sections
MORE

നാരി ടു നാരായണി; സ്ത്രീകളെയും കുടുംബത്തെയും പ്രത്യേകം പരിഗണിച്ച് ബജറ്റ്

womens-budet
SHARE

ലെതര്‍ ബ്രീഫ്കേസ് ഒഴിവാക്കി, അശോകചക്രം പതിച്ച ചുവന്ന തുണിപ്പൊതിയില്‍ രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന ബജറ്റ് രേഖകളുമായെത്തി, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ പ്രസംഗിച്ചുതുടങ്ങിയപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വന്നുതുടങ്ങി. ബജറ്റ് നിര്‍ദേശങ്ങള്‍ പുറത്തുവരുന്നതിനുമുമ്പുതന്നെ പലരും എടുത്തുകാട്ടിയത് നിര്‍മല സീതാരാമന്റെ പ്രഭാഷണ വൈദഗ്ധ്യം.

പ്രിയപ്പെട്ട മന്ത്രി, ഒരു കാര്യം നിങ്ങള്‍ തെളിയിച്ചിരിക്കുന്നു. രണ്ടാം മോദി മന്ത്രിസഭയില്‍ മോദിക്കുശേഷം ആര് എന്ന ചോദ്യത്തിനും ഇന്ന് ഉത്തരം ലഭിച്ചിരിക്കുന്നു. പ്രസംഗത്തില്‍ നിങ്ങള്‍ മോദിക്കു തൊട്ടുപിന്നിലുണ്ട്. ചിലപ്പോഴൊക്കെ ഒപ്പവും. വ്യക്തവും ശക്തവുമായി വസ്തുതകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രിയുടെ സമീപനം സാമ്പത്തിക രേഖ അവതരിപ്പിച്ചപ്പോള്‍തന്നെ രാജ്യം ശ്രദ്ധിച്ചിരുന്നു. മുമ്പും ഉചിതമായ സന്ദര്‍ഭത്തിനു യോജിച്ച വാക്കുകള്‍ ഉപയോഗിച്ച് വ്യക്തമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതില്‍ താന്‍ ആരുടെയും പിന്നിലല്ലെന്ന് നിര്‍മല തെളിയിച്ചിട്ടുണ്ട്. ഇന്ന്, രാജ്യം മുഴുവന്‍ ഉറ്റുനോക്കിയിരിക്കുമ്പോള്‍, പ്രധാനമന്ത്രിയേയും മന്ത്രിമാരേയും എംപിമാരെയും ഒപ്പം മാതാപിതാക്കളെയും സാക്ഷി നിര്‍ത്തി പുതിയൊരു ഇന്ത്യയ്ക്ക് അടിസ്ഥാനമാകുന്ന ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഒരിക്കല്‍ കൂടി നിര്‍മല തെളിയിച്ചിരിക്കുന്നു; തന്റെ പ്രഭാഷണ വൈദഗ്ധ്യം.

നാരി ടു നാരായണി പദ്ധതി

രാജ്യത്തിന്റെ വികസനത്തിൽ വനിതാപങ്കാളിത്തം ശക്തമാക്കി നാരി ടു നാരായണി പദ്ധതി. വനിത കേന്ദ്രീകൃത പദ്ധതികൾ എന്ന നയത്തിൽ നിന്നും വനിതകൾ നേതൃത്വം നൽകുന്ന സംരംഭങ്ങളിലേക്കും പദ്ധതികളിലേക്കുമുള്ള ചുവടുവെയ്പ്പാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വനിതാസംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് വുമൺ സെൽഫ് ഗ്രൂപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. വുമൺ സെൽഫ് ഗ്രൂപ്പിൽ അംഗീകൃത അംഗമായ ജൻധൻ ബാങ്ക് അക്കൗണ്ടുള്ള ഓരോ വനിക്കും 5,000 രൂപ ഓവർഡ്രാഫ്റ്റ് ലഭിക്കും. ഓരോ വുമൺ സെൽഫ് ഗ്രൂപ്പിലെയും ഒരു അംഗത്തിന് മുദ്ര പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയുടെ വായ്പയും ലഭിക്കും.

ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ സ്ത്രീകളെയും

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ കുടികൊള്ളുന്നുവെന്നു പറഞ്ഞത് രാഷ്ട്രപിതാവാണ്. ആ ആശയത്തിന്റെ ചുവടുപിടിച്ചും ഗ്രാമങ്ങളെ ശാക്തീകരിക്കുക എന്ന ലക്ഷ്യം വച്ചുമാണ് നിര്‍മല ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഗ്രാമങ്ങളെ ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ സ്ത്രീകളുടെ പുരോഗതിയും മന്ത്രി ലക്ഷ്യം വയ്ക്കുന്നുണ്ട്. അടുത്ത മൂന്നുവര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങള്‍ക്കും വൈദ്യുതിയും പാചക വാതകവും എന്നത് സാധാരണക്കാര്‍ കയ്യടിച്ചു സ്വീകരിക്കുന്ന പ്രഖ്യാപനമാണ്. നടപ്പായാല്‍ ഒരുപക്ഷേ രാജ്യത്തിന്റെ മുഖഛായ തന്നെ മാറ്റുന്നതും. എല്ലാം ഗ്രാമീണ കുടുംബങ്ങളിലും വൈദ്യുതി എത്തിക്കുന്നതിലൂടെ പ്രകാശമാനമാകുന്നത് സ്ത്രീകളുടെ മുഖമാണ്. അവരുടെ നിരന്തരമായ കഷ്ടപ്പാടുകള്‍ക്കാണ് അത് അവസാനം കുറിക്കുക.

വെള്ളം എത്തിക്കാനുള്ള പദ്ധതി സ്ത്രീ സൗഹൃദം

അഞ്ചുവര്‍ഷത്തിനകം ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്ന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണത്തെ വേനലില്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയം തന്നെ ശുദ്ധജലക്ഷാമമായിരുന്നു. ചെന്നൈ പോലുള്ള നഗരങ്ങള്‍ ഇപ്പോഴും ശുദ്ധജലക്ഷാമത്തിന്റെ പിടിയുലുമാണ്. യാഗങ്ങള്‍ പോലും നടത്തി മഴയ്ക്കുവേണ്ടി കാത്തിരിക്കുന്ന തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ മുന്നില്‍കണ്ടാണ് എല്ലാം വീടുകളിലും വെള്ളം എത്തിക്കാനുള്ള പദ്ധതി. ഈ നിര്‍ദേശവും ഫലത്തില്‍ സ്ത്രീകളെയും കുടുംബങ്ങളെയും ലക്ഷ്യം വച്ചാണ്.

നിഷേധാത്മകമായ വശം

ആദായനികുതി നിരക്കുകളില്‍ പ്രകടമായ മാറ്റം ഇല്ലാത്തതും പെട്രോള്‍. ഡീസല്‍, സ്വര്‍ണ വിലയിലെ വര്‍ധനവുമെല്ലാം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്  ദോഷകരമായി മാറുകയും ജീവിതച്ചെലവു വര്‍ധിപ്പിക്കുകയും ചെയ്യുമെന്നത് ബജറ്റിന്റെ നിഷേധാത്മകമായ വശമാണ്.

അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടിയുടെ നിക്ഷേപമാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.


മന്‍സൂര്‍ ഹഷ്മിയുടെ കവിത ചൊല്ലി ബജറ്റ് പ്രസംഗം തുടങ്ങിയ മന്ത്രി താല്‍ക്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനുപകരം ദീര്‍ഘകാല നേട്ടത്തിനുതകുന്ന ദീര്‍ഘവീക്ഷണമുള്ള പദ്ധതികളാണു പ്രഖ്യാപിക്കുന്നത്. കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലെ നീതിസംഹിതകള്‍ കൂടി ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ മന്ത്രി ദൃഡനിശ്ചയത്തോടെടെയുള്ള മനുഷ്യപ്രയത്നത്തിനു മുന്നില്‍ എല്ലാ പ്രതിബന്ധങ്ങളും ഒഴിവാക്കാനാകുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. പെട്രോള്‍, ഡീസല്‍ വില ഉയരുകയും സ്വര്‍ണത്തിന്റെ വില ഇനിയും കൂടുകയും ചെയ്യുമെങ്കിലും വിശ്വാസമുണ്ടെങ്കില്‍ വഴികള്‍ കണ്ടെത്താമെന്ന ഉറുദു കവിതയില്‍ മന്ത്രി ആശ്വാസം കണ്ടെത്തുന്നു. കൊടുംകാറ്റിലും വിളക്കു കെടാതെ കത്തുമെന്നും നിര്‍മല പ്രത്യാശിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA