ADVERTISEMENT

തിരുവനന്തപുരം• സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ മുലയൂട്ടല്‍ കേന്ദ്രം സജ്ജീകരിച്ച് റെയില്‍വേ. ചൊവ്വാഴ്ചയാണ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ബ്രെസ്റ്റ് ഫീഡിങ് പോഡ് തുറന്നത്. കേരള സ്റ്റാര്‍ട്ടപ് മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ഇതോടെ, മാതൃ-ശിശു സൗഹൃദ  സ്റ്റേഷനായി മാറിയിരിക്കുകാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. 

കുട്ടികളെ സംബന്ധിച്ചിടത്തോളം അമൂല്യമാണു മുലപ്പാല്‍. നവജാതശിശുക്കള്‍ക്കും മറ്റും മുലപ്പാല്‍ കൊടുക്കാന്‍ സ്വകാര്യമായ കേന്ദ്രങ്ങളില്ലെന്നത് ട്രെയിനുകളില്‍ യാത്ര ചെയ്യുകയും സെന്‍ട്രല്‍ സ്റ്റേഷനില്‍ വന്നിറങ്ങുകയും ചെയ്യുന്ന യാത്രക്കാരെ ബുദ്ധിമുട്ടിച്ചിരുന്ന പ്രശ്നമാണ്. ആയിരക്കണക്കിനു യാത്രക്കാരാണ് ഓരോ ദിവസവും സെന്‍ട്രല്‍ സ്റ്റേഷന്‍ വഴി കടന്നുപോകുന്നത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലൊന്ന്. ഇവിടെ മുലയൂട്ടല്‍ കേന്ദ്രം സജ്ജീകരിക്കുന്നത് അമ്മാര്‍ക്കും നവജാതശിശുക്കള്‍ക്കും ഏറെ പ്രയോജനപ്രദമായ നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. 

feeding-room-01
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ബ്രസ്റ്റ് ഫീഡിങ് പോഡ്
breast-feedinng-pod-main-image-01
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ ബ്രസ്റ്റ് ഫീഡിങ് പോഡ്
breastfeeding-pod-at-trivandrum-central-railway-station,-02

കേരളത്തിലെ തിരക്കേറിയ പൊതുഇടങ്ങളില്‍ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ബാക്കിയെല്ലായിടത്തും താല്‍ക്കാലിക മറകള്‍ സൃഷ്ടിച്ചും മറ്റുമാണ് അമ്മമാര്‍ കുട്ടികളെ മുലയൂട്ടുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്റെ മികച്ച മാതൃക മറ്റു ബസ്, റെയില്‍വേ സ്റ്റേഷനുകളും അനുകരിച്ചാല്‍ അതു കേരളത്തിന്റെ വനിതാ-ശിശു സൗഹൃദ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി മാറും. 

കൊച്ചി മെട്രോയുടെ നാലു സ്റ്റേഷനുകളില്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ മുലയൂട്ടല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. ഇന്ത്യയില്‍ത്തന്നെ ഒരു മെട്രോയില്‍ ഇതു നടപ്പാക്കുന്ന ആദ്യത്തെ സ്ഥലമാണ് കൊച്ചി. ഒന്നരലക്ഷത്തോളും രൂപയാണ് ഓരോ ബ്രെസ്റ്റ് ഫീഡിങ് പോഡിന്റെയും ചെലവ്. ആവശ്യത്തിനു വെളിച്ചവും ഫാനും സൗകര്യപ്രദമായി ഇരിക്കാനുള്ള സൗകര്യവും ഓരോ പോഡിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളുടെയും സ്വകാര്യ ആശുപത്രികളുടെയും സഹകരണത്തോടെയാണ് പോഡുകള്‍ സ്ഥാപിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com