ADVERTISEMENT

കളിച്ചു ജയിച്ചതുകൊണ്ടുമാത്രം ലോകകപ്പ് ഫുട്ബോളില്‍ യോഗ്യത ഉറപ്പില്ലാത്ത രാജ്യമാണ് ഇറാന്‍; ഫിഫ നിര്‍ദേശങ്ങളും പാലിച്ചിരിക്കണം. കര്‍ശനമായി പാലിക്കാന്‍ ഇറാനു കൊടുത്തിരിക്കുന്ന നിര്‍ദേശമാകട്ടെ, യോഗ്യതാ മല്‍സരം നടക്കുന്ന സ്റ്റേഡിയത്തിലെ സ്ത്രീകളുടെ സാന്നിധ്യം. വനിതകള്‍ക്കു നേരെ വാതില്‍ കൊട്ടിയടച്ചുകൊണ്ടു മല്‍സരം നടത്തിയാല്‍ വിജയിച്ചാലും യോഗ്യത ഉറപ്പില്ലെന്നു സാരം. ഫിഫയുടെ കര്‍ശന നിര്‍ദേശത്തെത്തുടര്‍ന്ന് ഇന്‍റർനാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ഫെഡറേഷനായ ഫിഫയുടെ അന്ത്യശാസനം പാലിക്കാന്‍ തന്നെ ഇറാന്‍ തീരുമാനിച്ചിരിക്കുന്നു . 

യോഗ്യതാ മല്‍സരം കാണാന്‍ സ്ത്രീകള്‍ക്കും സ്റ്റേഡിയത്തില്‍ പ്രവേശനമുണ്ടെന്നും ഇറാന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നു. ഇറാന്‍ കായികമന്ത്രാലയമാണ് ഇക്കാര്യം കഴിഞ്ഞദിവസം അറിയിച്ചത്. വനിതകളുടെ സ്റ്റേഡിയം പ്രവേശനകാര്യത്തില്‍ അന്തിമതീരുമാനം പ്രഖ്യാപിക്കാന്‍ ശനിയാഴ്ച വരെയുള്ള സമയമായിരുന്നു ഫിഫ നല്‍കിയിരുന്നത്. അതിനുമുമ്പു തന്നെ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് രംഗത്തുവന്നിരിക്കുകയാണ് ഇറാന്‍. 

ടെഹ്റാനിലെ ആസാദി സ്റ്റേഡിയത്തിലാണ് ഇറാന്റെ യോഗ്യതാ മല്‍സരം നടക്കാന്‍ പോകുന്നത്. ഒക്ടോബര്‍ 10 ന്. ടീം മെല്ലി എന്നാണ് ദേശീയ ടീമിനെ ഇറാന്‍കാര്‍ വിശേഷിപ്പിക്കുന്നത്. ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പ്രവേശനം നേടാന്‍ അന്ന് ഇറാന്‍ ദേശീയ ടീമും കംബോഡിയയും തമ്മില്‍ ഏറ്റുമുട്ടും. 

സ്ത്രീകള്‍ക്കു സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് നിയമപരമായി ഒരു വിലക്കുമില്ലെന്ന് കായികമന്ത്രാലയം അറിയിച്ചു. അടിസ്ഥാസൗകര്യങ്ങളുടെ കാര്യത്തില്‍ മാത്രമാണ് അപര്യാപ്തത. ഇതു പരിഹരിക്കാന്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുകയാണെന്നും മല്‍സരത്തീയതിക്കുമുമ്പ് എല്ലാ സൗകര്യങ്ങളും സജ്ജമാക്കുമെന്നും ഇറാന്‍ അധികൃതര്‍ അറിയിക്കുന്നു. ചുരുക്കത്തില്‍ ഇറാന്‍ യോഗ്യത നേടുമോ ഇല്ലയോ എന്ന കാര്യം ദേശീയ ഫുട്ബോള്‍ ടീം മാത്രമല്ല തീരുമാനിക്കാന്‍പോകുന്നത്, ഇറാനിലെ സ്ത്രീകള്‍ കൂടിയാണ്. അവരുടെ കയ്യിലാണ് ഇനിയെല്ലാം. അവരുടെ സാന്നിധ്യമാണ് പ്രധാനം. കാത്തിരിക്കാം ഒക്ടോബര്‍ 10 ന്റെ ചരിതപ്രധാന മല്‍സരത്തിനുവേണ്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com