ADVERTISEMENT

ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് മലേഷ്യയില്‍ അഴിമതി വിരുദ്ധ നടപടികള്‍ക്കു തുടക്കം. പതിറ്റാണ്ടുകളോളം ഭരണത്തിലിരിക്കുകയും രാജ്യത്തിന്റെ സ്വത്ത് അനധികൃത മാര്‍ഗങ്ങളിലൂടെ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണു നടപടി. മുന്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരുണ്ട് പ്രതിപ്പട്ടികയില്‍. ദശലക്ഷങ്ങളുടെയും കോടികളുടെയും ഇടപാടുകളാണ് നടന്നിരിക്കുന്നത്. ഏതറ്റം വരെ പോയാലും, എത്ര വലിയ പോരാട്ടം നയിക്കേണ്ടി വന്നാലും പിന്നോട്ടില്ലെന്നും രാജ്യത്തിന്റെ സ്വത്ത് തിരിച്ചെത്തിക്കുമെന്നും പ്രതിജ്ഞയെടുത്ത അഴിമതി വിരുദ്ധ കമ്മിഷണറാണ് മലേഷ്യയിലെ അഴിമതിക്കെതിരായ കുരിശുയുദ്ധം നയിക്കുന്നത്. അഴിമതി വിരുദ്ധ കമ്മിഷന്റെ മുഖ്യ കമ്മിഷണര്‍ സ്ഥാനത്ത് അടുത്തകാലത്ത് നിയോഗിക്കപ്പെട്ട, കേരളത്തില്‍ ജനിച്ചു മലേഷ്യയിലേക്കു കുടിയേറിയ കണ്ണൂര്‍ സ്വദേശിനി ലത്തീഫ കോയ.

 

അഴിമതി വിരുദ്ധ കമ്മിഷനെ നിയമിച്ചെങ്കിലും സ്ഥാനം വെറും അലങ്കാരം മാത്രമാണെന്നും ഫലപ്രദമായ നടപടികള്‍ ഉണ്ടാകില്ലെന്നുമുള്ള ആശങ്കകളെ പൂര്‍ണമായി അപ്രസക്തമാക്കിക്കൊണ്ടാണ് ശക്തമായ നടപടികള്‍ക്ക് അഴിമതി വിരുദ്ധ കമ്മിഷണര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പ്രസ്താവനകളും പ്രഖ്യാപനങ്ങളും നടത്തുന്നതിനു പകരം യഥാര്‍ഥ നടപടികളേക്കു തന്നെയാണ് കമ്മിഷണര്‍ കടന്നിരിക്കുന്നത്. അഴിമതിക്കാര്‍ക്കെതിരെ നിയമനടപടികള്‍ക്കും അവര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. സംസ്ഥാന ഫണ്ടുകള്‍ വഴിതിരിച്ചുവിട്ട് അഴിമതിക്കാര്‍ കൈക്കലാക്കിയ 452 കോടിയിലേറെ രൂപയാണ് തിരിച്ചുപിടിക്കാനുള്ളത്. വിദേശത്തു നിന്നു തിരിച്ചെത്തിക്കാനുള്ള സ്വത്തുക്കള്‍ വേറെയുമുണ്ട്.

 

അഴിമതി നടത്തി എന്നു വ്യക്തമായ 41 വ്യക്തികള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിച്ചുകഴിഞ്ഞെന്ന് കമ്മിഷണര്‍ ലത്തീഫ കോയ അറിയിച്ചു. കള്ളപ്പേരില്‍ അഴിമതി നടത്താന്‍വേണ്ടി തുടങ്ങിയ സ്ഥാപനങ്ങളുമുണ്ട് പ്രതിപ്പട്ടികയില്‍. അവര്‍ക്കെതിരെയും പരാതികള്‍ സമര്‍പ്പിച്ചുകഴിഞ്ഞു. മുന്‍ പ്രധാനമന്ത്രി നജീബ് റസാക്കാണ് വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഫണ്ട് വഴിതിരിച്ചുവിട്ട് പണം കൈക്കലാക്കാന്‍ അവസരം ഒരുക്കിയത് എന്നാണ് ആരോപണം.

 

കഴിഞ്ഞവര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി നജീബ് പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇപ്പോള്‍ കുലാലംപൂരില്‍ അഴിമതിക്കേസുകളില്‍ വിചാരണ നേരിടുകയാണ് മുന്‍ പ്രധാനമന്ത്രി. താന്‍ തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും തന്റെ ഭാഗത്തുനിന്ന് പിഴവുകള്‍ വന്നിട്ടുമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പക്ഷേ, തെളിവകളേറെയും മുന്‍ പ്രധാനമന്ത്രിക്കും കൂട്ടാളികള്‍ക്കും എതിരെ വിരല്‍ ചൂണ്ടുന്നു.

 

2009 ല്‍ സ്ഥാപിച്ച ഒരു ഫണ്ടില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പണം വഴിതിരിച്ചുവിട്ടത്. ഈ ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ആറു രാജ്യങ്ങളിലുണ്ട്. എല്ലാ രാജ്യങ്ങളിലും അന്വേഷണം സമാന്തരമായി നീങ്ങുകയാണ്. കണക്കില്ലാത്ത സ്വത്താണ് ഫണ്ട് വഴി വ്യക്തികളും വ്യാജ സ്ഥാപനങ്ങളും കൈക്കലാക്കിയത്.

 

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അഴിമതിവിരുദ്ധപ്പോരാട്ടം തുടങ്ങുന്നതെന്ന് ലത്തീഫ കോയ അറിയിച്ചു. മുന്‍ പ്രധാനമന്ത്രി നജീബിന്റെ അക്കൗണ്ടിലേക്ക് പണം വഴിതിരിച്ചുവിട്ടതിന്റെ തെളവുകള്‍ കയ്യിലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. വര്‍ഷങ്ങളോളം അധികാരത്തിലുണ്ടായിരുന്ന യുണൈറ്റഡ് മലയ് നാഷനല്‍ ഓര്‍ഗനൈസേഷന്‍ എന്ന പാര്‍ട്ടിയും പ്രതിക്കൂട്ടിലാണ്. നജീബ് ആയിരുന്നു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്ത്. ഭരണകക്ഷിയുടെ സഖ്യകക്ഷിയായ മലേഷ്യന്‍ ചൈനീസ് അസോസിയേഷന്‍ എന്ന പാര്‍ട്ടിയും അഴിമതിപ്പണം കൈപ്പറ്റിയിട്ടുണ്ട്. ഒരു ആഭരണ നിര്‍മാതാവ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളും അഞ്ച് സന്നദ്ധസംഘടനകളുമാണ് പ്രതിസ്ഥാനത്തുള്ള മറ്റുള്ളവര്‍. പണം കൈപ്പറ്റിയ രണ്ടുപേര്‍ മൂന്നരക്കോടിയിലേറെ രൂപ ഇതിനകം തിരിച്ചടച്ചുകഴിഞ്ഞു. അഴിമതി വിരുദ്ധ പോരാട്ടം ഫലം കാണുന്നുണ്ടെന്നാണ് ഇതു തെളിയിക്കുന്നത്.

 

മലേഷ്യയിലെ പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയും കൂടിയാണ് ലത്തീഫ കോയ. അഴിമതി വിരുദ്ധ കമ്മിഷന്റെ മുഖ്യ കമ്മിഷണര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയും കൂടിയാണ് ലത്തീഫ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com