ADVERTISEMENT

19 പുരുഷന്‍മാരെ സഹതാപത്തോടെ നോക്കി, അവരെ കടന്ന് വിജയസോപാനത്തില്‍ എത്തിയ സ്ത്രീയുടെ പേരാണ് ഡേല്‍ ഗ്രെഗ് . 1964-ല്‍ ആയിരുന്നു സംഭവം. മാരത്തണില്‍. അതുവരെ സ്ത്രീകളെ ഒഴിവാക്കി നിര്‍ത്തിയിരുന്ന മാരത്തണ്‍ മല്‍സരത്തില്‍ സ്ത്രീ എന്ന നിലയില്‍ ആദ്യമായി പങ്കെടുക്കുകയും കൂടെ ഓടിയ പുരുഷന്‍മാരെ പിന്നിലാക്കുകയും ചെയ്ത ഇതിഹാസ വനിത. ലോക കായിക ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ എഴുതപ്പെട്ട പേരിന്റെ ഉടമ. 82-ാം വയസ്സില്‍ ഡെല്‍ ഗ്രെഗ് ഓര്‍മയായിരിക്കുന്നു. ഒരിക്കലും മരിക്കാത്ത ഒരുപിടി ഓര്‍മകള്‍ സമ്മാനിച്ച്. 

 

1964 ല്‍ സ്കോട്‍ലന്‍ഡിലായിരുന്നു ചരിത്ര പ്രസിദ്ധമായ മാരത്തണ്‍ മല്‍സരം-ഐല്‍ ഓഫ് വെയ്റ്റ് മാരത്തണ്‍. അന്നുവരെ സ്ത്രീകള്‍ മാരത്തണ്‍ മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. 26 മൈല്‍ 385 അടിയായിരുന്നു കടക്കേണ്ടിയിരുന്നത്. സ്ത്രീകള്‍ക്ക് അത്രയും ദൂരം ഓടാന്‍ കഴിയില്ലെന്ന വിശ്വാസത്തില്‍ അതുവരെ അവരെ മാറ്റിനിര്‍ത്തുന്നതായിരുന്നു പതിവ്. ശാരീരികമായി അവര്‍ ദുര്‍ബലരാണെന്നായിരുന്നു പൊതുധാരണ. 1984 വരെ ഒളിംപിക്സിലും മാരത്തണ്‍ ഇല്ലാതിരുന്നതിന്റെ കാരണവും സ്ത്രീകളുടെ ശാരീരിക ദൗര്‍ബല്യം തന്നെ. 

 

ഗ്രെഗിന്റെ നിര്‍ബന്ധം കാരണമാണ് 64-ല്‍ അവരെ മല്‍സരത്തില്‍ പങ്കെടുപ്പിക്കാന്‍ അധികൃതര്‍ തയാറായത്. 67 പുരുഷന്‍മാര്‍ കൂടെയുണ്ടായിരുന്നു. പുരുഷന്മാര്‍ മല്‍സരം തുടങ്ങുന്നതിനും 4 മിനിറ്റ് മുമ്പേ ഓടാന്‍ ഗ്രെഗിനെ അനുവദിച്ചു. ഒരു ആംബുലന്‍സും തൊട്ടുപിന്നില്‍ സഞ്ചരിച്ചു. ഗ്രെഗ് കുഴഞ്ഞുവീണാല്‍ ഉടന്‍തന്നെ ആശുപത്രിയിലെത്തിക്കാന്‍. ഗ്രെഗിന്റെ അമ്മ കാറില്‍ സര്‍വസന്നാഹങ്ങളുമായി പിന്തുടരുകയും ചെയ്തു. പക്ഷേ, അന്ന് ആംബുലന്‍സിന്റെ സഹായം തേടാതെ, അമ്മയെ തിരിഞ്ഞൊന്നു നോക്കാതെ, ഗ്രെഗ് ലക്ഷ്യത്തിലേക്കു കുതിച്ചു. 

