sections
MORE

ആരാണ് പ്രതിസന്ധികളില്‍ കേമന്‍; സ്ത്രീയോ പുരുഷനോ?

x-default
SHARE

പ്രതിസന്ധികളെ ധീരമായി, തളരാതെ നേരിട്ട കഥകള്‍ക്ക് എന്നും പ്രസക്തിയുണ്ട്. ജീവിതത്തിലെ നിലയ്ക്കാത്ത പ്രചോദനമാണവ. വഴികാട്ടികളും, വിലമതിക്കാനാവാത്ത പാഠങ്ങള്‍ പകരുന്നവയും. അതുകൊണ്ടുതന്നെ പ്രതിസന്ധികളെ നേരിടുന്നതില്‍ സ്ത്രീകള്‍ക്കാണോ പുരുഷന്‍മാര്‍ക്കാണോ മിടുക്ക് എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. അതൊരു ചൂടുപിടിച്ച ചര്‍ച്ചയുടെ വിഷയവുമാണ്. ഇന്നും അവസാന തീരുമാനത്തിലെത്താതെ, വാദങ്ങള്‍ ഉന്നയിക്കുന്നവര്‍ തങ്ങളുടെ ഭാഗമാണ് ശരിയെന്ന് വിശ്വസിച്ചു പോരാടുന്ന ചര്‍ച്ച. ഇപ്പോഴിതാ വീണ്ടും ആ ചര്‍ച്ചയ്ക്ക് ജീവന്‍വച്ചിരിക്കുന്നു. ഒപ്പം നേതൃപദവി അലങ്കരിക്കുന്നവരില്‍ പുരുഷന്‍മാരെക്കാള്‍ നന്നായി സ്ത്രീകളാണ് പ്രതിസന്ധികളെ തരണം ചെയ്യുന്നതെന്ന വെളിപ്പെടുത്തലും. വിശ്വസനീയ ഒരു പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ‘ സൈക്കോളജി ഓഫ് വിമണ്‍ ക്വര്‍ട്ടര്‍ലി’ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതോടെ ചര്‍ച്ചയും ചൂടുപിടിച്ചിരിക്കുയാണ്. ആരാണ് പ്രതിസന്ധികളില്‍ കേമന്‍- സ്ത്രീയോ പുരുഷനോ? 

ഒരു സ്ഥാപനം പ്രതിസന്ധിയിലാകുമ്പോള്‍ ജീവനക്കാര്‍ ആശങ്കിയിലാകുന്നത് സ്വാഭാവികം. അവര്‍ ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ നിര്‍ബന്ധിതരാകും. കുടുംബത്തെക്കുറിച്ച്. വ്യക്തിപരമായ തകര്‍ച്ചയെക്കുറിച്ച്. സമൂഹത്തിലെ സ്ഥാനത്തെക്കുറിച്ച്. കാത്തുവച്ചിരിക്കുന്ന എണ്ണമറ്റ സ്വപ്നങ്ങളെക്കുറിച്ച്. അപ്പോള്‍ അവര്‍ക്ക് വേണ്ടത് ഒരു ഉറപ്പാണ്. വിശ്വസനീയമായ ഒരു ഉറപ്പ്. അവരുടെ ജീവിതം തന്നെ ആ ഉറപ്പിലായിരിക്കും നിലകൊള്ളുന്നത്. അങ്ങനെയൊരു കാലത്ത് പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് ജീവക്കാരുടെ വിശ്വാസം നേടാന്‍ കഴിയുന്നതെന്ന് പുതിയ പഠനം പറയുന്നു. 

വിശ്വാസം. അതുതന്നെയാണ് പ്രധാനം. മോഹന വാഗ്ദാനങ്ങളല്ല, ശക്തമായ ഉറപ്പാണ് വേണ്ടത്. അവിടെ സ്ത്രീകള്‍ പുരുഷന്‍മാരെക്കാള്‍ നന്നായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമത്രേ. ഒരേ സാഹചര്യങ്ങള്‍ സ്ത്രീകളും പുരുഷന്‍മാരും എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന താരതമ്യപഠനത്തിനുശേഷമാണ് പഠനത്തിലെ കണ്ടെത്തല്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളുടെ താരതമ്യപഠനത്തിനും ഗവേഷണത്തിനും ശേഷം. 

ജീവനക്കാരുമായി നേതൃത്വത്തിലിരിക്കുന്ന സ്ത്രീ നിരന്തരമായി നടത്തുന്ന നടത്തുന്ന ഇടപെടലുകളാണ് പ്രധാനം. അവയിലൂടെ വളര്‍ത്തിയെടുക്കുന്ന വിശ്വാസവും. കൈവിടില്ലെന്ന പ്രതീക്ഷ. പ്രതിസന്ധി ഒരുമിച്ചു നേരിടുമെന്ന പ്രതീക്ഷ.നല്ലകാലം ഉടന്‍ എത്തുമെന്ന പ്രത്യാശ. ഇവയൊക്കെ പുരുഷ മാനജര്‍മാരേക്കാള്‍ നന്നായി സ്ത്രീ നേതാക്കള്‍ ജീവനക്കാര്‍ക്ക് പകര്‍ന്നുകൊടുക്കുമെന്നാണ് പറയുന്നത്. അത് ജീവനക്കാരുടെ സമീപനത്തിലും കാഴ്ചപ്പാടിലും വലിയ മാറ്റം വരുത്തുമെന്നും. 

നിക്ഷേപകരുടെ സമീപനത്തിലും മാറ്റം വരുത്താന്‍ സ്ത്രീനേതൃത്വത്തിനു കഴിയുമെന്ന് പഠനം പറയുന്നു. പൊതുവെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ അകന്നുപോകുകയാണ് ചെയ്യുന്നത്. ഇത് സ്ഥാപനങ്ങളെ കൂടുതല്‍ പ്രതിസന്ധിയില്‍ എത്തിക്കുകയും ചെയ്യും. പുരുഷ ബോസുമാരെക്കാള്‍ നന്നായി ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീകള്‍ കൈകാര്യം ചെയ്യുമത്രേ. നിക്ഷേപകര്‍ വിട്ടുപോകുന്ന, ഉപേക്ഷിക്കുന്ന സാഹചര്യവും ഉണ്ടാകില്ല. 

പ്രതിസന്ധികളില്‍ സ്വന്തം സ്ഥാനത്തെക്കുറിച്ചും ബോസുമാര്‍ക്ക് ആശങ്ക ഉണ്ടാകാം. ഇവവരുടെ ജോലിയെയും സമീപനത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യും. പുരുഷന്‍മാര്‍ ഇത്തരം സാഹചര്യങ്ങള്‍ സമ്മര്‍ദത്തിന് അടിപ്പെടുകയാണ് ചെയ്യുന്നതെന്ന് പഠനം പറയുന്നു. സ്ത്രീകളാകട്ടെ സമ്മര്‍ദത്തെ വിജയകരമായി അതിജീവിക്കുന്നു. അവര്‍, സമ്മര്‍ദം ഉണ്ടെങ്കില്‍പ്പോലും അതു പുറത്തു കാണിക്കുകയോ ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്യില്ല. പകരം, ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനായിരിക്കും ശ്രമിക്കുക. ഇത് അവരിലും ജീവനക്കാരിലും പോസീറ്റീവായ മാറ്റങ്ങള്‍ ഉണ്ടാക്കും. 

പ്രതിസന്ധികള്‍ എന്തുമാകാം. വ്യക്തിപരം മുതല്‍ സ്ഥാപനത്തിന്റെ ഭാവിയെ ബാധിക്കുന്നതുവരെ. പക്ഷേ, എല്ലാത്തരം സാഹചര്യങ്ങളിലും സ്ത്രീകള്‍ പതറാതെ നില്‍ക്കുന്നു. അശങ്കകള്‍ പ്രകടിപ്പിക്കാതെ ആത്മവിശ്വാസത്തിന്റെ ആള്‍രൂപങ്ങളാകുന്നു. ജീവനക്കാര്‍ പ്രതീക്ഷിക്കുന്നതെന്തോ ആ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ കഴിയുന്നവരാകുന്നു. അതുതന്നെയാണ് നേതൃപദവികളിലിരിക്കുന്ന സ്ത്രീകളെ ആദരിക്കപ്പെടുന്നവരും സ്നേഹനിര്‍ഭരകളുമാക്കുന്നതെന്നും മനഃശാസ്ത്ര, വിശകലന പാഠത്തില്‍ വ്യക്തമാക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA