ADVERTISEMENT

മുംബൈ• രാജ്യത്തെ ആദ്യത്തെ വനിതാ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്) പദവിയില്‍ എത്തി ചരിത്രം സൃഷ്ടിച്ച കാഞ്ചന്‍ ചൗധരി ഭട്ടാചാര്യയ്ക്കു വിട. വിവിധ രോഗങ്ങളെത്തുടര്‍ന്ന് ആറു മാസമായി ചികില്‍സയിലായിരുന്ന കാഞ്ചരി ചൗധരി 72-ാം വയസ്സില്‍ മുംബൈയില്‍വച്ചാണ് നിര്യാതയായത്. 

ഹിമാചല്‍ പ്രദേശില്‍ ജനിച്ച കാഞ്ചന്‍ ചൗധരി രാജ്യത്ത് ഐപിഎസ് ലഭിക്കുന്ന രണ്ടാമത്തെ വനിതയാണ്. കിരണ്‍ ബേദിയാണ് ആദ്യത്തെ ഐപിഎസുകാരി. 1973 ബാച്ചുകാരിയായ കാഞ്ചന്‍ ഉത്തരാഖണ്ഡില്‍ 2004-ലാണ് ഡിജിപിയായി ചുമതലയേറ്റത്. 2007 ഒക്ടോബര്‍ 31 ന് വിരമിക്കുകയും ചെയ്തു. സര്‍വീസില്‍നിന്നു വിരമിച്ചതിനുശേഷം 2014 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച്, ആം ആദ്മി ടിക്കറ്റില്‍ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും വിജയിക്കാനായില്ല. 

മൂന്നുപതിറ്റാണ്ടിലേറെ നീണ്ട സര്‍വീസ് കാലത്ത് സിഐഎസ്എഫിലും കാഞ്ചന്‍ ഐജി പദവിയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനത്തിന് രാജീവ് ഗാന്ധി പുരസ്കാരം നേടിയ അവര്‍ 2004 ല്‍ മെക്സിക്കോയില്‍ നടന്ന ഇന്റര്‍പോള്‍ സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. 

ദൂരദര്‍ശനിലെ ഉഡാന്‍ സിരീസില്‍ അഭിനിയിച്ചിട്ടുമുണ്ട് കാഞ്ചന്‍. സഹോദരി കവിതയായിരുന്നു ഉഡാന്‍ സംവിധാനം ചെയ്തത്.പൊലീസ് മേധാവിയായിരുന്ന കാലത്ത് എല്ലാ ഉദ്യോഗസ്ഥര്‍ക്കും മതിയായ സ്വാതന്ത്ര്യം അനുവദിച്ചിരുന്ന, നല്ല മനസ്സിന്റെ ഉടമയായിരുന്നു കാഞ്ചനെന്ന് ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ അനുസ്മരിച്ചു. ഇന്നു വൈകിട്ട് പൂര്‍ണ ദേശീയ-സംസ്ഥാന ബഹുമതികളോടെ മുംബൈയിലായിരിക്കും കാഞ്ചന്റെ അന്ത്യകര്‍മങ്ങള്‍ നടക്കുക. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം കാഞ്ചന്‍ മുംബൈയിലായിരുന്നു ദീര്‍ഘനാളായി താമസിച്ചിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com