ADVERTISEMENT

അസാധരണാംവിധം വലുപ്പമുള്ള വയറും കാട്ടി സെൽഫിയെടുക്കുന്ന ഒരു ഗർഭിണിയുടെ ചിത്രം വെർച്വൽ ലോകത്ത് തരംഗമായത് അടുത്തിടെയാണ്.  അമേരിക്കൻ യുവതിയുടെ ആ വലിയ വയറിനുള്ളിൽ 17 കുഞ്ഞുങ്ങളുണ്ടായിരുന്നുവെന്നും അവർ 17 ആൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നുമുള്ള വാർത്തയാണ് പരക്കെ പ്രചരിച്ചത്. ഗർഭിണിയുടെ ചിത്രത്തോടൊപ്പം നവാജത ശിശുക്കളുടെ ചിത്രവും അതുകൂടാതെ നവജാതശിശുക്കളുടെ നടുക്കിരിക്കുന്ന ഒരു പുരുഷന്റെ ചിത്രവുമുണ്ടായിരുന്നു. മൂന്നു ചിത്രങ്ങളോടെയാണ് ആ വാർത്ത പ്രചരിച്ചത്.

 

ഗർഭിണി പങ്കുവച്ച യഥാർഥ ചിത്രം ( വലത്) ഗർഭിണിയുടെ ഫൊട്ടോഷോപ് ചെയ്ത ചിത്രം (ഇടത്).

എന്നാൽ ആ ചിത്രങ്ങളും വാർത്തയും വ്യാജമാണെന്നു വെളിപ്പെടുത്തിക്കൊണ്ടാണ് ഇപ്പോൾ മാധ്യമങ്ങളിൽ വാർത്തകൾ നിറയുന്നത്. ആക്ഷേപഹാസ്യ വെബ്‌സൈറ്റായ വേള്‍ഡ്‌ ന്യൂസ്‌ ഡെയിലി റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ച കെട്ടുകഥയെ അടിസ്ഥാനമാക്കിയാണ് വ്യാജവാർത്ത ചമയ്ക്കപ്പെട്ടത് എന്ന സത്യമാണ് ഇപ്പോൾ പുറത്തു വരുന്നത്.

 

യുഎസിലെ ഗൈനക്കോളജിസ്റ്റ് 2012 ൽ ഫെയ്സ്ബുക് കവർ ഫോട്ടോ ആക്കിയ ചിത്രം

ഒറ്റ പ്രസവത്തിൽ 17 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിക്കൊണ്ട് കാതറിൻ ബ്രിഡ്ജ് എന്ന അമേരിക്കൻ യുവതി ലോകറെക്കോർഡ് ഭേദിച്ചു എന്ന തരത്തിൽ റിച്ചാർഡ് കമറിന്റ എന്ന ഫെയ്സ്ബുക് ഉപയോക്താവ് പങ്കുവച്ച പോസ്റ്റിലൂടെയാണ് വാർത്ത തരംഗമായത്. പോസ്റ്റ് പരക്കെ പങ്കുവയ്ക്കപ്പെടുകയും ചിത്രങ്ങളും പോസ്റ്റും  വൈറലാവുകയും ചെയ്തു. 17 കുട്ടികളുടെ പേരുൾപ്പടെയുള്ള കാര്യങ്ങൾ ആ പോസ്റ്റിലുണ്ടായിരുന്നു. ഈ വിഷയത്തെക്കുറിച്ച് ഒരു മാഗസിനിൽ വന്ന വാർത്തയുടെ ലിങ്കും ആ പോസ്റ്റിലുണ്ടായിരുന്നു.

 

എന്നാൽ ഇതൊരു സാങ്കൽപ്പിക വാർത്തയാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പത്രത്തിന്റെ വ്യാജ വാർത്താവിരുദ്ധ വിഭാഗം. ഗർഭിണിയുടെ ചിത്രവും വ്യാജമാണെന്നും മോർഫ് ചെയ്ത ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നതെന്നും കുഞ്ഞുങ്ങൾക്കൊപ്പമുള്ള പുരുഷൻ അവരുടെ അച്ഛനല്ലെന്നും അതൊരു ഗൈനക്കോളജിസ്റ്റിന്റെ ഫെയ്സ്ബുക്ക് കവർ ഫൊട്ടോയാണെന്നും കൂടി വ്യാജവാർത്താ വിരുദ്ധ വിഭാഗം കണ്ടെത്തിയിരിക്കുന്നു.

 

വാർത്തയെക്കുറിച്ച് അവരുടെ വിശദീകരണമിങ്ങനെ :-

 

'' മെയ് 30 ന് റിച്ചാർഡിന്റെ ഫെയ്സ്ബുക് പേജിൽ പങ്കുവയ്ക്കപ്പെട്ട വാർത്ത അപ്പോൾ തന്നെ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയായിരുന്നു. പോസ്റ്റിനൊപ്പം പങ്കുവയ്ക്കപ്പെട്ട വാർത്തയുടെ ലിങ്കിൽ വാർത്ത സാങ്കൽപികമാണെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. വെറുതെ തമാശയ്ക്കു വേണ്ടി സാങ്കൽപികമായി വാർത്തകൾ സൃഷ്ടിച്ച് പബ്ലിഷ് ചെയ്യുന്ന വെബ്സൈറ്റാണ് വേൾഡ് ന്യൂസ് ഡെയ്‌ലി റിപ്പോർട്ട്. പോസ്റ്റിനൊപ്പം വന്ന ഗർഭിണിയുടെ ചിത്രം മനപൂർവം തെറ്റിദ്ധരിപ്പിക്കാനായി മോർഫ് ചെയ്തെടുത്തതാണ്. കുഞ്ഞുങ്ങൾക്കൊപ്പമിരിക്കുന്ന പുരുഷത്തെ ചിത്രത്തിന് ഏകദേശം ഏഴുവർഷത്തെ പഴക്കമുണ്ട്. യുഎസിൽ ജോലിചെയ്യുന്ന റോബർട്ട് എം ബിറ്റർ എന്ന ഗൈനക്കോളജിസ്റ്റ് അദ്ദേഹത്തിന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കവർ ചിത്രമാണത്''. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com