sections
MORE

മദ്യലഹരിയിൽ ഭാര്യയെ കുത്തി, സഹോദരിയെ കൊന്നു; ക്രൂരത സംശയത്തെത്തുടർന്ന്

Drunk man slashes wife’s throat, stabs his sister
പ്രതീകാത്മക ചിത്രം
SHARE

മുംബൈയില്‍ അസാധാരണമായ ഒരു സംഭവത്തില്‍ സഹോദരിയെ കുത്തിക്കൊല്ലുകയും ഭാര്യയെ ഗുരുതരമായി മുറിവേല്‍പിക്കുകയും ചെയ്ത യുവാവിനെ പൊലീസ് തിരയുന്നു. നെരൂളില്‍ താമസിക്കുന്ന 27 വയസ്സുള്ള നാഗേഷ് ലാഡ് എന്ന യുവാവാണ് പ്രതി. 

ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി മറ്റൊരു കേസില്‍ ജയിലില്‍ ആയിരുന്നെങ്കിലും ജാമ്യം കിട്ടി പുറത്തുവന്നപ്പോഴാണ് വീണ്ടും അക്രമങ്ങളിലേക്കു തിരിഞ്ഞത്. നാഗേഷിന്റെ അക്രമവാസനയും വഴിവിട്ട ജീവിതവും മടുത്ത അച്ഛനമ്മമാര്‍ അയാളുമായി ഒരു ബന്ധവും പുലര്‍ത്താതെയാണു ജീവിക്കുന്നത്. വീട്ടില്‍ നിന്ന് ഇറക്കിവിടപ്പെട്ട അയാള്‍ വിവിധ സ്ഥലങ്ങളില്‍ മാറിമാറിയാണ് താമസിക്കുന്നത്. ഭാര്യ ജ്യോത്സനയും രണ്ടു വയസ്സുള്ള മകനും യുവതിയുടെ വീട്ടില്‍ അവരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നത്. 

ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് യുവാവിനെക്കൊണ്ട് കടുംകൈ ചെയ്യിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാഗേഷിന്റെ സഹോദരി സുനിതയുടെ ഭര്‍ത്താവ് അജയ് സിങ്ങും ജ്യോത്സനയും തമ്മില്‍ അവിഹിത ബന്ധത്തിലാണെന്നാണ് യുവാവിന്റെ വിശ്വാസം. കുറച്ചുദിവസം മുമ്പ് ജ്യോത്സനെയെ നേരിട്ടുകണ്ട നാഗേഷ് അജയ് സിങ്ങുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണമെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. അതിനുശേഷം പ്രത്യേക സംഭവങ്ങളൊന്നും ഉണ്ടാകാതിരിക്കുന്നതിനിടെയാണ് കഴിഞ്ഞ രാത്രി നഗരത്തെ ഞെട്ടിച്ച ക്രൂരമായ കൊലപാതകവും അക്രമവും അരങ്ങേറിയത്. 

ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ നാഗേഷ് ജ്യോത്സയുടെ വീട്ടിലെത്തി. നേരെ ടെറസിലേക്കാണ് അയാള്‍ കയറിയത്. അവിടെനിന്ന് മദ്യപിച്ചതിനുശേഷം അയാള്‍ ജ്യോത്സനയെ ടെറസിലേക്കു വിളിച്ചുവരുത്തി. കുറച്ചുനേരത്തെ വാഗ്വാദത്തിനുശേഷം നാഗേഷ് ജ്യോത്സനയുടെ കഴുത്തിലും വയറ്റിലും കുത്തി. ജ്യോത്സനയുടെ കഴുത്തിന്റെ മുക്കാല്‍ ഭാഗവും മുറിഞ്ഞിട്ടുണ്ട്. അവര്‍ നിലവിളിച്ചതോടെ നാഗേഷ് അവിടെനിന്ന് ഓടിരക്ഷപ്പെട്ടു. 

സഹോദരി സുനിതയും ഭര്‍ത്താവും താമസിക്കുന്ന വീട്ടിലേക്കാണ് പിന്നെ അയാള്‍ ചെന്നത്. കതകു തുറന്ന സുനിത അക്രമാസക്തനായി നില്‍ക്കുന്ന നാഗേഷിനെയാണു കണ്ടത്. കുറച്ചുനേരം പുറത്തുനടന്ന് സംസാരിക്കാമെന്ന് സുനിത ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് രണ്ടുപേരും കുറച്ചുദൂരം നടന്നെങ്കിലും 200 മീറ്റര്‍ ചെന്നപ്പോഴേക്കും ഒരു പ്രകോപനവുമില്ലാതെ യുവാവ് സുനിതയെ കുത്തിവീഴ്ത്തുകയായിരുന്നു. 

ഇവരെ പിന്തുടരുകയായിരുന്ന അജയ് രംഗം കണ്ട് നിലവിളിച്ചു. ഓടിരക്ഷപ്പെടുന്നതിനുമുമ്പ് നിങ്ങളാണ് രണ്ടു യുവതികളുടെ ദുരന്തത്തിനു കാരണം എന്ന് അജയിനോടു നാഗേഷ് പറഞ്ഞു. ജ്യോത്സനയെ ആശുപത്രിയിലാക്കാന്‍ എത്തിയപ്പോഴാണ് സുനിതയുടെ അപകടവിവരവും പൊലീസ് അറിയുന്നതും സംഭവസ്ഥലത്ത് എത്തുന്നതും. ആശുപത്രിയില്‍ വേഗം തന്നെ എത്തിച്ചെങ്കിലും അപ്പോഴേക്കും സുനിത മരിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുനിത ഇപ്പോഴും ഗുരുതര നിലയിലാണെന്നും അപകടഘട്ടം തരണം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA