sections
MORE

ട്രംപ് വിരുദ്ധ പരാമർശത്തിന് ചിരിച്ചില്ലെന്ന് ആണയിട്ട് കമല; സത്യം വെളിപ്പെടുത്തി ദൃശ്യങ്ങൾ

USA-FACEBOOK/
SHARE

ആ നിമിഷത്തെക്കുറിച്ചോർത്ത് ചിരിക്കണോ കരയണോ എന്ന ആശങ്കയിലാണ് അമേരിക്കയിലെ ഇന്ത്യൻ വംശജയായ ആദ്യത്തെ സെനറ്റർ കമല ഹാരിസ്. പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയുണ്ടായ സംഭവം തന്റെ രാഷ്ട്രീയഭാവിക്ക് തിരിച്ചടിയായേക്കുമെന്ന ഭീതിയിൽ‌ ഒടുവിലവർ ആ ചിരി തന്നെ നിഷേധിച്ചു. താൻ ഒന്നും കേട്ടിട്ടില്ലെന്നും ഉറപ്പിച്ചുപറയുന്നു. പക്ഷേ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ എല്ലാം വ്യക്തം. എങ്കിലും മാപ്പു പറഞ്ഞ് തടിയൂരുകയാണ് കമല. 

കമല പങ്കെടുത്ത ഒരു പ്രചാരണപരിപാടിയിലെ ട്രംപ് വിരുദ്ധ പരാമർശമാണ് വിവാദമായിരിക്കുന്നതും ഇന്ത്യൻ വംശജയായ സെനറ്ററെ കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നതും. കലിഫോർ‌ണിയയിൽനിന്നുള്ള 54 വയസ്സുകാരിയായ സെനറ്റർ വെള്ളിയാഴ്ചയാണ് കുഴപ്പത്തിൽ ചാടിയത്. ന്യൂ ഹാംപ്ഷെയറിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദസംഭവങ്ങൾ. സദസ്സിലെ ഒരാളുടെ ചോദ്യത്തിലാണ് സംഭവങ്ങളുടെ തുടക്കം. തെക്കേ ഇന്ത്യയിലെ ചെന്നൈയിൽനിന്നുള്ളയാളാണെന്നാണ് അയാൾ പരിചയപ്പെടുത്തിയത്. കമലയുടെ അമ്മയുടെ നാടും ചെന്നൈ തന്നെ. 

വലിയൊരു സ്വപ്നത്തെ പിന്തുടർന്നാണ് താൻ അമേരിക്കയിലെത്തിയതെന്ന് ചെന്നൈ സ്വദേശി പറയുന്നു. അമേരിക്കൻ സ്വപ്നം. അമേരിക്കക്കാരനായാണ് ജീവിക്കുന്നത്. അമേരിക്കയെ മനസ്സിൽ താലോലിച്ചും സ്നേഹിച്ചും.ഒടുവിൽ വംശീയവിദ്വേഷം പുലർത്തുന്ന ഒരാൾ വൈറ്റ് ഹൗസിൽ എത്തിയതോടെ സ്വപ്നം പൊലിഞ്ഞു. നിങ്ങൾ എന്റെ അതേ നിറമല്ലെങ്കിൽ ഈ രാജ്യം തന്നെ വിട്ടുപോകൂ എന്നാണ് വംശീയവിദ്വേഷം ഉള്ളിൽ പുലർത്തുന്നയാൾ പറയുന്നത്. ഇപ്പോൾ എനിക്ക് ഈ രാജ്യത്തെ പേടിയാണ്. എന്റെ സ്വന്തമെന്നു ഞാൻ കരുതിയ അമേരിക്കയെ. വെളുത്ത വർഗക്കാരല്ലാത്ത എല്ലാവരെക്കുറിച്ചും എനിക്കു പേടി തോന്നുന്നു. 

ഇത്രയും പറ​ഞ്ഞിട്ട് അദ്ദേഹം ഒരു ചോദ്യം ഉന്നയിച്ചു. മാനസിക ദൗർബല്യം ബാധിച്ച വൈറ്റ് ഹൗസിലെ മനുഷ്യന്റെ ഭ്രാന്തമായ പദ്ധതികളുടെ പരിണതഫലം കുറയ്ക്കാൻ അടുത്ത വർഷത്തിനകം എന്തു ചെയ്യുമെന്നായിരുന്നു കമലയോടുള്ള ചോദ്യം. ട്രംപിനെ ഉദ്ദേശിച്ചായിരുന്നു ചോദ്യമെന്നു വ്യക്തം. ചോദ്യം കേട്ട് ആൾക്കൂട്ടം ആർപ്പുവിളിക്കുകയും ആവേശമുദ്രാവാക്യം വിളിക്കുകയും ചെയ്തു. കമലയും ചിരിച്ചു. താങ്കൾ വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു എന്ന് അഭിനന്ദിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അതിനുശേഷം ബാക്കി നടപടികളുണ്ടാകുമെന്നും അവർ പറയുകയും ചെയ്തു. 

സംഭവത്തിന്റെ വിഡിയോ പ്രചാരത്തിലായതോടെയാണ് കമല താൻ ചിരിച്ചതായി ഓർക്കുന്നില്ലെന്നും പ്രത്യേകിച്ചൊന്നും താൻ കേട്ടിട്ടില്ലെന്നു പറഞ്ഞും സംഭവത്തിൽനിന്ന് തലയൂരാൻ ശ്രമിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA