ADVERTISEMENT

പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ട പൊലീസ് ആ പ്രവൃത്തിയില്‍ പരാജയപ്പെടുകയും കുറ്റങ്ങളും കുറവുകളും പൗരന്‍മാരുടെ തലയില്‍ത്തന്നെ കെട്ടിവച്ചു കൈകഴുകുകയും ചെയ്യുന്ന അനാസ്ഥയ്ക്കും ഉത്തരവാദിത്തമില്ലായ്മയ്ക്കും ഒരു ഉദാഹരണം കൂടി. ക്രൂരമായ മാനഭംഗങ്ങളും പീഡനങ്ങളും ആവര്‍ത്തിക്കുന്ന രാജ്യതലസ്ഥാനത്തുനിന്നുതന്നെയാണ് പുതിയ സംഭവം. ഓരോ പുതിയ സംഭവങ്ങളും ഡല്‍ഹിയിലെ സ്ത്രീകള്‍- അവര്‍ വിദ്യാര്‍ഥികളോ വിവാഹിതരോ ജോലി ചെയ്യുന്നവരോ-എത്രമാത്രം അരക്ഷിതത്വത്തിലാണ് ജീവിക്കുന്നതെന്നു പിന്നെയും തെളിയിച്ചുകൊണ്ടുമിരിക്കുന്നു. നിര്‍ഭയ സംഭവത്തിന്റെ അലയൊലികള്‍ അടങ്ങാത്ത തലസ്ഥാന നാഗരത്തില്‍ത്തന്നെയാണ് വീണ്ടും മാനഭംഗങ്ങളും അധികൃതരുടെ അനാസ്ഥയും ആവര്‍ത്തിക്കുന്നതെന്നാണ് വൈരുധ്യം.

ഡല്‍ഹിയെ നാണം കെടുത്തിയ ഏറ്റവും പുതിയ സംഭവത്തില്‍ ഉള്‍പ്പെട്ടത് 21 വയസ്സുകാരിയായ ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാര്‍ഥി. രണ്ടുവട്ടം ക്രൂരമായ പീഡനത്തിന് വിധേയമായെന്ന് മൊഴി നല്‍കിയിട്ടും പരാതി നല്‍കാന്‍ താമസിച്ചെന്നും മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍.

സെന്‍ട്രല്‍ ഡല്‍ഹിയില്‍ പഞ്ച്കുള റോഡില്‍ മെട്രോ സ്റ്റേഷനടുത്ത് ഒരു സുഹൃത്തിന്റെ വീട് സന്ദര്‍ശിച്ചതിനുശേഷം യൂണിവേഴ്സിറ്റിയിലേക്കു തിരിച്ചുവരുമ്പോഴാണ് വിദ്യാര്‍ഥിക്ക് ജീവിതത്തിലെ ഏറ്റവും ക്രൂരമായ സംഭവങ്ങള്‍ക്ക് വിധേയയാകേണ്ടിവന്നത്. വാടകയ്ക്ക് വിളിച്ച വാഹനത്തിന്റെ ഡ്രൈവറില്‍നിന്നാണ് ക്രൂരമായ അനുഭവം നേരിടേണ്ടിവന്നത്. വാഹനത്തില്‍വച്ചും പിന്നീട് ഹോസ് ഖാസിനുസമീപമുള്ള പാര്‍ക്കില്‍വച്ചും ഡ്രൈവര്‍ മാനഭംഗപ്പെടുത്തിയെന്നാണ് വിദ്യാര്‍ഥിയുടെ മൊഴി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവങ്ങള്‍. തിങ്കളാഴ്ച മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി ക്രിമിനല്‍ നിയമം 164 അനുസരിച്ച് മൊഴി രേഖപ്പെടുത്തിയത് തിങ്കളാഴ്ച മാത്രം. ശനിയാഴ്ച രാവിലെതന്നെ പരാതിപ്പെട്ടെന്നും പക്ഷേ വസന്ത് കുഞ്ജ് പൊലീസ് സ്റ്റേഷനിലുള്ളവര്‍ തന്റെ മൊഴി എടുക്കാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ലെന്നുമാണ് പെണ്‍കുട്ടി ആരോപിക്കുന്നത്. സര്‍വകലാശാലയിലെ മെഡിക്കല്‍ സെന്ററില്‍ പെണ്‍കുട്ടി പരാതിപ്പെടുകയും അവിടെനിന്ന് സഫ്ദര്‍ജംഗ് ആശുപത്രിയില്‍കൊണ്ടുപോയി പരിശോധനകള്‍ പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.

ക്രിമിനല്‍ നിയം 376 അനുസരിച്ച് ഞായറാഴ്ച രാവില പൊലീസ് പ്രഥമവിവര റിപോര്‍ട്ട് തയ്യാറാക്കി. വാഹനത്തെയും ഡ്രൈവറെയും കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. അന്വേഷണം ഇഴയുന്നതിനെക്കുറിച്ച് പരാതി ഉയര്‍ന്നപ്പോഴാണ് പെണ്‍കുട്ടി പരാതി നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ച് പൊലീസ് പുലിവാല്‍ പിടിച്ചത്. 

സുഹൃത്തിന്റെ വീട്ടിലെ പാര്‍ട്ടിക്കുശേഷം മന്ദിര്‍ മാര്‍ഗിനു സമീപത്തുനിന്നാണ് താന്‍ വാഹനത്തില്‍ കയറിയതെന്ന് പെണ്‍കുട്ടി പറയുന്നു. ഒരു ആണ്‍സുഹൃത്തുമുണ്ടായിരുന്നു. അയാള്‍ ലക്ഷ്യസ്ഥാനത്ത് ഇറങ്ങിയതിനുശേഷം, ഡ്രൈവര്‍ തന്നെ മയക്കുമരുന്നിന്റെ സ്പ്രേ അടിച്ച് മയക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥി സംശയിക്കുന്നത്. വിജനമായ ബസ് സ്റ്റോപ്പിലെത്തിയപ്പോള്‍ വാഹനത്തില്‍വച്ചുതന്നെ ഡ്രൈവര്‍ പീഡിപ്പിച്ചത്രേ. അതിനുശേഷം മൂന്നുമണിക്കൂറോളം പെണ്‍കുട്ടിയുമായി ഡ്രൈവര്‍ പലയിടത്തും കറങ്ങിനടന്നു. പിന്നീട് ഡല്‍ഹി ഐഐടി ക്യാംപസിന് എതിര്‍വശത്തുള്ള റോസ് പാര്‍ക്കില്‍കൊണ്ടുപോയി അവിടെവച്ചും പീഡനം ആവര്‍ത്തിച്ചു. പീഡനം നടക്കുമ്പോഴൊക്കെ മയക്കുമരുന്നിന്റെ ശക്തിയില്‍ തനിക്ക് അനങ്ങാന്‍പോലുമായില്ലെന്നാണ് പെണ്‍കുട്ടി പറയുന്നത്. പിറ്റേന്ന് രാവിലെ ഒരു വഴിയാത്രക്കാരന്‍ പെണ്‍കുട്ടി പാര്‍ക്കില്‍ കിടക്കുന്നതു കണ്ടു. അവരെ എഴുന്നേല്‍പിച്ച് സര്‍വകലാശാല ഹോസ്റ്റലില്‍ കൊണ്ടാക്കുകയും ചെയ്തു.

പീഡനസംഭവത്തിന്റെ പേരില്‍ പ്രതിരോധത്തിലായ ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് പ്രതിയെ വേഗം പിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com