sections
MORE

വെടിയേറ്റ് ഗർഭമലസി; അമേരിക്കയിൽ ഗർഭിണിക്ക് എതിരെ കേസ്

Pregnant Woman
പ്രതീകാത്മക ചിത്രം
SHARE

നിറവയറിൽ വെടിയേറ്റ് ഗർഭം അലസിപ്പോയ യുവതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കു കേസ്. അമേരിക്കയിലെ അലബാമയില്‍ മാര്‍ഷ് ജോണ്‍സ് എന്ന കറുത്ത വര്‍ഗക്കാരിയാണ് ഈ വിചിത്രമായ കേസിലെ പ്രതി. സംഭവം വാർത്തയായതോടെ, വംശീയതയുടെയും നിറത്തിന്റെയും പേരിൽ ജോൺസ് അനീതിക്കിരയാകുകയാണെന്ന വാദവുമുയരുന്നു. ഇതിന്റെ പേരിൽ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. 

ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അഞ്ചുമാസം ഗര്‍ഭിണിയായ 27 കാരി മാർഷ് ജോൺസ് ബിര്‍മിങ്ങാമിനു സമീപം ഒരു കടയില്‍ നിന്നു പുറത്തിറങ്ങുമ്പോഴാണ് എബണി ജെമിസൺ എന്ന 23 കാരിയുമായി വഴക്കിട്ടത്. വഴക്കിനൊടുവിൽ എബണി തോക്കെടുത്ത് മാർഷിനു നേരേ നിറയൊഴിച്ചു. വയറ്റിലാണ് വെടിയേറ്റത്. തുടർന്ന് മാർഷിന്റെ ഗർഭം അലസി. കേസ് കോടതിയിലെത്തിയെങ്കിലും മാർഷാണ് കുറ്റക്കാരിയെന്നും വയറ്റിലുള്ള കുഞ്ഞ് മരിച്ചതിന്റെ ഉത്തരവാദിത്തം അവർക്കാണെന്നും പറഞ്ഞ കോടതി മാർഷിനെതിരെ കുറ്റം ചുമത്തുകയായിരുന്നു. പൊലീസ് ആദ്യം എബണിക്കെതിരെയും കേസ് ചാർജ് ചെയ്തിരുന്നു. പക്ഷേ കോടതി അതു റദ്ദാക്കി. ആദ്യം വഴക്കു തുടങ്ങിയത് മാർഷാണെന്നും സ്വരക്ഷയ്ക്കായി എബണി നിറയൊഴിക്കുകയായിരുന്നെന്നും കോടതി പറഞ്ഞു. എബണിയെ വെടിവയ്ക്കാൻ നിർബന്ധിതയാക്കിയത് മാർഷാണ്. അതുകൊണ്ടുതന്നെ സംഭവത്തിന് ഉത്തരവാദിയും അവരാണ്. – കോടതി വ്യക്തമാക്കി.  

ജയിലിലായ മാർഷിന് ജാമ്യം ലഭിക്കണമെങ്കില്‍ കോടതിയില്‍ മുപ്പതു ലക്ഷത്തിലധികം രൂപയുടെ ബോണ്ട് സമര്‍പ്പിക്കണം. വെടിവെയ്പ് സംഭവത്തിലെ ഒരേയൊരു ഇര മാര്‍ഷ് ജോണ്‍സിന്റെ വയറ്റിലുണ്ടായിരുന്ന കുട്ടി മാത്രമാണെന്നാണ് സംഭവം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. വഴക്ക് തുടങ്ങിവച്ചത് മാര്‍ഷ് ജോണ്‍സാണ്. വെടിവയ്പിലേക്ക് വഴക്ക് നീട്ടിയതും മാര്‍ഷ് ജോണ്‍സ് തന്നെ. ഒടുവില്‍ എബണി വെടിവയ്ക്കുകയും അത് മാര്‍ഷിന്റെ വയറ്റില്‍ തറച്ച് ഗര്‍ഭം അലസുകയും ചെയ്തു. ഭ്രൂണം നശിപ്പിക്കപ്പെട്ടു എന്നതാണ് കുറ്റം. അതായത് കൊലപാതകം. അത് അഞ്ചു മാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവാണെങ്കിലും. 

ഇക്കഴിഞ്ഞ മേയിലാണ് കര്‍ശനമായ ഗര്‍ഭച്ഛിദ്ര നിയമത്തില്‍ അലബാമ ഗവര്‍ണര്‍ ഒപ്പുവച്ചത്. പീഡനം, അഗമ്യഗമനം എന്നീ സംഭവങ്ങളിലല്ലാതെ ഒരിക്കലും ഗര്‍ഭച്ഛിദ്രം നടത്താന്‍ പാടില്ലെന്നാണ് നിയമത്തിന്റെ കാതല്‍. സ്വന്തം ജീവന്‍ അപകടത്തിലാകുന്ന സാഹചര്യങ്ങളില്‍ ബലപ്രയോഗത്തിനോ ആയുധം ഉപയോഗിക്കുന്നതിനോ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള അപൂര്‍വം സംസ്ഥാനങ്ങളിലൊന്നു കൂടിയാണ് അലബാമ. മാര്‍ഷ് ജോണ്‍സിനെതിരെ കുറ്റം ചുമത്തപ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെയുള്ള എതിര്‍പ്പിനും ശക്തികൂടിയിരിക്കുന്നു. പക്ഷേ, ഒരിഞ്ചു പോലും മാറാന്‍ തയാറില്ല അധികൃതര്‍. മാര്‍ഷ് ജോണ്‍സിനെ ജയിലില്‍ നിന്നു മോചിപ്പിക്കാനും നിയമസഹായം കൊടുക്കാനും വിവിധ ഗ്രൂപ്പുകള്‍ രംഗത്തിറങ്ങിയിട്ടുമുണ്ട്.

ഗര്‍ഭച്ഛിദ്ര വിരുദ്ധ നിയമങ്ങള്‍ പലപ്പോഴും എത്രമാത്രം അപകടകരമായാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായാണ് സംഭവത്തെ പൗരാവകാശ പ്രവര്‍ത്തകര്‍ കാണുന്നത്. ഗര്‍ഭിണികളുടെ ജീവിതത്തെ സമാധാനവും സന്തോഷവും നിറഞ്ഞതാക്കുന്നതിനു പകരം അവരുടെ ജീവിതം തകര്‍ക്കുന്നരീതിയിലേക്ക് നിയമങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA