ADVERTISEMENT

ഭൂമിയും ആകാശവും കീഴടക്കിയ വനിതകള്‍ ഇനി ഭൂമിക്കടിയിലേക്കും. ഖനികളിലെ ജോലികള്‍ക്ക് കൂടി സ്ത്രീകളെ നിയോഗിച്ചതോടെയാണ് ഭൂമിക്കടിയിലേക്കും സ്ത്രീപ്പെരുമ എത്തുന്നത്. ടാറ്റ സ്റ്റീലാണ് ഖനികളിലേക്ക് വനിതകളെ നിയോഗിച്ചുകൊണ്ട് പുതിയ ചരിത്രം എഴുതുന്നത്. ജാര്‍ഖണ്ഡിലെ നോമുണ്ടി ഖനിയില്‍ എല്ലാ ഷിഫ്റ്റിലും വനിതാ എന്‍ജീനീയര്‍മാരെ നിയമിച്ച വാര്‍ത്ത ടാറ്റ സ്റ്റീല്‍ അധികൃതര്‍ തന്നെയാണ് പുറത്തുവിട്ടത്. മൈനിങ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, മിനറല്‍ പ്രോസസിങ് തുടങ്ങിയ മേഖലകളിലേക്ക് 10 വനിതാ ഓഫിസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്. 

ഖനികളില്‍ എല്ലാ ഷിഫ്റ്റിലും വനിതകളെ നിയോഗിച്ച ആദ്യത്തെ സ്ഥാപനമാണ് ടാറ്റ സ്റ്റീലെന്നും സെപ്റ്റംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തിലായെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. നേരത്തെ, ഏപ്രില്‍ 1 മുതല്‍ ജംഷഡ്പൂര്‍ പ്ലാന്റിലെ ഷോപ്പില്‍ രണ്ടു ഷിഫ്റ്റുകളില്‍ ടാറ്റ സ്റ്റീല്‍ വനിതകളെ നിയമിച്ചിരുന്നു. രാവിലെ 6 മുതല്‍ രാത്രി 10 വരെ മാത്രം നീളുന്ന ഷിഫ്റ്റുകളിലായിരുന്നു ഈ നിയമനങ്ങള്‍. 52 വനിതകളെയാണ് ഇത്തരത്തില്‍ കമ്പനി നിയോഗിച്ചതും. 2025 ആകുന്നതോടെ ടാറ്റ സ്റ്റീലിന്റെ എല്ലാ മേഖലകളിലും 20 ശതമാനം സ്ത്രീ പങ്കാളിത്തം എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത നയം. ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പായാണ് വിമന്‍ അറ്റ് മൈന്‍സ് എന്ന പ്രചാരണ പരിപാടി ഏറ്റെടുത്തിരിക്കുന്നത്. 

വിവേചനമില്ലാതെ സ്ത്രീ-പുരുഷന്‍മാരെ അംഗീകരിക്കുകയും അവരുടെ വ്യക്തിത്വത്തെ ആദരിക്കുകയുമാണ് പുതിയ നീക്കത്തിലൂടെ ടാറ്റ സ്റ്റീല്‍ നടത്തുന്നതെന്ന് കമ്പനിയുടെ റോ മെറ്റീരിയല്‍സ് വൈസ് പ്രസിഡന്റ് അരുണ്‍ മിശ്ര വ്യക്തമാക്കി. എല്ലാ മേഖലകളിലും സ്ത്രീകള്‍ എത്തുന്നതോടെ അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കാനുള്ള തീവ്രയത്ന പരിപാടിയും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖനികളില്‍ പാലിക്കേണ്ട എല്ലാ സുരക്ഷാ നിര്‍ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. 

തങ്ങള്‍ ഖനികളില്‍ ജോലി ചെയ്യാന്‍ പൂര്‍ണമനസ്സോടെ സമ്മതിക്കുന്നു എന്ന രേഖ ഓരോ സ്ത്രീത്തൊഴിലാളിയില്‍നിന്നും ഒപ്പിട്ടുവാങ്ങിയിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. സ്ത്രീകള്‍ക്കു വേണ്ടി സാനിറ്ററി വെന്‍ഡിങ് മെഷീന്‍, കന്റീന്‍ സൗകര്യം, വിശ്രമമുറികള്‍, ഓരോ ഷിഫ്റ്റിലും മൂന്നുപേരില്‍ കുറയാതെ സ്ത്രീകളുടെ എണ്ണം ഉറപ്പാക്കുക, സ്ത്രീ സുരക്ഷാ ജീവനക്കാര്‍ എന്നിവയെല്ലാം ഉറപ്പാക്കിയിട്ടുമുണ്ട്. കൂടാതെ സിസിടിവി ക്യാമറകളും സജ്ജീകരിച്ചാണ് സ്ത്രീ സുരക്ഷ ഉറപ്പുവരുത്തിയിരിക്കുന്നതെന്നും ടാറ്റ സ്റ്റീല്‍ അധികൃതര്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com