ADVERTISEMENT

ഏറെ ആശിച്ചാണ് അവൾ 5–ാം വയസ്സിൽ രണ്ട് ഗുൽമോഹർ തൈകൾ നട്ടത്. തന്നോടൊപ്പം വളർന്നു വളർന്ന് അതൊരു വൻമരമായി പടർന്നു പന്തലിക്കുന്നതു കാണാൻ അവൾ ഏറെ കൊതിച്ചു. പക്ഷേ, അവൾ അഞ്ചാംക്ലാസിൽ എത്തുന്നതുവരെ മാത്രമേ ആ മരങ്ങൾക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. ആരൊക്കെയോ ചേർന്ന് തന്റെ പ്രാണനായ മരങ്ങൾ വെട്ടിവീഴ്ത്തിയ കാഴ്ച കണ്ട് ആ കൊച്ചു പെൺകുട്ടി വിതുമ്പിക്കരഞ്ഞു.

മണിപ്പൂർ സ്വദേശിയായ പെൺകുട്ടിയുടെ പേര് വാലന്റിന എലാങ്ബാം. 9 വയസ്സുകാരിയായ ആ പെൺകുട്ടി ഇപ്പോൾ വാർത്തകളിൽ നിറയാൻ കാരണം അവൾക്കു കിട്ടിയ അംഗീകാരമാണ്. മുഖ്യമന്ത്രിയുടെ ഗ്രീൻ മണിപ്പൂർ വിഷന്റെ ബ്രാൻഡ് അംബാസിഡറാണ് അവളിപ്പോൾ. ആ കഥയിങ്ങനെ :-

കായ്ക്കിങ് ജില്ലയിലെ വാലന്റിന എന്ന അഞ്ചാംക്ലാസ് വിദ്യാർഥിനി അവൾ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് വീടിനു സമീപമുള്ള നദിക്കരയിൽ രണ്ട് ഗുൽമോഹർ തൈകൾ നട്ടത്. നദീതീരം വൃത്തിയാക്കാൻ വന്നവരിലാരോ തന്റെ പ്രിയപ്പെട്ട മരങ്ങളെ വെട്ടിവീഴ്ത്തിയ കാഴ്ച ആ കൊച്ചുപെൺകുട്ടിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ആ കാഴ്ച കണ്ട് ഹൃദയവേദനയോടെ അവൾ പൊട്ടിക്കരഞ്ഞു.

താൻ നട്ടുവളർത്തിയ മരങ്ങൾ നഷ്ടപ്പെട്ടതിനെക്കുറിച്ച് കരഞ്ഞുകൊണ്ട് ആ പെൺകുട്ടി പറയുന്നതിങ്ങനെ :- '' ഒരുപാടിഷ്ടത്തോടെയാണ് ഞാൻ മരത്തൈകൾ നട്ടത്. ആരോ അത് വെട്ടിവീഴ്ത്തി ആ കാഴ്ച എന്നെ ഏറെ വേദനിപ്പിക്കുന്നുണ്ട്''. ഏങ്ങലടിച്ചുകൊണ്ട് തന്റെ സങ്കടം പറയുന്ന ആ കൊച്ചുപെൺകുട്ടിയുടെ വിഡിയോ അവളുടെ അമ്മാവൻ പകർത്തുകയും അത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.  വെട്ടിമാറ്റപ്പെട്ട മരങ്ങൾക്കു വേണ്ടി കരയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആണ് പെൺകുട്ടിയെ ഗ്രീൻ മണിപ്പൂർ വിഷന്റെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു കൊണ്ട് ട്വീറ്റ് ചെയ്തു.

തന്റെ മകൾക്ക് ഗവൺമെന്റിൽ നിന്നും ആദരം ലഭിച്ചപ്പോൾ ആ സന്തോഷം മറച്ചുവയ്ക്കാൻ വാലന്റിനയുടെ അമ്മ ഷയയ്ക്കാകുന്നില്ല. ഏറെ സന്തോഷത്തോടെ അവർ മകളെക്കുറിച്ച് പറഞ്ഞതിങ്ങനെ :-

'' എന്റെ മകൾക്ക് ഇത്തരമൊരു ബഹുമതി നൽകിയ സർക്കാരിനോട് ഞങ്ങൾക്കെന്നും കടപ്പാടുണ്ടാകും. ഒരമ്മ എന്ന നിലയിൽ മകളെക്കുറിച്ചോർക്കുമ്പോൾ എനിക്കേറെ അഭിമാനമുണ്ട്. എന്റെ കുഞ്ഞിന്റെ പാഷൻ ഇത്രത്തോളം തീവ്രമാണെന്ന് ഞാൻ ഇതുവരെ തിരിച്ചറിഞ്ഞിരുന്നില്ല. മുന്നോട്ട് അവൾ ചെയ്യുന്ന എല്ലാ നല്ലകാര്യങ്ങൾക്കും തീർച്ചയായും കുടുംബത്തിന്റെ പിന്തുണയുണ്ടായിരിക്കും.''

ലോക പരിസ്ഥിതി ദിനം, വനമഹോത്സവം തുടങ്ങി പരിപാടികളിലും ഗവൺമെന്റ് സ്പോൺസേഡ് ട്രീ പ്ലാന്റേഷൻ പരിപാടികളിലും വാലന്റീനയ്ക്ക് പങ്കെടുക്കേണ്ടി വരും. സർക്കാർ പരസ്യങ്ങളിലും ക്യാംപെയിനുകളിലും വാലന്റീന ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com