ADVERTISEMENT

അമേരിക്കയെ നടുക്കി ഒരു കൊലപാതകം കൂടി. വാഷിങ്ടണ്‍ അതിര്‍ത്തിയോടു ചേര്‍ന്ന മേരിലാന്‍ഡ് പ്രവിശ്യയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. കറുത്ത വര്‍ഗത്തില്‍പ്പെട്ട ഒരു ട്രാന്‍സ്ജെന്‍ഡറാണ് ഇത്തവണത്തെ ഇര. കൊലപാതകം നടന്ന സ്ഥലത്തിനു തൊട്ടടുത്ത് മാര്‍ച്ച് മാസത്തില്‍ മറ്റൊരു കൊലപാതകം നടന്നിരുന്നു. അന്നും ഒരു ട്രാന്‍സ്ജെന്‍ഡര്‍ തന്നെയായിരുന്നു ഇര. 

 

ഒന്നിലേറെത്തവണ വെടിയേറ്റാണ് 23 വയസ്സുകാരിയായ സോ സ്പിയേഴ്സ് എന്ന ട്രാന്‍സ്ജെന്‍ഡര്‍ കൊല്ലപ്പെട്ടത്. ഒരു ഫോണ്‍കോളിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് സ്പിയേഴ്സ് മരിച്ചതായി സ്ഥിരീകരിച്ചു. ഈ വര്‍ഷം അമേരിക്കയില്‍ കൊല്ലപ്പെടുന്ന പത്താമത്തെ ട്രാന്‍സ്ജെന്‍ഡറാണ് സ്പിയേഴ്സ് എന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ദുരൂഹമായ കൊലപാതകങ്ങള്‍ വര്‍ധിക്കുമ്പോഴും പ്രത്യേകിച്ചൊന്നും ചെയ്യാതെ കുഴങ്ങുകയാണ് പൊലീസ് വിഭാഗം എന്നും അവര്‍ ആരോപിക്കുന്നു. 

മാര്‍ച്ച് 30 നായിരുന്നു മേരിലാന്‍ഡ് പ്രവിശ്യയില്‍ത്തന്നെ ഒരു ട്രാന്‍സ്‍വുമണ്‍ കൊല്ലപ്പെട്ടത്. അഷാന്തി കാര്‍മെന്‍ എന്നായിരുന്നു യുവതിയുടെ പേര്. കാര്‍മെന്റെയും സ്പിയേഴ്സിന്റെയും കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ടു പേ‍രും പരിചയക്കാരും പരസ്പരം അറിയാവുന്നവരും ആയിരുന്നു. സെക്സ് വര്‍ക്കേഴ്സുമായും അവരുടെ കൂട്ടായ്മയുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.

 

ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുവേണ്ടി സംരക്ഷണ കേന്ദ്രം സ്ഥാപിച്ച  റൂബി കൊറാഡോയുമായി അടുത്ത ബന്ധമുണ്ടായിരുന്നു സ്പിയേഴ്സിന്. അവരെ തന്റെ മകള്‍ എന്നാണ് ഫെയ്സ് ബുക് പോസ്റ്റുകളില്‍ റൂബി വിശേഷിപ്പിച്ചിരുന്നത്. സ്പിയേഴ്സിന്റെ മരണവാര്‍ത്ത അറിഞ്ഞയുടന്‍ കൊറാഡോ ഫെയ്സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. മുഖം നിറയെ കണ്ണീരുമായിരിക്കുന്ന അവരുടെ ചിത്രവും കൂടെയുണ്ടായിരുന്നു. 

നോക്കൂ. എന്നെ നോക്കൂ. എന്റെ കണ്ണുകളിലേക്ക് നോക്കൂ... ഇതാണ് ഇപ്പോള്‍ എന്റെ അവസ്ഥ എന്ന ചിത്രത്തിന് അടിക്കുറിപ്പായി അവര്‍ എഴുതുകയും ചെയ്തു. ഇത് ഒരു കൊലപാതകം മാത്രമല്ല. മരണം മാത്രമല്ല. വ്യക്തിപരമായി എനിക്കുണ്ടായ നഷ്ടം മാത്രമല്ല. ഞങ്ങള്‍, ഒരു സമൂഹം മുഴുവന്‍ അനുഭവിക്കുന്ന വേദന. കണ്ണുനീര്. സുരക്ഷിതത്വമില്ലായ്മ. നിസ്സഹായാവസ്ഥ. 

 

മേരിലാന്‍ഡിലും വാഷിങ്ടണിലും സെക്സ് വര്‍ക്കേഴ്സ് നിരോധിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും അവരുടെ ഗ്രൂപ്പുകള്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ട്. ലൈംഗിക ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോട് സ്പിയേഴ്സിന്റെ മരണത്തില്‍ എന്തെങ്കിലും സൂചന കിട്ടിയാല്‍ പൊലീസിനെ അറിയിക്കണം എന്നു നിര്‍ദേശിച്ചിട്ടുണ്ട്. രഹസ്യമായി വിവരങ്ങള്‍ അറിയിക്കാന്‍ ഒരു നമ്പരും പൊലീസ് പ്രസിദ്ധീകരിച്ചു. 

 

സ്പിയേഴ്സിന്റെ മരണത്തോടെ ലൈംഗിക ജോലിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഒളിവിടങ്ങളിലും രഹസ്യകേന്ദ്രങ്ങളിലും സെക്സ് വര്‍ക്കേഴ്സ് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കിടയില്‍ കൊലപാതകങ്ങളും നടക്കുന്നു. അവ ഒഴിവാക്കാന്‍ സെക്സ് വര്‍ക്കേഴ്സിനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം പിന്‍വലിക്കണമെന്നാണാവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com