ADVERTISEMENT

താഹിറ കശ്യപ് ഖുറാന എന്നു പേരുതന്നെ പ്രചോദനത്തിന്റെ മറുവാക്കാണ്. ജീവിതത്തെ ആക്രമിക്കാനെത്തിയ മാരകരോഗത്തെ അതിജീവിക്കുന്ന ഇഛാശക്തിയുടെ പേര്. സമൂഹമാധ്യമങ്ങളിലെ  പോസ്റ്റുകളിലൂടെ ആയിരങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്ന താഹിറ ഇപ്പോള്‍ ചിരിക്കുകയാണ്; തന്നെനോക്കിയും തന്നെ കളിയാക്കുന്നവരെ നോക്കിയും.

കാന്‍സര്‍ ചികില്‍സയ്ക്കുശേഷം ചെറിയ മുടിയുമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ടപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ താഹിറയ്ക്ക് പരിഹാസത്തെ നേരിടേണ്ടിവന്നിരിക്കുന്നത്. ആയുഷ്മാന്‍ ഖുറാനയുടെ ഭാര്യയായ താഹിറയെ കണ്ടാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരിയാണെന്നേ തോന്നൂ എന്നാണ് ഒടുവില്‍ വന്ന പരിഹാസം. ആയുഷ്മാന്റെ പുതിയ ചിത്രം ആര്‍ട്ടിക്കിള്‍ 15 ന്റെ ആദ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് രണ്ടുപേരും ഒരുമിച്ചു പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതു കണ്ടപ്പോഴാണ് വിചിത്രവും വേദനിപ്പിക്കുന്നതുമായ കമന്റ് താഹിറയ്ക്ക് കേള്‍ക്കേണ്ടിവന്നത്. പക്ഷേ, വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്റുകളും തനിക്കിഷ്ടമാണെന്നും അവയൊന്നും തന്നെ തളര്‍ത്താന്‍ പര്യാപ്തമല്ലെന്നുമുള്ള നിലപാടിലാണ് അവര്‍. രോഗത്തെ അതിജീവിച്ചതുപോലെ കളിയാക്കലുകളെയും താന്‍ നേരിടുമെന്നും തനിക്കതിനുള്ള കരുത്തും പിന്തുണയുമുണ്ടെന്നും താഹിറ വ്യക്തമാക്കുന്നു. 

സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുന്നവര്‍ക്ക് ഇഷ്ടം പോലെ സമയമുണ്ട്. അവര്‍ കളിയാക്കലുകള്‍ തുടരട്ടെ. മോശമായി എന്തെങ്കിലും പറയുന്നതു കേട്ടാല്‍ സങ്കടപ്പെടുന്ന കാലമൊക്കെ ഞാന്‍ പിന്നിട്ടു. അവയൊക്കെ നേരിടാന്‍ എനിക്കറിയാം. കമന്റുകളെല്ലാം രസകരം തന്നെ. ഞാനവ ആസ്വദിക്കുന്നു- താഹിറ കുറിച്ചു.

ഭാര്യയ്ക്ക് നേരിടേണ്ടിവന്ന കളിയാക്കലുകളെക്കുറിച്ച് ആയുഷ്മാന്റെ നിലപാട് എന്താണെന്ന ചോദ്യത്തിലും താഹിറയ്ക്ക് മറുപടിയുണ്ട്. പല കമന്റുകള്‍ക്കും ഞാന്‍ മറുപടി പറയേണ്ടതുപോലുമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘മറുപടി പറഞ്ഞും കമന്റ് എഴുതിയും എന്തിനാണ് ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്നത്?’  - ആയുഷ്മാന്‍ എന്നോടു ചോദിക്കുന്നു. എപ്പോഴും തന്നെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം കൈക്കൊള്ളുന്നതെന്നും താഹിറ പറയുന്നു. എന്തായാലും മറുപടി പറയുന്നത് എനിക്കിഷ്ടമാണ്. ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. അവര്‍ക്ക് പലതും അറിയണം. അവര്‍ ചോദിക്കട്ടെ. ഞാന്‍ മറുപടി പറയുകതന്നെ ചെയ്യും. അല്ലെങ്കില്‍ത്തന്നെ എത്രനാളെന്നുവച്ചാണ് മിണ്ടാതിരിക്കുന്നത്. 

ചെറിയ മുടിയെക്കുറിച്ചു പറയുകയാണെങ്കില്‍ അത് താഹിറയ്ക്ക് ഏറെയിഷ്ടമാണ്. മുടി നീട്ടിവളര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നതേയില്ല. ഇതിനോടകം ആറുതവണ മുടി മുറിച്ചു. നീളമുള്ള മുടി വേണ്ടെന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തത്. അതോടൊപ്പം ഈ പ്രശ്നത്തിന്റെയൊക്കെ പിന്നില്‍ ജനങ്ങളുടെ കാഴ്ചപ്പാടിന്റെ പ്രശ്നമുണ്ടെന്നും താഹിറയ്ക്ക് അഭിപ്രായമുണ്ട്. അതായത് സൗന്ദര്യ സങ്കല്‍പങ്ങള്‍. ഒരു യുവതി എങ്ങനെയായിരിക്കണം എന്ന വിചാരം. നീളമുള്ള മുടിയുണ്ടെങ്കിലേ സുന്ദരിയാകൂ എന്നാണ് പലരുടെയും വിചാരം. കാലങ്ങളായുള്ള സങ്കല്‍പം. അതൊക്കെ മാറേണ്ടിയിരിക്കുന്നു. നീളമുള്ള മുടിയില്ലെങ്കിലും സൗന്ദര്യം നഷ്ടമാകില്ല. എനിക്കെങ്കിലും അതു തെളിയിക്കണം- താഹിറ നിലപാട് വ്യക്തമാക്കുന്നു.

ഇങ്ങനെയൊരു പ്രശ്നം ജീവിതത്തിലുണ്ടായാല്‍ എങ്ങനെ നേരിടണമെന്ന് താഹിറ ഉപദേശിക്കുന്നു: 

നര്‍മബോധം കൊണ്ടാണ് വിഷമകരമായ പല സാഹചര്യങ്ങളെയും ഞാന്‍ നേരിടുന്നത്. എനിക്കു രോഗമായിരുന്നു. എന്റെ മുടിയെല്ലാം പോയി. എന്നൊക്കെ വിലപിക്കുന്നതില്‍ ഒരു അര്‍ഥവുമില്ല. അവര്‍ക്ക് ബുദ്ധിയുണ്ടെങ്കില്‍ അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കും. അല്ലെങ്കില്‍ വേണ്ട. എന്നെ കളിയാക്കാന്‍ വന്നവരെ ഞാന്‍ ധീരമായി നേരിടുകയാണുണ്ടായത്. അവസാനം ചിരിച്ചത് ഞാന്‍ തന്നെ!.

രോഗത്തിനു തളര്‍ത്താന്‍ കഴിഞ്ഞി്ട്ടില്ല താഹിറയെ. ഇപ്പോഴിതാ പരിഹാസത്തിനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com