ADVERTISEMENT

ന്യൂഡല്‍ഹി• ഡല്‍ഹിയിലെ ഒരു സ്കൂളില്‍ അഞ്ചുവയസ്സുകാരിയെ ശുചീകരണ ജീവനക്കാരന്‍ മാനഭംഗപ്പെടുത്തിയെന്ന വിവരം പുറത്തുവന്നതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സൗത്ത് ഡല്‍ഹിയിലെ ഒരു സ്കൂളില്‍നിന്നാണ് സംഭവം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. പല ദിവസങ്ങളിലായാണ് അഞ്ചുവയസ്സുകാരിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. ഈ സംഭവം പുറത്തുന്നതോടെ മറ്റു മൂന്നു കുട്ടികളുടെ മാതാപിതാക്കളും സമാന പരാതിയുമായി രംഗത്തെത്തി. 

പരാതികളെത്തുടര്‍ന്ന് 2008 മുതല്‍ സ്കൂളില്‍ ജോലി ചെയ്യുന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്നും സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും കൗണ്‍സലിങ് നടത്താന്‍ സന്നദ്ധ സംഘടനയുടെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ ജീവനക്കാരനെതിരെ കഴിഞ്ഞ 10 വര്‍ഷത്തനിടെ എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടെയെന്ന് സ്കൂള്‍ അധികൃതരോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. പെണ്‍കുട്ടികളുടെ ശുചിമുറി വൃത്തിയാക്കാന്‍ പുരുഷ ജീവനക്കാരനെ നിയോഗിച്ചതിന്റെ കാരണം വ്യക്തമാക്കാനും പൊലീസ് സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടു. 

trivandrum-child-abuse

വയറ്റിലെ വേദനയെക്കുറിച്ച് കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നതും മാനഭംഗ വിവരം പുറത്തുവന്നതും. അമ്മ നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ടെത്തി. ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി മാനഭംഗത്തിന് വിധേയയായിട്ടുണ്ടെന്ന വിവരം വെളിച്ചത്തുവന്നത്. കുട്ടികളോട് ഒരു സന്നദ്ധസംഘനടയുടെ അധികൃതര്‍ സംസാരിച്ചപ്പോഴാണ് കൂടുതല്‍ പീഡന വിവരങ്ങള്‍ പുറത്തുവന്നതും. ശുചിമുറിയിലേക്കും മറ്റ് ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കും ജീവനക്കാരന്‍ കുട്ടികളെ ആകര്‍ഷിച്ചുകൊണ്ടുപോകുമായിരുന്നെന്ന് പല കുട്ടികളും വെളിപ്പെടുത്തി. 

45 വയസ്സുള്ള ശുചീകരണ ജീവനക്കാരന്‍ വിവാഹിതനും മൂന്നു പെണ്‍കുട്ടികളുടെയും ഒരു ആണ്‍കുട്ടിയുടെയും പിതാവുമാണ്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് അഞ്ചിന് സ്കൂളില്‍നിന്നുള്ള ഒരു ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വാട്ടര്‍ കൂളര്‍ ഓഫ് ചെയ്യാന്‍ ജീവനക്കാരന്‍ പെണ്‍കുട്ടികളുടെ ശുചിമുറിയിലേക്കു കയറിപ്പോകുന്നത് ദൃശ്യത്തിലുണ്ട്. കുറച്ചു നിമിഷങ്ങള്‍ക്കുശേഷം പെണ്‍കുട്ടിയും ശുചിമുറിയിലേക്കു പോകുന്നു. വാട്ടര്‍ കൂളറിന്റെ സ്വിച്ച് പെണ്‍കുട്ടികളുടെ ശുചിമുറിയോടു ചേര്‍ന്നാണ് ഫിറ്റ് ചെയ്തിരുന്നത്. 

അറസ്റ്റിലായ ജീവനക്കാരനെതിരെ മുമ്പ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ വിശദീകരിക്കുന്നത്. പരാതി ലഭിച്ചയുടന്‍ ജീവനക്കാരനെ പൊലീസിനു കൈമാറിയെന്നും അവര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com