗരവമുള്ള കേസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

 

ചിക്കാഗോയിൽ കുക് കൗണ്ടി പ്രോസിക്യൂട്ടർമാരാണ് ഗുരുതരമായ ആരോപണങ്ങൾ റിപോർട്ടുകൾ കോടതിയിൽ സമർപ്പിച്ചത്. ആരോപണങ്ങൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുക കൂടി ചെയ്തതോടെ കെല്ലിക്കുനേരെയുള്ള കുരുക്ക് മുറുകിയിരിക്കുകയാണ്. 13 വയസ്സുകാരിയായ പെൺകുട്ടിയെ ബലം പ്രയോഗിച്ച് കീഴടക്കുകയും ലൈംഗിക വൈകൃതങ്ങൾക്ക് വിധേയയാക്കുകയും ചെയ്തു എന്ന കുറ്റമാണ് ഗ്രാമി പുരസ്കാര ജേതാവായ കെല്ലിക്കുമേൽ ചുമത്തിയിരിക്കുന്നത്.

 

നാലു സ്ത്രീകൾ ഉന്നയിച്ച ആരോപണങ്ങളുടെ പേരിൽ ഇപ്പോൾ ക്രിമിനൽ പ്രോസിക്യൂഷൻ നേരിടുന്ന വ്യക്തിയാണ് ലോകമെങ്ങും ആരാധകരുള്ള കെല്ലി. നാലു സ്ത്രീകളിൽ മൂന്നുപേർ പീഡനത്തിന് വിധേയരാകുമ്പോൾ പ്രായപൂർത്തിയാകാത്തവരുമായിരുന്നു. ഇപ്പോൾ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്ന പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജെപി എന്ന ഇനിഷ്യലുകളിൽ സൂചിപ്പിച്ചിരിക്കുന്ന ഒരു പെൺകുട്ടിയാണ് പരാതിക്കാരി. മുമ്പ് കെല്ലിക്കെതിരെ ആരോപണം ഉന്നയിച്ച യുവതികളിൽ ഉൾപ്പെട്ട പെൺകുട്ടിയാണോ പുതിയ ആരോപണവും ഉന്നയിച്ചിരിക്കന്നതെന്നു വ്യക്തമല്ല. 2010 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2009 മേയ് മാസത്തിൽ നടന്ന അക്രമങ്ങളും ആരോപണങ്ങളിലുണ്ട്. ബലം പ്രയോഗിച്ച് പെൺകുട്ടിയെ തന്റെ ഇംഗിതങ്ങൾക്ക് വിധേയയാക്കുകയായിരുന്നത്രേ കെല്ലി.

 

മൈക്കിൾ ജാക്സന്റെ ‘യൂ ആർ നോട് എലോൺ’ ഉൾപ്പെടെയുള്ള ഗാനങ്ങളുടെ രചന നിർവഹിച്ച കെല്ലി മുൻ ബാസ്കറ്റ്ബോൾ താരം കൂടിയാണ്. തെരുവുഗായകനായി രംഗത്തുവരികയും പിന്നീട് ഗ്രൂപ്പിന്റെ ഭാഗമാകുകയും ആൽബങ്ങളിലൂടെ പ്രശസ്തനാവുകയുമായിരുന്നു കെല്ലി. ഐ ബിലീവ് ഐ കാൻ ഫ്ളൈ ഉൾപ്പെടെ ലോകമെങ്ങും തരംഗങ്ങളുയർത്തിയ ഒരു പിടി ഗാനങ്ങളുടെ ശിൽപി. മുമ്പ് ആരോപണങ്ങൾ ഉയർന്നപ്പോഴെല്ലാം അവ നിഷേധിച്ച കെല്ലി പുതിയ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭിഭാഷകന്റെ പ്രതികരണവും ലഭ്യമായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com