 

80 ഡിഗ്രിയില്‍  മലനിരകളിലൂടെയായിരുന്നു ആ മാരത്തണ്‍. ഒടുവില്‍ മൂന്നു മണിക്കൂറും 27 മിനിറ്റും 25 സെക്കന്‍ഡും കൊണ്ട് ഗ്രെഗ് മല്‍സരം  പൂര്‍ത്തിയാക്കി. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്‍ലറ്റിക്സ് ഫെഡറേഷന്‍ വര്‍ഷങ്ങളോളം ഈ സമയം റെക്കോര്‍ഡായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

 

അന്ന് തുടക്കത്തില്‍ എനിക്ക് അല്‍പം പരിഭ്രന്തിയുണ്ടായിരുന്നു. പക്ഷേ, ഓടിത്തുടങ്ങിയതോടെ ആത്മവിശ്വാസമായി. അതോടെ കാര്യങ്ങള്‍ നന്നായി അവസാനിക്കുമെന്നും പ്രതീക്ഷിച്ചു. 'അന്ന് അവസാന ലാപ്പില്‍ കൂടെയുണ്ടായിരുന്ന പുരുഷന്‍മാര്‍ ഓരോരുത്താരായി പിന്‍വാങ്ങുമ്പോള്‍ എനിക്ക് അവരോട് സഹതാപം തോന്നിയിരുന്നു. പാവങ്ങള്‍'... ഇതിഹാസ മല്‍സരത്തെക്കുറിച്ച് പിന്നീട് ആവശത്തോടെ ഗ്രെഗ് സംസാരിച്ചു. 

 

മേയ് 12 ന് സ്കോട്‍ലന്‍ഡിലെ ഒരു ആശുപത്രിയില്‍ വച്ചായിരുന്നു ഗ്രെഗിന്റെ മരണം. സംഭവം അന്നു വാര്‍ത്തയായില്ല. രാജ്യാന്തര മാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തിരുന്നില്ല. മാരത്തണില്‍ അതുവരെ സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചിരുന്ന നിരോധനം പഴങ്കഥയാക്കി റെക്കോര്‍ഡ് നേടിയെങ്കിലും മല്‍സരങ്ങളില്‍ നിന്ന് വലിയ തുക സസമ്പാദിക്കാനോ, പ്രശസ്ത താരമായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാനോ ഒന്നും ഗ്രെഗിനു കഴിഞ്ഞിരുന്നില്ല. അച്ചടി ബിസിനസിലായിരുന്നു വര്‍ഷങ്ങളോളം അവര്‍ക്കു ജോലി. ഒപ്പം ട്രാക്ക് മല്‍സരങ്ങളുടെ സംഘാടകയായും അവര്‍ അറിയപ്പെട്ടു. 

 

ദീര്‍ഘദൂരം ഓടുന്നത് സ്ത്രീകള്‍ക്ക് പറ്റില്ലെന്നും അതവരുടെ ആരോഗ്യത്തെ ഇല്ലാതാക്കുമെന്നും ആയിരുന്നു വര്‍ഷങ്ങളോളം നിലനിന്ന വിശ്വാസം. അതുകൊണ്ടുതന്നെ പുരുഷന്‍മാരെ മാത്രം മല്‍സരിക്കാനും അനുവദിച്ചിരുന്നു. ഈ അന്ധവിശ്വാസത്തെ മറികടന്നതാണ് ഗ്രെഗിന്റെ എന്നത്തെയും വലിയ നേട്ടം. ചരിത്രത്തില്‍ ഇന്നും മറ്റാര്‍ക്കും മറികടക്കാനാവാത്ത ആദ്യപേരുകാരി. ദീര്‍ഘദൂരം ഓടിയിട്ടും ദീര്‍ഘകാലം ജീവിച്ചിരുന്ന ഗ്രെഗ് ലോകത്തെ മുഴുവന്‍ സ്ത്രീകള്‍ക്കും വേണ്ടി കഴിവു തെളിയിച്ചതിനുശേഷമാണ് കാലയവനികയ്ക്കുള്ളില്‍ മറയുന്നത്. ആത്മവിശ്വാസത്തോടെ, അഭിമാനത്തോടെ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com